ലക്ഷം ലക്ഷം പിന്നാലെ; റെക്കോഡിന്റെ തിളക്കത്തില്‍ ടാറ്റ നെക്‌സോണ്‍

ചെറുകാറുകള്‍ മുതല്‍ എസ്.യു.വി. വരെയുള്ള ഏത് ശ്രേണി പരിശോധിച്ചാലും ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങള്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെയുണ്ടാകും. ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ ഇത് ഒന്നാം സ്ഥാനത്താണ്. എന്നാല്‍, ടാറ്റയുടെ കാറുകള്‍ക്ക് പരിഹാസവും കുറ്റപ്പെടുത്തലുകളും മാത്രം ലഭിച്ചിരുന്ന ഒരു ഭൂതകാലത്തില്‍ നിന്ന് ഇന്ന് കാണുന്ന ജനപ്രീതിയിലേക്ക് എത്തിച്ചതിന് ഒരു തുടക്കകാരനുണ്ട്. അതാണ് കോംപാക്ട് എസ്.യു.വി. മോഡലാണ് നെക്‌സോണ്‍.
ഇൻഡിക്ക, ഇന്‍ഡിഗോ, സുമോ തുടങ്ങി വിരലിലെണ്ണാവുന്ന മോഡലുകളുമായി വിപണിയില്‍ മന്ദഗതിയില്‍ നീങ്ങിയിരുന്ന ടാറ്റയുടെ പാസഞ്ചര്‍ വാഹനശ്രേണിയിലേക്ക് 2017-ലാണ് നെക്‌സോണ്‍ എത്തുന്നത്. ടാറ്റയില്‍ നിന്ന് നാളിതുവരെ കണ്ടിട്ടില്ലാത്ത ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയെത്തിയത്. ലുക്ക് കണ്ട് ഇഷ്ടപ്പെട്ട് ടെസ്റ്റ് ഡ്രൈവിങ് കയറിയവരെ വീണ്ടും ഞെട്ടിച്ചു ഈ വാഹനം. പിന്നീട് അങ്ങോട്ട് നാളിതുവരെ നെക്‌സോണിന്റെ നാളുകളായികുന്നു.
2017-ല്‍ തുടങ്ങിയ നെക്‌സോണിന്റെ ജൈത്രയാത്ര ആറ് ലക്ഷം യൂണിറ്റിന്റെ പിന്‍ബലത്തോടെ ഏഴാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നെക്‌സോണ്‍ ഉത്പാദനത്തില്‍ ആറ് ലക്ഷം എന്ന നാഴികക്കല്ല് മറികടന്നത്. ആദ്യഘട്ടത്തില്‍ പെട്രോള്‍-ഡീസല്‍ കരുത്തുകളില്‍ എത്തിയിരുന്ന ഈ വാഹനം പിന്നീട് ഇലക്ട്രിക് കരുത്തിലും എത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇവ മൂന്നും കൂടി ചേര്‍ന്നാണ് ആറ് ലക്ഷം എന്ന നമ്പറില്‍ എത്തിച്ചിരിക്കുന്നത്.
2023 ഏപ്രില്‍ മാസത്തിലാണ് നെക്‌സോണിന്റെ ഉത്പാദനം അഞ്ച് ലക്ഷത്തിലെത്തിയത്. പിന്നീട് ഇങ്ങോട്ടുള്ള ഒമ്പ് മാസത്തിലാണ് ഒരു ലക്ഷം യൂണിറ്റ് കൂടി പുറത്തിറക്കിയിരിക്കുന്നത്. 2017 സെപ്റ്റംബറിലാണ് നെക്‌സോണ്‍ എത്തുന്നത്. പിന്നീട് വില്‍പ്പനയിലും ഉത്പാദനത്തിലും വന്‍ കുതിപ്പാണ് ടാറ്റ മോട്ടോഴ്‌സ് കൈവരിച്ചത്. 2017 സെപ്റ്റംബറില്‍ എത്തിയ നെക്‌സോണിന്റെ ആദ്യ ഒരു ലക്ഷം യൂണിറ്റിന്റെ ഉത്പാദനം ഒരു വര്‍ഷവും പത്ത് മാസവുമെടുത്താണ് പൂര്‍ത്തിയാക്കിയത്.
രണ്ടാം ലക്ഷത്തിലേക്കുള്ള കുതിപ്പിനും അത്രതന്നെ സമയമെടുത്തു. പിന്നീട് അങ്ങോട്ട് ഉത്പാദനത്തിന് വേഗം കൂടുകയായിരുന്നു. എട്ട് മാസത്തിനുള്ളിലാണ് പിന്നീടുള്ള ഒരുക്ഷം വാഹനങ്ങള്‍ ഒരുങ്ങിയത്. 2022 ഫെബ്രുവരിയിലാണ് മൂന്ന് ലക്ഷത്തിലെത്തുന്നത്. കൃത്യം ഏഴ് മാസം പിന്നിട്ടതോടെ ഉത്പാദനം നാല് ലക്ഷത്തില്‍ എത്തുകയായിരുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ നെക്സോണിന്റെ നിര്‍മാണം അഞ്ച് ലക്ഷം എന്ന മാജിക് നമ്പറില്‍ എത്തിയത് ടാറ്റ വലിയ ആഘോഷമാക്കിയിരുന്നു.
പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ നെക്സോണ്‍ എത്തുന്നുണ്ട്. 118 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 108 ബി.എച്ച്.പി. പവറും 260 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ടാറ്റ നെക്‌സോണിലുണ്ട്. ഇലക്ട്രിക് മോഡലുകളും ഇതിനൊപ്പം വിപണിയിലുണ്ട്.
Content Highlights: Tata nexon achieve six lakhs production milestone in six years