റേഞ്ച് 500 കിലോമീറ്റര്‍, ടാറ്റ ഇലക്ട്രിക്കിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായി ടാറ്റ ഹാരിയര്‍ വരുന്നു

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയുടെ മേധാവിത്വം ഉറപ്പിച്ച് നിര്‍ത്തുന്നതിനായി വാഹനനിര വിപുലമാക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ഇതിനായി ഇ.വികളിലെ ഫ്‌ള്ഗ്ഷിപ്പ് മോഡലായി ഹാരിയര്‍ ഇ.വി. എത്തുന്നു. വിപിണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഹാരിയര്‍ ഇ.വിയുടെ പ്രൊഡക്ഷന്‍ മോഡല്‍ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ നിരത്തുകളില്‍ ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് ഇനിയെത്തുന്നത് ഹാരിയര്‍ ഇ.വിയായിരിക്കുമെന്നാണ് സൂചന.
റെഗുലര്‍ ഹാരിയറിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ മാറ്റം വരുത്തിയാണ് ഇലക്ട്രിക് മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ടാറ്റയുടെ രണ്ടാം തലമുറ ഇ.വി. ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയാണ് ഹാരിയര്‍ ഇലക്ട്രിക് ഒരുക്കിയിരിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഹാരിയര്‍ ഇ.വിയുടെ സവിശേഷത. ഇരട്ട ഇലക്ട്രിക് മോഡല്‍ കരുത്തേകുന്ന വാഹനമായിരിക്കും ഹാരിയര്‍ ഇലക്ട്രിക് എന്നാണ് നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ള സൂചന.
ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഇപ്പോഴും ടാറ്റ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പോലും 60 കിലോവാട്ടില്‍ അധികം ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഇതില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ചും ഉറപ്പാക്കും. വെഹിക്കിള്‍ ടു ലോഡ്, വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിങ് തുടങ്ങിയ സംവിധാനങ്ങള്‍ ഹാരിയര്‍ ഇ.വിയില്‍ കൊണ്ടുവരുന്നുണ്ട്. ടാറ്റയുടെ മറ്റ് ഇലക്ട്രിക് മോഡലില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ ഒരുങ്ങും.
റെഗുലര്‍ ഹാരിയറില്‍ നിന്നും ടാറ്റയുടെ മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍നിന്നും സിഗ്നേച്ചര്‍ ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയാണ് ഹാരിയര്‍ ഇ.വിയെ മനോഹരമാക്കുന്നത്. എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പൊസിഷന്‍ ലാമ്പ്, മൂടിക്കെട്ടിയ ഗ്രില്ല്, പുതിയ ലോഗോ, മറ്റ് ഇലക്ട്രിക് മോഡലുകളിലെ ഡിസൈന് സമാനമായി ഒരുങ്ങിയിട്ടുള്ള എയര്‍ഡാം, ബമ്പറില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ക്വാഡ് ബീം എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ് തുടങ്ങിയവയാണ് മുന്‍ഭാഗത്ത്. പിന്‍ഭാഗം അലങ്കരിക്കുന്നതും വലിയ എല്‍.ഇ.ഡി. ലൈറ്റും ബമ്പറിലും സ്‌കിഡ് പ്ലേറ്റും ചേര്‍ന്നാണ്.
ടാറ്റയില്‍നിന്ന് ഇതുവരെ എത്തിയിട്ടുള്ള ഇലക്ട്രിക് എസ്.യു.വികളിലെല്ലാം മികച്ച ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്. ഹാരിയറിലേക്ക് വരുമ്പോള്‍ ഫീച്ചറുകളുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12.5 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടാറ്റയുടെ പുതിയ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ക്ക് പുറമെ, സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ലെവല്‍-2 അഡാസ് ഫീച്ചര്‍ ഹാരിയറില്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍. ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലില്‍ ഉള്‍പ്പെടെ കൂടുതല്‍ പുതുമകള്‍ നല്‍കും.
Content Highlights: Tata Motors unveils Harrier EV a flagship electric SUV with all-wheel drive and 500km range