മലയിടിഞ്ഞ് വീണാലും കാറും യാത്രക്കാരും സേഫാണ്; ഏരിസിന്റെ സുരക്ഷ ഉറപ്പിക്കാൻ ടാറ്റയുടെ വേറിട്ടപരീക്ഷണം

#Auto Desk
ടാറ്റ മോട്ടോഴ്‌സ് ഏരിസില്‍ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ | Photo: Tata Motors
ടാറ്റ മോട്ടോഴ്‌സ് ഏരിസില്‍ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ | Photo: Tata Motors

വാഹനങ്ങളുടെ സുരക്ഷ സാക്ഷ്യപ്പെടുത്തുന്നതിന് പരമ്പരാഗതമായി കണ്ടുവരുന്ന രീതിയാണ് ക്രാഷ് ടെസ്റ്റ്. ഇതിലെ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഉപയോക്താക്കൾ ഈ വാഹനം എത്രത്തോളം സുരക്ഷിതമാണെന്ന് വിലയിരുത്തുന്നത്. എന്നാൽ, ക്രാഷ് ടെസ്റ്റിനെക്കാൾ ഉപരി സുരക്ഷ തെളിയിക്കുന്നതിന് അൽപ്പം വ്യത്യസ്തമായ മാർഗങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ ഏതാനും നാളുകളായി പരീക്ഷിക്കുന്നത്.

സിയേറയിലെ സുരക്ഷ ഫീച്ചറുകളുടെ കാര്യക്ഷമത തെളിയിക്കുന്നതിനായി ഒരു ട്രക്ക് ഉപയോഗിച്ച് ആ വാഹനത്തിന്റെ പിന്നിൽ ഇടിക്കുന്നതായിരുന്നു ടാറ്റ നടത്തിയ പരീക്ഷണം. എന്നാൽ, കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഏരിസിന്റെ സുരക്ഷ തെളിയിക്കാൻ ടാറ്റ അൽപ്പം കൂടി വേറിട്ട രീതിയാണ് ടാറ്റ മോട്ടോഴ്‌സ് സ്വീകരിച്ചത്. 20 ടൺ ഭാരമുള്ള ചരലും കല്ലും മണ്ണും ഏരിസിന്റെ മുകളിലേക്ക് ഇട്ടായിരുന്നു ഇത്തവണ സുരക്ഷ പരീക്ഷണം.

ടാറ്റ പ്രദർശിപ്പിച്ച ദൃശ്യം അനുസരിച്ച് ഒരു ടിപ്പർ ലോറിയിൽ കൊണ്ടുവന്ന 20 ടൺ ഭാരമുള്ള കല്ലുകളും മണ്ണും ചരലും നിർത്തിയിട്ടിരിക്കുന്ന ഏരിസിന് മുകളിലേക്ക് അൺ ലോഡ് ചെയ്യുന്നത് കാണാം. കല്ലുകൾ വീണതിനെ തുടർന്ന് വാഹനത്തിന്റെ ഗ്ലാസ് പൊട്ടുന്നതും ദൃശ്യത്തിൽ കാണാം. എന്നാൽ, വാഹനത്തിന്റെ ബോഡിയിലും മറ്റും കാര്യമായ കേടുപാടുകൾ സംഭവിക്കുന്നില്ല. മണ്ണും കല്ലും പൂർണമായും ഇറക്കിയതിന് ശേഷം ഈ കാർ ഓടിച്ച് പോകുന്നതും ദൃശ്യത്തിലുണ്ട്.

സെപ്റ്റംബർ 25-നാണ് ടാറ്റ മോട്ടോഴ്‌സ് ഏരിസ് എന്ന കോംപാക്ട് സെഡാൻ അവതരിപ്പിച്ചത്. രണ്ട് പവർ ട്രെയിൻ ഓപ്ഷനുകളിൽ അഞ്ച് വേരിയന്റുകളിലായി എത്തിയിട്ടുള്ള ഏരിസ് സെഡാൻ പതിപ്പിന് 5.29 ലക്ഷം രൂപ മുതൽ 9.74 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ടാറ്റയുടെ ടിഗോർ സെഡാന്റെ പുതിയ പതിപ്പായാണ് ഏരിസ് എന്ന കോംപാക്ട് സെഡാൻ മോഡൽ എത്തിച്ചിരിക്കുന്നത്.

സുരക്ഷയുടെ കാര്യത്തിലും ഏരിസ് ഏറെ മുന്നേറിയിട്ടുണ്ട്. ആറ് എയർബാഗ് ഇതിൽ സ്റ്റാന്റേഡ് ഫീച്ചറായി നൽകിയിട്ടുണ്ട്. ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ ഉൾപ്പെടെ നൽകിയിട്ടുള്ള 360 ഡിഗ്രി ക്യാമറ, ടയർപ്രഷർ മോണിറ്റർ, ചൈൽഡ് സീറ്റ് ആങ്കേഴ്സ് എന്നിവയും ഇതിൽ സുരക്ഷയൊരുക്കും. ഈ വാഹനത്തിലാണ് കരുത്ത് തെളിയിക്കുന്നതായി ക്രാഷ് ടെസ്റ്റിന് ഇറങ്ങും മുമ്പ് വേറിട്ട ഒരു പരീക്ഷണവും നടത്തിയിരിക്കുന്നത്.

മെക്കാനിക്കൽ സംവിധാനങ്ങളിലും ടിയാഗോയെ പിന്തുടർന്നാണ് ഏരിസ് എത്തിയിരിക്കുന്നത്. 86 എച്ച്പി പവറും 113 എൻഎം ടോർക്കുമേകുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ എൻജിനാണ് പെട്രോൾ പതിപ്പിൽ കരുത്തേകുന്നത്. 76 എച്ച്പി പവറും 97 എൻഎം ടോർക്കുമാണ് സിഎൻജി പതിപ്പ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.

Content Highlights: Tata Motors tested the Tata Aries safety by dumping 20 tons of rocks, gravel, and sand on it., The car survived with minor glass damage and was driven away successfully after the test., Tata Aries was launched on September 25 with a price range between Rs 5.29 lakh and Rs 9.74 lakh., It comes with standard safety features including 6 airbags, 360-degree camera, and tyre pressure monitor.