ക്ഷമ വേണം, സമയം എടുക്കും; ഹാരിയര്‍ ഇലക്ട്രിക്കിന്റെ ബുക്കിങ് കാത്തിരിപ്പ് അല്‍പ്പം കൂടി നീളും

ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹന നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയ വാഹനമാണ് ഹാരിയര്‍ ഇ.വി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുത്തന്‍ നിര്‍വചനം നല്കാന് ശേഷിയുള്ള ഈ വാഹനത്തിന് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഹാരിയര്‍ ഇവി സ്വന്തമാക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ ബുക്കിങ് കാലാവധി ഉയര്‍ത്താനും നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
21.49 ലക്ഷം രൂപ മുതല്‍ 28.99 ലക്ഷം രൂപ വരെയാണ് ഹാരിയര്‍ ഇവിയുടെ എക്സ്ഷോറൂം വില. ഈ വാഹനത്തിന്റെ മിഡ് സെപ്ക് ആയ ഫിയര്‍ലെസ് (23.99 ലക്ഷം രൂപ മുതല്‍ 24.99 ലക്ഷം രൂപ വരെ) പതിപ്പിനും ഉയര്‍ന്ന വേരിയന്റായ എംപവേര്‍ഡ് (27.49 ലക്ഷം രൂപ മുതല്‍ 28.99 ലക്ഷം രൂപ വരെ) പതിപ്പിനുമാണ് ഉയര്‍ന്ന ഡിമാന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ രണ്ട് വാഹനങ്ങളുടെ ബുക്കിങ് കാലാവധിയാണ് 10 (രണ്ടര മാസം) ആഴ്ചയാക്കി ഉയര്‍ത്തിയിരിക്കുന്നത്.
65 കിലോവാട്ട്, 75 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനിലുള്ള മോഡലുകള്‍ക്കും ഈ ബുക്കിങ് കാലാവധി ബാധകമാണെന്നാണ് വിവരം. എംപവേര്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഹാരിയര്‍ ഇവി സ്റ്റെല്‍ത്ത് എഡിഷന് മോഡലിനും ഈ കാലാവധി ബാധകമാണ്. 65 കിലോവാട്ട് ശേഷിയുള്ള ബാറ്ററി നല്‍കിയിട്ടുള്ള ഹാരിയര്‍ ഇവിക്ക് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്ന റേഞ്ച് 538 കിലോമീറ്ററാണ്. ടാറ്റയുടെ ആഭ്യന്തര പരീക്ഷണത്തില്‍ 445 കിലോമീറ്ററും റേഞ്ച് ഉറപ്പുനല്‍കുന്നുണ്ട്. 75 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള പതിപ്പിന് 622 കിലോമീറ്റര്‍ റേഞ്ചും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ബാറ്ററി ഓപ്ഷനുകളിലായി ആറ് വേരിയന്റുകളിലാണ് ഹാരിയര്‍ ഇവി എത്തിയിരിക്കുന്നത്. 65 കിലോവാട്ട് ബാറ്ററി പാക്കില്‍ മൂന്ന് വേരിയന്റുകളാണുള്ളത്. അഡ്വഞ്ചര്‍ 65, അഡ്വഞ്ചര്‍ എസ് 65, ഫിയര്‍ലെസ് പ്ലസ് 65 എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന ഇവയ്ക്ക് യഥാക്രമം 21.49 ലക്ഷം, 21.99 ലക്ഷം, 23.99 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. 75 കിലോവാട്ട് പതിപ്പിലും മൂന്ന് വേരിയന്റുകളാണുള്ളത്. ഫിയര്‍ലെസ് പ്ലസ് 75, എംപവേര്‍ഡ് 75, എംപവേര്‍ഡ് 75 QWD എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന മോഡലുകള്‍ക്ക് 24.99 ലക്ഷം, 27.49 ലക്ഷം, 28.99 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.
റിയര്‍ വീല്‍ ഡ്രൈവ് മോഡലായി എത്തുന്ന ഹാരിയര്‍ ഇവി 65-ലെ ഇലക്ട്രിക് മോട്ടോര്‍ 175 എച്ച്പി പവറും 315 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. ഹാരിയര്‍ ഇവി 75-ലേയും റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിലും ഈ മോട്ടോര്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഹാരിയര്‍ ഇവി ഓള് വീല്‍ ഡ്രൈവ് പതിപ്പില്‍ ഇരട്ട മോട്ടോറാണ് നല്‍കിയിരിക്കുന്നത്. മുന്നിലെ ആക്സില്‍ നല്‍കിയിട്ടുള്ള മോട്ടോര്‍ 158 എച്ച്പി പവറും പിന്നിലേത് 238 എച്ച്പിയും പവര്‍ ഉത്പാദിപ്പിക്കും. 504 എന്‍എം ആണ് ഇതിന്റെ ടോര്‍ക്ക്.
ബാറ്ററി ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയമാണ് ഹാരിയര്‍ ഇവിയുടെ മറ്റൊരു ആകര്‍ഷണം. 100 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 25 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജിങ് സാധ്യമാകും. ഹാരിയര്‍ ഇവി 65, 75 എന്നീ രണ്ട് പതിപ്പുകള്‍ക്കും ഒരേ സമയമാണ് ഫാസ്റ്റ് ചാര്‍ജിങ്ങിന് വേണ്ടത്. എന്നാല്‍, 7.2 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഹാരിയര്‍ ഇവി 65-ന് 9.3 മണിക്കൂറും 75-ന് 10.7 മണിക്കൂറുമാണ് ബാറ്ററി ചാർജാവാൻ എടുക്കുന്ന സമയം.
Content Highlights: Tata Harrier EV booking waiting period extended. Get details on price, range, variants, and charging times for this highly anticipated electric SUV.