പഴയ വിലയിൽ ഈ മാസംകൂടി വാങ്ങാം; ടാറ്റ കാറുകളുടെ വില വീണ്ടും വർധിപ്പിക്കുന്നു

ഇന്ത്യയിലെ മുൻനിര പാസഞ്ചർ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങുന്നു. ടാറ്റയുടെ ICE കാറുകളുടെയും എസ്യുവികളുടെയും വിലയാണ് വർധിപ്പിക്കാനൊരുങ്ങുന്നത്. വിലയിൽ ഒന്നര ശതമാനം വർധനവാണ് വരുത്തുക. ജൂലായ് ഒന്നാം തീയതി മുതൽ വർധിപ്പിച്ച വില പ്രാബല്യത്തിൽ വരുമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ് അറിയിച്ചു.
പെട്രോൾ, ഡീസൽ, സിഎൻജി എൻജിനുകളിലുള്ളതും ഇലക്ട്രിക് വാഹനങ്ങൾക്കും വില വർധനവ് ബാധകമാകുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് എസ്യുവി, സെഡാൻ, ഹാച്ച്ബാക്ക് എന്നീ വിഭാഗങ്ങളിലായി ഐസ് എൻജിനുകളിൽ എത്തുന്ന ഒമ്പത് മോഡലുകളുടെയും ആറ് ഇലക്ട്രിക് മോഡലുകളുടെയും വിലയിൽ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
വാഹനങ്ങളും പാർട്സുകളും നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവ്, പണപ്പെരുപ്പം തുടങ്ങിയവ വാഹന നിർമാതാക്കളുടെ ചെലവുകൾ നിയന്ത്രിക്കുന്നത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വർധിച്ച ചിലവിന്റെ ഒരുഭാഗം നിർമാതാക്കൾ വഹിക്കുന്നുണ്ടെങ്കിലും ഒരു വിഹിതം ഉപയോക്താക്കളിലേക്ക് കൈമാറാൻ കമ്പനി നിർബന്ധിതമായിരിക്കുകയാണെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ വിലയിലുണ്ടാവുന്ന വർധനയും പുതിയ വില വിവരവും ടാറ്റ മോട്ടോഴ്‌സ് ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്നാൽ, വാഹനങ്ങളുടെ മോഡലും വേരിയന്റും അടിസ്ഥാനപ്പെടുത്തി പരമാവധി 43,485 രൂപയുടെ വർധനവ് വരെ ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. ഈ വർഷം രണ്ടാം തവണയാണ് ടാറ്റ മോട്ടോഴ്‌സ് ഐസ് കാറുകളുടെ വില വർധിപ്പിക്കുന്നത്. എപ്രിൽ ഒന്നാം തീയതിയാണ് ഈ വാഹനങ്ങൾക്ക് 0.5 ശതമാനത്തിന്റെ വില വർധനവ് വരുത്തിയത്.
Content Highlights: Tata Motors to increase vehicle prices by 1.5% effective July 1, 2026., Price hike covers petrol, diesel, CNG, and electric vehicle models., Estimated price increase per vehicle model up to ₹43,485., Rising raw material costs and inflation cited as primary reasons for the hike., This marks the second price adjustment for Tata ICE cars in 2026.