ടാറ്റയുടെ എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും 'ബാസ്'; വില കുറയുന്നത് ഒന്നും രണ്ടും രൂപയല്ല, ലക്ഷങ്ങളാണ്

#Auto Desk
.
.

ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയിലെ വിപ്ലവകരമായ നീക്കമെന്ന് വേണം ബാസ് (ബാറ്ററി ആസ് എ സർവീസ്) പദ്ധതിയെ വിശേഷിപ്പിക്കാൻ. ഉയർന്ന വിലയുള്ള ഇലക്ട്രിക് വാഹനങ്ങളെ കുറഞ്ഞ വിലയിൽ ഉപയോക്താക്കളിൽ എത്തിക്കാൻ എംജിയാണ് ഈ മാർഗം ആദ്യമായി സ്വീകരിച്ചത്. എന്നാൽ, ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞ ഇന്ത്യയിലെ മറ്റ് വാഹന നിർമാതാക്കളായ കിയ, ഹ്യുണ്ടായി, ടാറ്റ തുടങ്ങിയവരും ബാസ് പദ്ധതിയെ ഏറ്റെടുക്കുകയായിരുന്നു.

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഇലക്ട്രിക് വാഹന നിരയിലെ എല്ലാ മോഡലുകളുടെയും ബാസ് പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നിരിക്കുകയാണ്. മുമ്പ് ടിയാഗോ ഇ.വി, പഞ്ച് ഇ.വി എന്നീ മോഡലുകൾ മാത്രമാണ് ബാസ് അടിസ്ഥാനത്തിൽ എത്തിച്ചിരുന്നത്. പുതിയ തീരുമാനം അനുസരിച്ച് നെക്‌സൺ ഇ.വി, കർവ് ഇ.വി, സിയേറ ഇ.വി, ഹാരിയർ ഇ.വി. എന്നിവയ്ക്ക് ബാസ് ബാധകമാണ്.

ഫ്‌ളാഗ്ഷിപ്പ് വാഹനമായ ഹാരിയർ ഇ.വി. ഉൾപ്പെടെയുള്ള മോഡലുകൾ ബാസ് പദ്ധതിക്ക് കീഴിൽ വന്നതോടെ വിലയിൽ ലക്ഷങ്ങളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഹാരിയർ ഇ.വിയുടെ 65 കിലോവാട്ട് ബാറ്ററിപാക്ക് മോഡലിന്റെ വിലയിൽ ബാസ് അടിസ്ഥാനത്തിൽ 7.30 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 21.79 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ യഥാർഥ വിലയെങ്കിൽ ബാസ് അടിസ്ഥാനത്തിൽ ഇത് 14.49 ലക്ഷം രൂപയായി കുറയുന്നുണ്ട്.

മിഡ് സൈസ് എസ്‌യുവി മോഡലായ സിയേറയുടെ ഇലക്ട്രിക് പതിപ്പിന്റെ വിലയിൽ ബാസ് അടിസ്ഥാനത്തിൽ 6.80 ലക്ഷം രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. 63 കിലോവാട്ട് മോഡലിന് മുമ്പ് 18.79 ലക്ഷം രൂപ ആയിരുന്നെങ്കിൽ ബാസിൽ 11.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. കർവ് ഇ.വിക്ക് 6.20 ലക്ഷം രൂപയാണ് കുറയുന്നത്. 55 കിലോവാട്ട് മോഡലിന് 17.19 ലക്ഷം രൂപയിൽ നിന്ന് 10.99 ലക്ഷം രൂപയായി വിലയിൽ കുറവ് വന്നിട്ടുണ്ട്.

ബാസ് പദ്ധതിക്ക് കീഴിൽ വരുന്നതോടെ നെക്‌സോൺ ഇ.വിയുടെ വിലയിൽ 5.35 ലക്ഷം രൂപയുടെ കുറവാണ് വരുന്നത്. 45 കിലോവാട്ട് പതിപ്പിന്റെ വില 14.34 ലക്ഷം രൂപയിൽ നിന്ന് 8.99 ലക്ഷം രൂപയായി കുറയുന്നുണ്ട്. പഞ്ച് ഇ.വിയുടെ 30 കിലോവാട്ട് ബാറ്ററി പാക്ക് പതിപ്പിന് 3.20 ലക്ഷം രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. 6.59 ലക്ഷം രൂപയിലാണ് ബാസി അടിസ്ഥാനമാക്കിയുള്ള വില ആരംഭിക്കുന്നത്. ടിയാഗോ 19 കിലോവാട്ട് മോഡലിന്റെ വില 2.30 ലക്ഷം രൂപയും കുറവും. 4.69 ലക്ഷത്തിലാണ് ബാസ് വില തുടങ്ങുന്നത്.

ഈ വാഹനങ്ങളിലേക്ക് ബാറ്ററി വാടക അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനാൽ തന്നെ വാടകയും കമ്പനി ഈടാക്കുന്നുണ്ട്. ഹാരിയർ ഇ.വിക്ക് കിലോമീറ്ററിന് 5.9 രൂപയാണ് ബാറ്ററി വാടകയായി ഈടാക്കുന്നത്. സിയേറ ഇ.വിക്ക് ഇത് 5.5 രൂപയാണ്. കർവ് ഇ.വിക്ക് കിലോമീറ്ററിന് 5 രൂപയും നെക്‌സോൺ ഇ.വിക്ക് കിലോമീറ്റർ വാടകയായി 4.4 രൂപയും പഞ്ച് ഇ.വിക്കും ടിയാഗോ ഇ.വിക്കും ബാറ്ററി വാടകയായി 2.6 രൂപ വീതവും ഈടാക്കാനാണ് ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചിരിക്കുന്നത്.

Content Highlights: Tata Motors expands BaaS (Battery as a Service) to its entire electric vehicle lineup., Significant price drops ranging from Rs 2.30 lakhs to Rs 7.30 lakhs across various EV models., Flagship Harrier EV price reduced by Rs 7.30 lakhs under the scheme., Per-kilometer battery rental fees introduced based on the specific EV model.