എവിടെ പരീക്ഷിച്ചാലും ടാറ്റ സേഫാണ്; ഭാരത് NCAP ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാറായി വീണ്ടും നെക്‌സോണ്‍

ഇന്ത്യയിലെ പല മുന്‍നിര വാഹന നിര്‍മാതാക്കളും സേഫ്റ്റി റേറ്റിങ്ങിനായി ഒന്നും രണ്ടും സ്റ്റാര്‍ ഒപ്പിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ഇടിപരീക്ഷയ്ക്ക് ഇറക്കിയ വാഹനങ്ങള്‍ക്കെല്ലാം ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോണില്‍ നിന്ന് ലഭിച്ച് തുടങ്ങിയ ഈ ഫൈവ് സ്റ്റാര്‍ നേട്ടം നെക്‌സോണിലൂടെ തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോണ്‍ ഇവി 45 കിലോവാട്ട് ബാറ്ററിപാക്ക് പതിപ്പാണ് ഭാരത് എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ 32-ല്‍ 29.86 പോയന്റും കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ടെസ്റ്റുകളില്‍ 49-ല്‍ 44.95 പോയന്റുമാണ് നെക്‌സോണ്‍ ഇവിയുടെ ഈ പതിപ്പ് നേടിയിരിക്കുന്നത്. നെക്‌സോണ്‍ ഇവിയുടെ 30 കിലോവാട്ട് പതിപ്പ് മുമ്പുതന്നെ ഭാരത് എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ പങ്കെടുക്കുകയും ഫൈവ് സ്റ്റാര്‍ റേറ്റിങ് ഉറപ്പാക്കുകയും ചെയ്തിട്ടുള്ള വാഹനമാണ്. ഇതോടെ നെക്‌സോണ്‍ ഇവി ശ്രേണിയിലെ എല്ലാ മോഡലുകളും സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി.
നിരവധി സുരക്ഷ സന്നാഹങ്ങളുടെ അകമ്പടിയോടെയാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണ്‍ ഇവി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. നെക്‌സോണ്‍ ഇവി 45-ന്റെ ഉയര്‍ന്ന വേരിയന്റില്‍ ആറ് എയര്‍ബാഗ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, ത്രീ പോയിന്റ് സീറ്റ്‌ബെല്‍റ്റ്, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രെഷര്‍ മോണിറ്റര്‍ തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തില്‍ സുരക്ഷ കാര്യക്ഷമമാക്കുന്നത്.
വാഹനത്തിന് മുന്നില്‍ നിന്നുണ്ടാകുന്ന ആഘാതങ്ങളില്‍ ഡ്രൈവറുടെ തല, കഴുത്ത്, കാലുകള്‍ എന്നീ ഭാഗങ്ങള്‍ക്ക് ഉയര്‍ന്ന സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. മുന്‍നിരയിലെ യാത്രക്കാരനും കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ക്രാഷ്‌ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. വശങ്ങളില്‍ നിന്നുണ്ടാകുന്ന ആഘാതങ്ങളിലും മുന്‍നിരയിലും പിന്‍നിരയിലുമുള്ള യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ ഈ വാഹനം ഉറപ്പാക്കുന്നുണ്ടെന്നും ക്രാഷ്‌ടെസ്റ്റ് അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്.
Content Highlights: Tata Nexon EV achieves a 5-star safety rating in Bharat NCAP crash tests