10 ലക്ഷം രൂപയിൽ താഴെ വിലയിൽ പനോരമിക് സൺറൂഫുള്ള ഒരേയൊരു SUV; ഞെട്ടിച്ച് നെക്‌സോൺ മാജിക്

#Auto Desk
ടാറ്റ നെക്‌സോണിന്റെ പുതിയ വേരിയന്റ് | Photo: Tata Motors
ടാറ്റ നെക്‌സോണിന്റെ പുതിയ വേരിയന്റ് | Photo: Tata Motors

കാറുകളിൽ സൺറൂഫ് ഫാഷൻ പോലെയായിരിക്കുന്നു. ഫീച്ചറുകളുടെ ലിസ്റ്റ് പൂർത്തിയാകണമെങ്കിൽ സൺറൂഫ് നിർബന്ധമാണെന്നതാണ് നിലവിലെ കീഴ്‌വഴക്കം. താഴ്ന്ന വേരിയന്റുകളിൽ സൺറൂഫ് നൽകാൻ പൊതുവെ നിർമാതാക്കൾക്ക് താത്പര്യമില്ലാത്ത കാര്യമാണ്. എന്നാൽ, ഈ കീഴ്‌വഴക്കത്തിന് അപവാദമായിരിക്കുകയാണ് ഇന്ത്യയിലെ ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.

ടാറ്റയുടെ വാഹനനിരയിലെ കോംപാക്ട് എസ്‌യുവിയും ടോപ്പ് സെല്ലിങ് വാഹനവുമായി നെക്‌സോണിന്റെ താഴ്ന്ന വേരിയന്റിലാണ് സൺറൂഫ് സ്ഥാനം പിടിച്ചിരിക്കുന്നത്. സാധാരണ സിംഗിൾ പാൻ സൺറൂഫിന് പകരം പനോരമിക് സൺറൂഫ് തന്നെയാണ് നെക്‌സോൺ പ്യൂവർ പ്ലസ് പിഎസ് വേരിയന്റിൽ ടാറ്റ മോട്ടോഴ്‌സ് നൽകിയിരിക്കുന്നത്. 9.59 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള വാഹനത്തിൽ പനോരമിക് സൺറൂഫ് നൽകുന്ന ഏക എസ്‌യുവിയാണ് നെക്‌സോൺ.

വോയിസ് അസിസ്റ്റൻസ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന സൺറൂഫാണ് ഇതിലെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഉപയോക്താക്കൾ കാറുകൾ തിരഞ്ഞെടുത്തുന്നതിൽ സൺറൂഫ് എന്നത് സുപ്രധാന മാനദണ്ഡമായി മാറിയതോടെയാണ് ടാറ്റയുടെ ഈ നീക്കം. സൺറൂഫ് ഉൾപ്പെടെയുള്ള പുതിയ വേരിയന്റിന്റെ വരവ് നെക്‌സോൺ നിരയെ കൂടുതൽ കരുത്തുറ്റതാക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

സൺറൂഫ് എന്ന ഫീച്ചർ കൂട്ടിച്ചേർത്തത് ഒഴിച്ചുനിർത്തിയാൽ വേറെ മാറ്റങ്ങളൊന്നും മെക്കാനിക്കലായും ഫീച്ചറിലും ഡിസൈനിലും വരുത്തിയിട്ടില്ല. പെട്രോൾ, ഡീസൽ, സിഎൻജി പവർട്രെയിനുകളിൽ നെക്‌സോൺ പ്യൂവർ പ്ലസ് പിഎസ് വേരിയന്റിൽ നൽകുന്നുണ്ട്. 120 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ ടർബോചാർജ്ഡ് എൻജിനാണ് പെട്രോൾ, സിഎൻജി മോഡലുകളിൽ കരുത്തേകുന്നത്.

പനോരമിക് സൺറൂഫിന് പുറമെ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ-ആപ്പിൾ കാർപ്ലേ സംവിധാനങ്ങളുള്ള 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഹർമൻ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ, ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും റെയിൻ സെൻസിങ് വൈപ്പറുകൾ, എച്ച്ഡി റിയർവ്യൂ ക്യാമറ, പാർക്കിങ് സെൻസറുകൾ, എൽഇഡി ടെയ്ൽലാമ്പ് തുടങ്ങിയ ഫീച്ചറുകളും നെക്‌സോണിന്റെ ഈ വേരിയന്റിലുണ്ട്.

Content Highlights: Tata Nexon Pure Plus S is the first SUV priced under ₹10 lakh with a panoramic sunroof., The sunroof includes voice-assistance technology., Available in petrol, diesel, and CNG powertrain options., Features 10.25-inch Harman infotainment system and wireless connectivity., Maintains 1.2L turbocharged engine delivering 120 BHP.