ടാറ്റ ഹാരിയറില്‍ ഇനി പെട്രോള്‍ ഹൃദയവും; കരുത്തേകുന്നത് 1.5 ലിറ്റര്‍ എന്‍ജിന്‍

ടാറ്റ ഹാരിയര്‍ എന്ന പ്രീമിയം എസ്‌യുവി നിരത്തില്‍ എത്തിയിരുന്നത് ഡീസല്‍ എന്‍ജിനിലും മാനുവല്‍ ട്രാന്‍സ്മിഷനിലുമായിരുന്നു. വന്ന് അധികം വൈകാതെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചെങ്കിലും പെട്രോള്‍ എന്‍ജിന്‍ ഇപ്പോഴും ഹാരിയറിന് അന്യമാണ്. എന്നാല്‍, ഏറെ വൈകാതെ തന്നെ പെട്രോള്‍ കരുത്തിലെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.

പെട്രോള്‍ എന്‍ജിനിലുള്ള ടാറ്റ ഹാരിയര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ റെഷ്‌ലെയ്ന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇത് ഈ വാഹനത്തിന്റെ വരവ് അടുത്തെന്നാണ് സൂചിപ്പിക്കുന്നത്. അടുത്തിടെയാണ് ബിഎസ്-6 നിലവാരത്തിലുള്ള ഹാരിയര്‍ ഡീസല്‍ മോഡല്‍ നിരത്തുകളിലെത്തിയത്. 2.0 ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് കരുത്തേകുന്നത്. 

1.5 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഹാരിയര്‍ പെട്രോള്‍ മോഡലിന്റെ ഹൃദയം. ടാറ്റയുടെ 1.2 റെവോട്രോണ്‍ എന്‍ജിന്‍ നാല് സിലിണ്ടര്‍ പതിപ്പാണ് ഇത്. 150 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പ്രഥമിക ഘട്ടത്തില്‍ ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും പെട്രോള്‍ മോഡലിലെ ട്രാന്‍സ്മിഷനെന്നാണ് വിവരം.

ടാറ്റയുടെ ഏഴ് സീറ്റര്‍ എസ്‌യുവിയായി നിരത്തുകളിലെത്തുന്ന ഗ്രാവിറ്റാസ് എന്ന എസ്‌യുവിയും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും കരുത്തേകുക. പെട്രോള്‍ എന്‍ജിനിലും ഹാരിയര്‍ എത്തുന്നതോടെ വിപണിയില്‍ കൂടുതല്‍ കരുത്തരാകുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. എംജി ഹെക്ടര്‍, ജീപ്പ് കോംപസ്, കിയ സെല്‍റ്റോസ് എന്നീ വാഹനങ്ങളായിരിക്കും ഹാരിയറിന്റെ എതിരാളികള്‍.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറില്‍ നിന്ന് സാങ്കേതിക സഹായം സ്വീകരിച്ച് നിര്‍മിച്ച വാഹനമാണ് ഹാരിയര്‍. ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം.

Content Highlights: Tata Harrier Petrol Engine Test Run Begins

Content Highlights: