വിജയത്തിലേക്കുള്ള ടാറ്റയുടെ വഴികാട്ടി; നെക്‌സോൺ എസ്‌യുവിയുടെ ക്യാമോ എഡിഷൻ

#Auto Desk
ടാറ്റ നെക്‌സോണ്‍ ക്യാമോ എഡിഷന്‍ | Photo: Tata Motors
ടാറ്റ നെക്‌സോണ്‍ ക്യാമോ എഡിഷന്‍ | Photo: Tata Motors

ന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയുടെ മേധാവിത്വം കൈയാളുന്ന വാഹനമാണ് ടാറ്റയുടെ നെക്‌സോൺ എന്ന മോഡൽ. 2017-ൽ നിരത്തുകളിൽ എത്തി തുടങ്ങിയ നെക്‌സോൺ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ 11 ലക്ഷം യൂണിറ്റിന്റെ വിൽപ്പന പൂർത്തിയാക്കിയെന്നാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. ഇന്ത്യൻ നിരത്തുകളിലെ ഓട്ടം ഒരു പതിറ്റാണ്ട് പിന്നിടുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി നെക്‌സോണിന്റെ പുതിയ പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുകയാണ് ടാറ്റ.

നെക്‌സോൺ ക്യാമോ എഡിഷൻ എന്ന പേരിലാണ് പ്രത്യേക പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ചെറിയ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഡേഷനുകളുമായാണ് ക്യാമോ എഡിഷൻ എത്തിയിരിക്കുന്നത്. അഞ്ച് വേരിയന്റുകളിൽ പെട്രോൾ/സിഎൻജി പവർട്രെയിനുകളിൽ എത്തുന്ന നെക്‌സോൺ ക്യാമോ എഡിഷന് 9.99 ലക്ഷം രൂപ മുതൽ 13.94 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയാകുന്നത്.

പുതിയ രണ്ട് നിറങ്ങളിലാണ് ക്യാമോ എഡിഷൻ ഒരുങ്ങിയിരിക്കുന്നത്. മൂന്നാർ മിസ്റ്റ്, കൂർഗ് ക്ലൗഡ് എന്നിവയാണ് ഈ നിറങ്ങൾ. ക്യാമോ എഡിഷനിലേക്ക് മാറിയതിന്റെ അടയാളങ്ങളായി മുന്നിലെ ഫെൻഡറിലും അകത്തളത്തിലെ സീറ്റിലും ക്യാമോ ബാഡ്ജിങ് പതിപ്പിച്ചിട്ടുണ്ട്. ഡിസൈനിൽ കാര്യമായ മാറ്റം നൽകുന്നതിന് പകരം ഫീച്ചറിൽ അപ്‌ഡേഷൻ വരുത്തിയിട്ടുണ്ടെന്നതാണ് നെക്‌സോൺ ക്യാമോ എഡിഷൻ സവിശേഷത.

12.5 ഇഞ്ച് വലിപ്പത്തിലുള്ള ഹർമൻ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, 360 ഡിഗ്രി ക്യാമറയ്‌ക്കൊപ്പം ചേർത്ത് നൽകിയിട്ടുള്ള ഡാഷ്‌ക്യാം എന്നിവയാണ് ഫീച്ചറുകളിൽ വരുത്തിയിട്ടുള്ള കൂട്ടിച്ചേർക്കലുകൾ. ടൂ സ്‌പോക്ക് സ്റ്റിയറിങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിങ് പാഡ് എന്നിവ റെഗുലർ മോഡലിൽ നിന്ന് ഇതിലേക്ക് നൽകിയിട്ടുണ്ട്.

ക്യാമോ എഡിഷൻ സിഎൻജി മോഡലിലും ഏതാനും സവിശേഷതകൾ നൽകിയിട്ടുണ്ട്. ബൂട്ട് സ്‌പേസ് പൂർണമായും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ. സ്‌പെയർ വീൽ നൽകുന്ന സ്ഥാനത്ത് രണ്ട് സിഎൻജി സിലണ്ടർ നൽകിയിട്ടുണ്ട്. സ്‌പെയർ വീൽ ബോഡിക്ക് താഴെയായാണ് നൽകിയിരിക്കുന്നത്. ക്യാമറ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഡാസ്, വോയിസ് അസിസ്റ്റഡ് പനോരമിക് സൺറൂഫ് തുടങ്ങിയവയും ഇതിലുണ്ട്.

മെക്കാനിക്കൽ ഫീച്ചറുകളിൽ മാറ്റത്തിനു നിർമാതാക്കൾ മുതിർന്നിട്ടില്ല. 1.2 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ സിഎൻജി എന്നീ പവർ ട്രെയിനുകളിലാണ് ഈ വാഹനം എത്തുന്നത്. പെട്രോൾ എൻജിൻ 120 എച്ച്പി പവറും 170 എൻഎം ടോർക്കും സിഎൻജി മോഡൽ 100 എച്ച്പി പവറും 170 എൻഎം ടോർക്കുമാണ് നൽകുന്നത്. ആറ് സ്പീഡ് മാനുവൽ, എഎംടി എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഈ നെക്‌സോൺ നിരത്തുകളിൽ എത്തുന്നുണ്ട്.

Content Highlights: Celebrates 9 years of Nexon with 1.1 million units sold., Available in two new colors: Munnar Mist and Coorg Cloud., Equipped with 12.5-inch touchscreen and 360-degree camera with dashcam., CNG model features dual-cylinder technology for optimal boot space., Pricing ranges from ₹9.99 lakh to ₹13.94 lakh (ex-showroom).