സെഡാന്‍ ശ്രേണിയില്‍ കരുത്തുതെളിയിക്കാന്‍ ടാറ്റ; എതിരാളികള്‍ സിറ്റിയും വെര്‍ണയും

ല്‍ട്രോസ്, നെക്‌സോണ്‍, ടിഗോര്‍ ടിയാഗോ തുടങ്ങി ടാറ്റയുടെ ന്യൂജെന്‍ വാഹനങ്ങളെല്ലാം ലുക്കിന്റെ കാര്യത്തില്‍ വേറെ ലെവലാണ്. എന്നാല്‍, സ്‌റ്റൈലിഷ് എന്ന പ്രയോഗത്തിന്റെ പര്യായമാകാന്‍ ടാറ്റയില്‍ നിന്ന് ഒരാള്‍ കൂടി പിറവിയെടുക്കുകയാണ്. ഹോണ്ട സിറ്റിയെ വെല്ലുവിളിച്ച് സെഡാന്‍ ശ്രേണിയിലേക്ക് വരവിനൊരുങ്ങുന്ന പുതിയ വാഹനത്തിന്റെ പണിപ്പുരയിലാണ് ടാറ്റയെന്നാണ് റിപ്പോര്‍ട്ട്.

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസിന് അടിസ്ഥാനമൊരുക്കുന്ന ആല്‍ഫ പ്ലാറ്റ്‌ഫോമിലാണ് ഈ സെഡാനും ഒരുങ്ങുന്നത്. ടാറ്റയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയാണ് ഈ സെഡാനിലും പരീക്ഷിക്കുന്നത്. 2018 ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ഇ-വിഷന്‍ കണ്‍സെപ്റ്റ് മോഡലിനോട് സാമ്യമുള്ള ഡിസൈനിലായിരിക്കും ഈ സെഡാന്‍ എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. 

ലക്ഷ്വറി കാറുകളോട് കിടപിടിക്കുന്ന രൂപത്തിലായിരുന്നു ഇ-വിഷന്‍ കണ്‍സെപ്റ്റ് എത്തിയത്. ഫോര്‍ ഡോര്‍ കണ്‍സെപ്റ്റില്‍ നേര്‍ത്ത എല്‍ഇഡി ഹെഡ്ലൈറ്റാണ് മുന്‍ഭാഗത്തെ  ആകര്‍ഷണം. ബംബറില്‍ ഒഴുകി നടക്കുന്ന വിധത്തിലാണ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്. ഇതിന് മുകളിലായി ടാറ്റ ലോഗോ. പിന്നിലും എല്‍ഇഡിയാണ് ടെയില്‍ ലാംമ്പ്. ബൂട്ട് ലിഡിലാണ് ഇ-വിഷന്‍ ബാഡ്ജിങ്ങ്. 

ഇ-വിഷന്റെ ഉള്‍വശത്തും ആഡംബരത്തിന് ഒട്ടും കുറവില്ല. ത്രീ സ്പോക്കാണ് സ്റ്റിയറിങ് വീല്‍. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പ്രൗഡി കൂട്ടും. ഇതിനൊപ്പം ഒരു നീളമേറിയ ഡിസ്പ്ലേയും ഡാഷ്ബോര്‍ഡിലുണ്ട്. ബീജ് ലെതര്‍ അപ്ഹോള്‍ട്രെയിലാണ് അകത്തളം. ഡാഷ്ബോര്‍ഡിലും ഡോര്‍ ഹാന്‍ഡിലും വുഡണ്‍ ട്രിം പീസുകളും നല്‍കി. റിയര്‍ സീറ്റുകളും ഇലക്ട്രിക്കായി അഡ്ജസ്റ്റ് ചെയ്യാം.

നെക്‌സോണിന്റെ ഡീസല്‍ പതിപ്പിന് കരുത്തേകുന്ന 1.5 ലിറ്റര്‍ എന്‍ജിനിലും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ സെഡാന്‍ എത്തുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹത്തില്‍ സ്ഥാനം പിടിക്കുന്നുണ്ട്. മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ, ഹോണ്ട സിറ്റി എന്നീ വാഹനങ്ങളായിരിക്കും പ്രധാനമായും ടാറ്റയുടെ സെഡാന്റെ എതിരാളികള്‍.

Content Highlights: Tata Is Planning To Develop Sedan Car

Content Highlights: