ഇലക്ട്രിക് വാഹനങ്ങളില്‍ മേധാവിത്വം ഉറപ്പിക്കാന്‍ ടാറ്റയുടെ അടുത്ത പോരാളി; ഇ.വിയാകാന്‍ ഹാരിയറും

ഇലക്ട്രിക് വാഹനങ്ങളുടെ വിപണി മേധാവിത്വം ടാറ്റ മോട്ടോഴ്സിന്റെ കൈകളില്‍ ഭദ്രമാണ്. കൃത്യമായ ഇടവേളകളില്‍ പുതിയ ഇലക്ട്രിക് മോഡലുകള്‍ എത്തിച്ച് ഇത് ഉറപ്പിക്കാനും ടാറ്റ മോട്ടോഴ്സ് ശ്രദ്ധിക്കുന്നുണ്ട്. ടാറ്റ ടിയാഗോ, ടിഗോര്‍, പഞ്ച്, നെക്സോണ്‍, കര്‍വ് എന്നിങ്ങനെ അഞ്ച് ഇലക്ട്രിക് മോഡലുകള്‍ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള ടാറ്റയില്‍ നിന്ന് ഇനിയെത്തുന്നത് ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പായിരിക്കുമെന്നാണ് സൂചനകള്‍.
ഇലക്ട്രിക് വാഹനങ്ങളിലും ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് മോഡല്‍ ഹാരിയര്‍ ഇ.വി. തന്നെയായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഹാരിയറിന്റെ ഇലക്ട്രിക് വാഹനം എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്കുന്ന സൂചന. അതായത് 2025 മാര്‍ച്ച് 31-നുള്ളില്‍ ഹാരിയര്‍ ഇ.വിയെ ഇന്ത്യന്‍ നിരത്തുകളില്‍ പ്രതീക്ഷിക്കാം. ഈ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ലെങ്കിലും 30 ലക്ഷം രൂപയ്ക്ക് മുകളിലാണ് വില പ്രതീക്ഷിക്കുന്നത്.
ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ചിട്ടുള്ള ആക്ടീ.ഇ.വി (ആക്ടീവ്) പ്ലാറ്റ്ഫോമിലായിരിക്കും ഹാരിയര്‍ ഇ.വിയും നിര്‍മിക്കുക. പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരുങ്ങിയിട്ടുള്ള ഈ പ്ലാറ്റ്ഫോമില്‍ ആദ്യമെത്തിയത് പഞ്ച് ഇ.വിയായിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കര്‍വ് ഇ.വിക്കും അടിസ്ഥാനമൊരുക്കിയിരിക്കുന്ന ഈ ആക്ടീവ് പ്ലാറ്റ്ഫോമാണ്. വെഹിക്കിള്‍ ടൂ വെഹിക്കിള്‍, വെഹിക്കിള്‍ ടു ലോഡ് ചാര്‍ജിങ്ങ് സാധ്യമാകുന്നതാണ് ഈ പ്ലാറ്റ്ഫോം.
ആക്ടീവ് പ്ലാറ്റ്ഫോമിലായിരിക്കും ടാറ്റ ഹാരിയര്‍ ഇ.വിയും ഒരുങ്ങുക എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഇപ്പോഴും ടാറ്റ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പോലും 60 കിലോവാട്ടില്‍ അധികം ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഇതില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ചും ഉറപ്പാക്കും. ഡ്യുവല്‍ ഇലക്ട്രിക് മോഡലിനൊപ്പം ഓള് വീല്‍ ഡ്രൈവ് സംവിധാനവും ഹാരിയര്‍ ഇ.വിയില്‍ പ്രതീക്ഷിക്കാം.
റെഗുലര്‍ ഹാരിയറില്‍ നിന്നും ടാറ്റയുടെ മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍നിന്നും സിഗ്നേച്ചര്‍ ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയാണ് ഹാരിയര്‍ ഇ.വിയെ മനോഹരമാക്കുന്നത്. എല്‍.ഇ.ഡി. ഡി.ആര്.എല്‍, പൊസിഷന്‍ ലാമ്പ്, മൂടിക്കെട്ടിയ ഗ്രില്ല്, പുതിയ ലോഗോ, മറ്റ് ഇലക്ട്രിക് മോഡലുകളിലെ ഡിസൈന്‍ സമാനമായി ഒരുങ്ങിയിട്ടുള്ള എയര്‍ഡാം, ബമ്പറില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ക്വാഡ് ബീം എല്‍.ഇ.ഡി. പ്രൊജക്ഷന് ഹെഡ്ലാമ്പ് തുടങ്ങിയവയാണ് മുന്‍ഭാഗത്ത്. പിന്‍ഭാഗം അലങ്കരിക്കുന്നതും വലിയ എല്‍.ഇ.ഡി. ലൈറ്റും ബമ്പറിലും സ്കിഡ് പ്ലേറ്റും ചേര്‍ന്നാണ്.
ടാറ്റയില്‍നിന്ന് ഇതുവരെ എത്തിയിട്ടുള്ള ഇലക്ട്രിക് എസ്.യു.വികളിലെല്ലാം മികച്ച ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്. ഹാരിയറിലേക്ക് വരുമ്പോള്‍ ഫീച്ചറുകളുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടാറ്റയുടെ പുതിയ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ക്ക് പുറമെ, സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കി ലെവല്‍-2 അഡാസ് ഫീച്ചര്‍ ഹാരിയറില്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍. ക്ലൈമറ്റ് കണ്ട്രോള് പാനലില്‍ ഉള്‍പ്പെടെ കൂടുതല്‍ പുതുമകള്‍ നല്‍കും.
Content Highlights: Tata Motors is gearing up to launch the electric version of its flagship SUV Harrier.