ഒറ്റനോട്ടത്തില്‍ പറയാം ക്ലാസിക് കളര്‍, 50,000 രൂപ വിലകുറവ്; കര്‍വിന് ആദ്യഓഫറുമായി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2024 ഓഗസ്റ്റ് മാസത്തോടെയാണ് ഇലക്ട്രിക് കരുത്തിലും പെട്രോള്‍/ഡീസല്‍ എന്‍ജിനുകളിലും എത്തിയത്. ഇന്ത്യയിലെ കൂപ്പെ ആരാധകര്‍ ഏറ്റെടുത്ത ഈ വാഹനം പുതിയൊരു ബോഡി കളറില്‍ കൂടി എത്തിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. വൈന്‍ റെഡ് നിറത്തോട് ചേര്‍ന്നുനില്‍ക്കുന്ന നൈട്രോ ക്രിംസണ്‍ എന്ന നിറമാണ് കര്‍വ് വാഹനങ്ങളില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്.
പുതിയ നിറത്തില്‍ എത്തിയതിനൊപ്പം കിടിലന്‍ ഓഫറും നിര്‍മാതാക്കള്‍ കര്‍വിന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റേണല്‍ കംപസ്റ്റിന്‍ എന്‍ജിന്‍ (ഐസ്) മോഡലുകള്‍ക്ക് വേരിയന്റിന് അനുസരിച്ച് 20,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ഓഫര്‍ നല്‍കുന്നത്. ഇലക്ട്രിക് കര്‍വിന്റെ വിലയില്‍ 20,000 രൂപയുടെ ഡിസ്‌കൗണ്ടും ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍വ് എന്ന കൂപ്പെ എസ്.യു.വി. അവതരിപ്പിച്ചതിന് ശേഷം ആദ്യമായാണ് ഈ വാഹനത്തിന് ടാറ്റ മോട്ടോഴ്‌സ് ഓഫര്‍ നല്‍കുന്നത്.
ഗോള്‍ഡ് എസെന്‍സ്, ഫ്‌ളെയിം റെഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, പ്യുവല്‍ ഗ്രേ, ഡേടോണ ഗ്രേ, ഒപ്പേറ ബ്ലൂ എന്നീ നിറങ്ങള്‍ക്കൊപ്പമാണ് പുതുതായി നൈട്രോ ക്രിംസണ്‍ എന്ന നിറത്തിലും കര്‍വ് എത്തുന്നത്. അവതരണത്തിന് മുമ്പ് ടാറ്റ മോട്ടോഴ്‌സ് ആദ്യം പുറത്തുവിട്ട ചിത്രം ഈ നിറത്തിലുള്ള കാറിന്റേതായിരുന്നു. എന്നാല്‍, ഈ നിറത്തില്‍ വാഹനം വിപണിയില്‍ ഇറക്കിയിരുന്നില്ല. എട്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള കര്‍വിന്റെ ഐസ് എന്‍ജിന്‍ മോഡലുകള്‍ക്ക് 11.50 ലക്ഷം രൂപ മുതല്‍ 19.20 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
രണ്ട് പെട്രോള്‍ എന്‍ജിനിലും ഒരു ഡീസല്‍ എന്‍ജിനിലുമാണ് കര്‍വ് ഐസ് പതിപ്പ് എത്തുന്നത്. ടാറ്റയുടെ ടി.ജി.ഡി.ഐ. പെട്രോള്‍ ടര്‍ബോ എന്‍ജിനാണ് കര്‍വിലെ ഒരു എന്‍ജിന്‍ ഓപ്ഷന്‍. ഇത് 125 പി.എസ്. പവറും 225 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ഇതിനുപുറമെ, 120 പി.എസ്. പവറും 170 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും കര്‍വ് എത്തും. 118 പി.എസ്. പവറും 260 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് കര്‍വില്‍ കരുത്തേകുന്ന മറ്റൊരു എന്‍ജിന്‍. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡി.സി.ടി. എന്നിവയാണ് ട്രാന്‍സ്മിഷന്‍.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ നാല് വേരിയന്റുകളിലാണ് കര്‍വ് ഇ.വി. എത്തുന്നത്. 45 കിലോവാട്ട് ബാറ്ററിപാക്കിലുള്ള കര്‍വ് ഇ.വിക്ക് 502 കിലോമീറ്ററും 55 കിലോവാട്ട് ബാറ്ററിപാക്ക് മോഡലിന് 585 കിലോമീറ്റര്‍ റേഞ്ചുമാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. അതേസമയം, ഇന്ത്യയിലെ ഉപയോക്താക്കളുടെ ഡ്രൈവിങ് രീതി പരിഗണിച്ച് ടാറ്റ മോട്ടോഴ്സ് ഒരുക്കിയിട്ടുള്ള സി 75 റേഞ്ച് ടെസ്റ്റ് അനുസരിച്ച് 55 കിലോവാട്ട് മോഡലിന് 425 കിലോമീറ്റര്‍ വരെയും 45 കിലോവാട്ട് മോഡലിന് 350 കിലോമീറ്റര്‍ വരെയും റേഞ്ച് ഉറപ്പാക്കിയിട്ടുണ്ട്.
167 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് മോഡലിലും നല്‍കിയിട്ടുള്ളത്. 8.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. 15 മിനിറ്റില്‍ 150 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ചാര്‍ജ് ബാറ്ററിയില്‍ നിറയ്ക്കാനുള്ള ശേഷിയാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. 17.49 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് കര്‍വ് ഇ.വിയുടെ എക്‌സ്‌ഷോറൂം വില.
Content Highlights: Tata Motors launches new Nitro Crimson color for Curv with attractive offers on ICE and EV variants