ഇലക്ട്രിക് വിപണി കീഴടക്കി, ഇനി സി.എന്‍.ജിയില്‍; വാഹന വിപണിയില്‍ കുതിപ്പിന് ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി ഇതിനോടകം തന്നെ ടാറ്റ മോട്ടോഴ്‌സ് സ്വന്തമാക്കി കഴിഞ്ഞു. മൂന്ന് ഇലക്ട്രിക് മോഡലുകളാണ് ടാറ്റ മോട്ടോഴ്‌സ് ഇതുവരെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹന വിപണിയിലെ മേധാവിത്വം തുടരുന്നതിനൊപ്പം സി.എന്‍.ജി. വാഹന വിപണിയുടെയും മേധാവിത്വം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ടാറ്റ ഇപ്പോള്‍. ഇതിനായി സി.എന്‍.ജി. വാഹനങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.
നിലവില്‍ എത്തിച്ചിട്ടുള്ള സി.എന്‍.ജി. മോഡലുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ നീക്കം. ടാറ്റ അള്‍ട്രോസിന്റെ സി.എന്‍.ജി. മോഡലില്‍ പരീക്ഷിച്ച് വിജയിച്ച ഡബിള്‍ സിലണ്ടര്‍ സംവിധാനത്തില്‍ കൂടുതല്‍ സി.എന്‍.ജി. വാഹനങ്ങള്‍ എത്തിക്കുന്നതാണ് നിര്‍മാതാക്കള്‍ പരിഗണിക്കുന്നത്. ടിയാഗോ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ സി.എന്‍.ജി. ടാങ്ക് സ്ഥാപിച്ചിരിക്കുന്നതിനാല്‍ തന്നെ ബൂട്ട് സ്‌പേസ് നഷ്ടമായിരുന്നു. ഡബിള്‍ സിലണ്ടര്‍ സംവിധാനത്തിലൂടെ ഇത് പരിഹരിക്കാന്‍ സാധിക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സി.എന്‍.ജി. വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സി.എന്‍.ജി. ലഭ്യത കാര്യക്ഷമമായതും, കൂടുതല്‍ മോഡലുകള്‍ സി.എന്‍.ജി. ഇന്ധനമാക്കി എത്തിയതുമാണ് ഇത്തരം വാഹനങ്ങളുടെ സ്വീകാര്യത ഉയരാന്‍ കാരണം. ഇതിനൊപ്പം, പെട്രോള്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ പ്രവര്‍ത്തന ചെലവാണെന്നതും സി.എന്‍.ജി. വാഹനങ്ങളെ ജനപ്രിയമാക്കുന്നുണ്ട്. നിരവധി വാഹനങ്ങള്‍ സി.എന്‍.ജിയില്‍ വിപണിയില്‍ എത്തുന്നുണ്ട്.
ആദ്യകാലങ്ങളില്‍ സി.എന്‍.ജിയുടെ ലഭ്യതയായിരുന്നു ഈ വാഹനങ്ങളുടെ വളര്‍ച്ചയെ ബാധിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് രാജ്യത്തുടനീളം 1500 സി.എന്‍.ജി. സ്റ്റേഷനുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, ഇന്ന് അത് 5500 ആയി ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന തുടങ്ങിയ മേഖലകളിലാണ് സി.എന്‍.ജി. വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍കുതിപ്പ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നാല് ലക്ഷം സി.എന്‍.ജി. വാഹനങ്ങളാണ് നിരത്തിലെത്തിയത്. ഇതില്‍ 50,000 യൂണിറ്റ് ടാറ്റയില്‍ നിന്നാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ത്യന്‍ വാഹന വിപണിയില്‍ നിലവില്‍ 15 ശതമാനം ഓഹരി വിഹിതമാണ് സി.എന്‍.ജി. വാഹനങ്ങള്‍ക്കുള്ളത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പ്രതിമാനം ശരാശരി 52,000 സി.എന്‍.ജി. വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിക്കുന്നത്. ഇതില്‍ തന്നെ വലിയയൊരു ശതമാനം പ്രൈവറ്റ് കാറുകളായി രജിസ്റ്റര്‍ ചെയ്യുന്നവയുമാണ്. പരിസ്ഥിതി സൗഹാര്‍ദമായ ഗതാഗത സംവിധാനം ഉയര്‍ത്തുന്നതായി സി.എന്‍.ജി. വാഹനങ്ങളെ കൂടുതല്‍ പ്രൊത്സാഹിപ്പിക്കുന്ന നയമാണ് ടാറ്റ മോട്ടോഴ്‌സിനുള്ളതെന്നും കമ്പനി അറിയിക്കുന്നു.
Content Highlights: Tata motors focusing cng vehicles in indian vehicle industry, Tata electric vehicles, tatat cng