സേഫ്റ്റി സൂപ്പര്‍സ്റ്റാര്‍; ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ തിളക്കത്തില്‍ നെക്‌സോണ്‍, പഞ്ച് ഇ.വി.

ഇന്ത്യന്‍ നിരത്തുകളില്‍ ഉരുക്കുവാഹനങ്ങള്‍ എന്ന വിശേഷണം ടാറ്റയുടെ വാഹനങ്ങള്‍ കൈവന്നിട്ട് ഏറെ നാളുകളാണ്. വാഹനത്തിന്റെ ഈടും ഉറപ്പും മൂലമാണ് ഈ വിശേഷണം ടാറ്റയുടെ വാഹനങ്ങളെ തേടി എത്തിയിരിക്കുന്നത്. അള്‍ട്രോസ്, നെക്‌സോണ്‍, ഹാരിയര്‍, സഫാരി തുടങ്ങിയ വാഹനങ്ങളെല്ലാം ഇന്ത്യയിലും പുറത്തുമുള്ള എല്ലാ ക്രാഷ്‌ടെസ്റ്റുകളെയും അനായാസം അതിജീവിച്ച മോഡലുകളാണ് ഈ നിരയിലേക്ക് ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളും എത്തുകയാണ്.
ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരുക്കിയിട്ടുള്ള ഭാരത് എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ ടാറ്റയുടെ നെക്‌സോണ്‍ ഇ.വി, പഞ്ച് ഇ.വി. തുടങ്ങിയ മോഡലുകളും കരുത്ത് തെളിയിച്ചിരിക്കുകയാണ്. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെയാണ് ഈ വാഹനങ്ങള്‍ ഇടിപരീക്ഷയെ അതിജീവിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സുരക്ഷിതമാണ് ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളെന്നാണ് ഈ ക്രാഷ്‌ടെസ്റ്റിലൂടെ ഉറപ്പിക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ടാറ്റ നെക്‌സോണ്‍ ഇ.വി. 32 29.86 പോയന്റും കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 24-ല്‍ 23.95 പോയന്റുമാണ് നേടിയിരിക്കുന്നത്. വാഹനത്തില്‍ നല്‍കിയിട്ടുള്ള സുരക്ഷ ഫീച്ചറുകളാണ് ഈ വാഹനത്തിന് ഉയര്‍ന്ന സ്‌കോര്‍ നേടി നല്‍കിയിരിക്കുന്നത്. ആറ് എയര്‍ബാഗ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ സംവിധാനങ്ങള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങി സുരക്ഷ ഫീച്ചറുകളുടെ നീണ്ടിനിരയാണ് നെക്‌സോണ്‍ ഇ.വിയിലുള്ളത്.
ടാറ്റ പഞ്ചും സുരക്ഷയില്‍ ഒട്ടുംപിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. മുതിര്‍ന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ 32-ല്‍ 31.46 പോയന്റാണ് പഞ്ച് നേടിയത്. കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 49-ല്‍ 45 പോയന്റും നേടിയാണ് പഞ്ച് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്. മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നും ഉണ്ടായേക്കാവുന്ന ആഘാതങ്ങളിലും ഈ വാഹനം ഉയര്‍ന്ന സുരക്ഷയാണ് ഉറപ്പാക്കുന്നത്.
സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, എ.ബി.എസ്, ആറ് എയര്‍ ബാഗ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റുകള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പാക്കിയ പഞ്ച് എസ്.യു.വിയാണ് ടാറ്റ മോട്ടോഴ്‌സ് ക്രാഷ്‌ടെസ്റ്റിന് എത്തിച്ചത്. ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരുക്കിയ പുതിയ പ്ലാറ്റ്‌ഫോമില്‍ തീര്‍ത്തിരിക്കുന്ന ഈ വാഹനം കൂടുതല്‍ സുരക്ഷിതമാണെന്ന് ടാറ്റ മുമ്പുതന്നെ അവകാശപ്പെട്ടിരുന്നു.
Content Highlights: Tata Nexon and Punch EV's achieve five star rating in Bharat Ncap crash test