വരവ് വൈകിയതിന് കാരണമുണ്ട്; ഇലക്ട്രിക് അള്‍ട്രോസ് ടാറ്റ മോട്ടോഴ്‌സ് ഉപേക്ഷിച്ചിട്ടില്ല

Photo: Tata Motors
Photo: Tata Motors

ന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി ടാറ്റ മോട്ടോഴ്‌സിന് സ്വന്തമാണ്. വിപണിയില്‍ എത്താനൊരുങ്ങുന്ന ഹാരിയര്‍ ഇവി ഉള്‍പ്പെടെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റയുടെ ഇലക്ട്രിക് വാഹനശ്രേണിയിലുള്ളത്. എന്നാല്‍, ഇലക്ട്രിക് വാഹനമാകുമെന്ന് ടാറ്റ മോട്ടോഴ്‌സ് ആദ്യം പ്രഖ്യാപിക്കുകയും കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കുകയും ചെയ്ത വാഹനം ഇതുവരെയും എത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. പ്രീമിയം ഹാച്ച്ബാക്ക് വാഹനമാണ് അള്‍ട്രോസ് ഇലക്ട്രിക് മോഡല്‍. 

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിച്ച് തുടങ്ങിയ 2019-ലാണ് ടാറ്റ മോട്ടോഴ്‌സ് അള്‍ട്രോസ് ഇവി ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഇതിനുപിന്നാലെ തന്നെ പ്രൊഡക്ഷന്‍ പതിപ്പിനോട് ചേര്‍ന്ന് നില്‍ക്കുന്ന മോഡല്‍ 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലും പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ വാഹനം സംബന്ധിച്ച് യാതൊരു വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. അള്‍ട്രോസ് ഇവി എത്തിക്കുന്ന പദ്ധതിയില്‍ നിന്ന് ടാറ്റ പിന്മാറിയെന്ന് പോലും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 

എന്നാല്‍, അള്‍ട്രോസ് ഇവി എത്തിക്കുന്നതില്‍ നിന്ന് ടാറ്റ മോട്ടോഴ്‌സ് ഇപ്പോഴും പിന്മാറിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആസ്‌കോട്ട് എന്ന കോഡ്‌നെയിമില്‍ നിര്‍മിക്കുന്ന അള്‍ട്രോസ് ഇവി ഇപ്പോഴും ലിസ്റ്റില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാറ്ററി പാക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വാഹനത്തിന്റെ നിര്‍മാണം വൈകിയതെന്നാണ് വിവരം.

അള്‍ട്രോസ് ഇവിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടാറ്റയുടെ മറ്റൊരു ഇലക്ട്രിക് മോഡലായ പഞ്ചുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിട്ടായിരിക്കും ഈ വാഹനവും എത്തുകയെന്നാണ് വിലയിരുത്തല്‍. ടാറ്റയുടെ ആക്ടി.ഇവി പ്ലാറ്റ്‌ഫോമിലായിരിക്കും അള്‍ട്രോസ് ഇവിയും നിര്‍മിക്കുക. പഞ്ചില്‍ നല്‍കിയിട്ടുള്ള 25 കിലോവാട്ട്, 35 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയില്‍ യഥാക്രമം 265 കിലോമീറ്ററും 365 കിലോമീറ്ററും റേഞ്ചും ഈ വാഹനം നല്‍കും.

Source

Content Highlights: Tata Motors confirms Altroz EV is still under development