കാഴ്ചയില്‍ ചെറുതായിരിക്കും, പക്ഷെ ആള് ചില്ലറക്കാരനല്ല; ടാറ്റയ്ക്ക് വീണ്ടും നേട്ടം സമ്മാനിച്ച് പഞ്ച്

Image: Tata Motors
Image: Tata Motors

ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹന നിരയിലെ ഏറ്റവും ചെറിയ വാഹനമാണ് പഞ്ച് എന്ന മൈക്രോ എസ്‌യുവി. എന്നാല്‍, സമീപ കാലത്തെ വില്‍പ്പനയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ടാറ്റ മോട്ടോഴ്‌സിലേക്ക് ഏറ്റവും ഉയര്‍ന്ന നേട്ടങ്ങള്‍ എത്തിയത് ഈ കുഞ്ഞന്‍ വാഹനത്തിലൂടെയാണ്. ഇന്ത്യയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ മാരുതി സുസുക്കിയുടെ കുത്തകയെ പോലും വെല്ലുവിളിച്ച പഞ്ച് എന്ന വാഹനം ടാറ്റ മോട്ടോഴ്‌സിന് മറ്റൊരു റെക്കോഡ് കൂടി സമ്മാനിച്ചിരിക്കുകയാണ്. 

2021 ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച പഞ്ച് എന്ന മൈക്രോ എസ്‌യുവി വില്‍പ്പന ആരംഭിച്ച് 45 മാസത്തിനുള്ളില്‍ ആറ് ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതോടെ ഏറ്റവും കുറഞ്ഞ കാലയളവില്‍ ആറ് ലക്ഷം യൂണിറ്റ് വിറ്റഴിക്കുന്ന ആദ്യ എസ്‌യുവി എന്ന ഖ്യാതിയും ടാറ്റ പഞ്ചിന് ലഭിച്ചു. ആദ്യമായി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന ആളുകളുടെ ആദ്യ ചോയിസായി മാറാന്‍ ടാറ്റ മോട്ടോഴ്‌സിന് സാധിച്ചത് കൊണ്ടാണ് ഈ നേട്ടം അതിവേഗത്തില്‍ സാധ്യമായതെന്നാണ് ടാറ്റ മോട്ടോഴ്‌സ് അഭിപ്രായപ്പെടുന്നത്. 

2021 ഒക്ടോബറില്‍ വിപണിയില്‍ എത്തിയ പഞ്ച്, 2022 ഓഗസ്റ്റ് മാസത്തോടെ ഒരുലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയിരുന്നു. 2023 മെയ് മാസത്തില്‍ ഇത് രണ്ടുലക്ഷമായി ഉയര്‍ത്തിയിരുന്നു. ഏഴ് മാസത്തിനിപ്പുറം ഡിസംബറില്‍ മൂന്നുലക്ഷം യൂണിറ്റിന്റെ വില്‍പ്പനയും പൂര്‍ത്തിയാക്കാനായി. 2025 ജൂലായിയില്‍ നാലുക്ഷം യൂണിറ്റിലെത്തിയ വില്‍പ്പന 2025-ല്‍ മാത്രം രണ്ടുലക്ഷം യൂണിറ്റിന്റെ കൂടി വില്‍പ്പന കൈവരിച്ചു. ജൂലായിയിലെ വില്‍പ്പന കൂടി പരിഗണിച്ചാണ് ആറുലക്ഷം എന്ന നമ്പറില്‍ എത്തിയത്. 

ടാറ്റ മോട്ടോഴ്‌സിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് കമ്പനിയുടെ മൊത്ത വില്‍പ്പനയുടെ 36 ശതമാനവും പഞ്ച് എന്ന മോഡലിന്റെ സംഭാവനയാണ്. 2024-ലാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനമെന്ന അംഗീകാരം പഞ്ച് എസ്‌യുവിയെ തേടി എത്തുന്നത്. പഞ്ചിന്റെ ഐസ് എന്‍ജിന്‍ മോഡല്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ 70 ശതമാനവും ആദ്യമായി കാര്‍ സ്വന്തമാക്കുന്നവരായിരുന്നുവെന്നും പഞ്ച് ഇലക്ട്രിക്കിന്റെ 25 ശതമാനം ഉപയോക്താക്കളും സ്ത്രീകളാണെന്നുമാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. 

ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിനൊപ്പം (ഐസ്) ഇലക്ട്രിക് കരുത്തിലും പഞ്ച് വിപണിയില്‍ എത്തുന്നുണ്ട്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിന്റെ റെഗുലര്‍ മോഡലിലുള്ളത്. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷനും ഇതിലുണ്ട്. 75.94 ബി.എച്ച്.പി. പവറും 97 എന്‍.എം. ടോര്‍ക്കുമാണ് പഞ്ചിന്റെ സി.എന്‍.ജി. മോഡല്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. സി.എന്‍.ജി. മോഡലിനൊപ്പം മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. 

പഞ്ച് ഇലക്ട്രിക് മോഡല്‍ ലൈനപ്പില്‍ ലോങ്ങ് റേഞ്ച് മോഡലില്‍ 122 എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും മീഡിയം റേഞ്ച് മോഡലില്‍ 81 എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് നല്‍കിയിരിക്കുന്നത്. 35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡല്‍ ഒറ്റത്തവണ ചാര്‍ജില്‍ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് 315 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പാക്കുന്നത്.

Content Highlights: Tata Motors` micro SUV, Punch- achieves 600,000 sales in just 45 months