ടാറ്റ അല്‍ട്രോസ് ഇനി കൂടുതല്‍ പവര്‍ഫുള്ളാണ്; കരുത്തേകാന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍

ടാറ്റ അല്‍ട്രോസ് | Photo: Tata Motors
ടാറ്റ അല്‍ട്രോസ് | Photo: Tata Motors

പ്രീമിയം ഹാച്ച്ബാക്ക് വാഹനശ്രേണിയില്‍ ടാറ്റയുടെ കരുത്തുകാണിക്കാനെത്തിയ വാഹനമാണ് അല്‍ട്രോസ്. സ്‌റ്റൈലിലും കരുത്തിലും എതിരാളികളുമായി കിടപിടിക്കുന്ന ഈ വാഹനത്തിന് കുതിപ്പേകാന്‍ പുതിയ എന്‍ജിനുമെത്തുന്നു. പെര്‍ഫോമെന്‍സിന് പ്രധാന്യം നല്‍കി 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് അല്‍ട്രോസില്‍ പുതുതായി സ്ഥാനം പിടിക്കുന്നത്. 

രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലുടന്‍ ഈ കരുത്തന്‍ നിരത്തുകളിലെത്തിത്തുടങ്ങുമെന്നാണ് വിവരം. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 99 ബിഎച്ച്പി പവറും 141 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയാണ് അല്‍ട്രോസ് ടര്‍ബോയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ടാറ്റ അല്‍ട്രോസ് ടര്‍ബോ എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു. നിലവിലുള്ള പെട്രോള്‍ എന്‍ജിന്റെ ടര്‍ബോ പതിപ്പാണിത്. ഇതിനൊപ്പം ടാറ്റ സ്വന്തമായി വികസിപ്പിച്ച ഡ്യുവല്‍ ക്ലെച്ച് ഗിയര്‍ബോക്‌സും നല്‍കുന്നുണ്ട്. ടാറ്റയുടെ കോംപാക്ട് എസ്‌യുവി മോഡലായ നെക്‌സോണിലും ഈ ഗിയര്‍ബോക്‌സ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. 

ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് ടാറ്റയുടെ അല്‍ട്രോസ് നിര്‍മിച്ചിരിക്കുന്നത്. ബിഎസ്6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ് ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും.

കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, വോയിസ് കമാന്റ് സംവിധാനമുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. കുറഞ്ഞ വകഭേദങ്ങളില്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റമാണുള്ളത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ് എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കും.

Source: India Car News

Content Highlights: Tata Altroz Premium Hatchback Will Get Turbocharged Engine

Content Highlights: