ടാറ്റ വാഹനങ്ങളിലെ ആപ്ലിക്കേഷനിൽ സുരക്ഷ പ്രശ്നമെന്ന് CERT-In; അതൊക്കെ നേരത്തെ പരിഹരിച്ചെന്ന് ടാറ്റ

ടാറ്റ മോട്ടോഴ്സിന്റെ iRA 2.0, iRA.ev മൊബൈൽ ആപ്ലിക്കേഷനുകളിൽ നിരവധി സുരക്ഷ പ്രശ്നങ്ങൾ ഉള്ളതായി മുന്നറിയിപ്പ് നൽകി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In). സെൻസിറ്റീവ് ആയിട്ടുള്ള വിവരങ്ങളും വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങളും ഹാക്കർമാർക്ക് ചോർത്താൻ സാധിച്ചേക്കുമെന്നാണ് നൽകിയിട്ടുള്ള മുന്നറിയിപ്പിൽ പറയുന്നത്.
എന്നാൽ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന സോഫ്റ്റ്വെയർ അപ്ഡേറ്റുകളിലൂടെ ഇത്തരം സുരക്ഷ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്സ്, ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന് നൽകിയിട്ടുള്ള മറുപടി. iRA 2.0-യുടെ 26.7.3-ഉം അതിൽ താഴെയുമുള്ള പതിപ്പുകളിലും iRA.ev-യുടെ 26.7.2-ഉം ഇതിൽ താഴെയുമുള്ള പതിപ്പിലുമാണ് നാല് സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ആപ്ലിക്കേഷൻ പാക്കേജിലെ ഹാർഡ്കോഡ് ചെയ്ത സർവീസ് അക്കൗണ്ട് ക്രെഡൻഷ്യലുകൾ, എ.പി.ഐ. കീ, ഓതറൈസേഷൻ ടോക്കണുകൾ എന്നിവയിലാണ് ആദ്യത്തെ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്ത് സെൻസിറ്റീവായുള്ള വിവരങ്ങൾ എടുക്കാൻ ഹാക്കർമാർക്ക് സാധിക്കും. ബാക്ക് എൻഡ് സർവീസുകളിലേക്കും ഹാക്കർമാർക്ക് അനായാസം പ്രവേശിക്കാൻ സാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വെബ് വ്യൂ കോംപോണെന്റിൽ ലോഡ് ചെയ്യുന്ന യു.ആർ.എല്ലുകളുടെയും ഒറിജിനുകളുടെയും പരിശോധന അപര്യാപ്തമാണെന്നതാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഉയർത്തിയ രണ്ടാമത്തെ പ്രശ്നം. സൈബർ ക്രിമിനലുകൾക്ക് ഇത്തരം വെബ് വ്യൂവിലേക്ക് ദോഷകരമായ വെബ് കണ്ടന്റുകൾ അയക്കാനും, ഒതന്റിക്കേഷൻ ടോക്കണുകൾ സ്വന്തമാക്കി ഉപയോക്താവായി ആൾമാറാട്ടം നടത്താനും സാധിച്ചേക്കുമെന്നുമാണ് CERT-In പറയുന്നത്.
എന്നാൽ, സോഫ്റ്റ്വെയർ അപ്ഡേഷനുകളിലൂടെയും സെക്യൂരിറ്റി സംവിധാനം മെച്ചപ്പെടുത്തിയതിലൂടെയും ഈ സുരക്ഷ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വാഹന വിഭാഗം അറിയിച്ചിരിക്കുന്നത്. iRA 2.0-യുടെ 26.8.2 പതിപ്പിലേക്കും iRA.ev-യുടെ 26.9.1 പതിപ്പിലേക്കുമുള്ള നിർബന്ധിത അപ്ഡേറ്റുകൾ 2026 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പുറത്തിറക്കിയിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
Content Highlights: CERT-In issued a security warning regarding vulnerabilities in Tata's iRA 2.0 and iRA.ev mobile apps., Flaws could allow hackers to access sensitive data, API keys, and backend services., Tata Motors confirmed that these security issues were resolved through software updates released in August and September 2026.