30 ലിറ്ററിന്റെ രണ്ട് ടാങ്ക്, ബൂട്ട് സ്‌പേസ് ടാങ്ക് അപഹരിക്കില്ല; അള്‍ട്രോസ് സി.എന്‍.ജി വെറൈറ്റിയാണ്

ഏതൊരു സാധാരണക്കാരന്റെയും പ്രാമുഖ്യം പ്രായോഗികതയ്ക്കായിരിക്കും. ഒരു കാര്‍ വാങ്ങുമ്പോള്‍ ആദ്യ ചോദ്യങ്ങള്‍ ഇവയായിരിക്കും: ''എത്ര മൈലേജ് കിട്ടും, എത്ര ആള്‍ക്ക് സുഖമായി സഞ്ചരിക്കാം, എത്ര ലഗേജ് വെയ്ക്കാം''. ഈ ചോദ്യങ്ങള്‍ ടാറ്റയോട് ചോദിച്ചാല്‍ ഉത്തരം തരും, അള്‍ട്രോസ് സി.എന്‍.ജി.യെന്ന്. കാരണം കമ്പനിയുടെ വാഗ്ദാനം തന്നെ അതാണ്. സി.എന്‍.ജി. എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ബൂട്ട് സ്പേസ് മുഴുവനായി എടുത്തിരിക്കുന്ന ഭീമന്‍ സിലിന്‍ഡറിനെയാണ്. ഒരു ചെറിയ ബാഗ് വെയ്ക്കാന്‍ പോലും സ്ഥലമുണ്ടാവില്ല. എന്നാല്‍, ഇവിടെ 210 ലിറ്റര്‍ സ്പേസുണ്ട്.
കുറച്ചുകൂടി പ്രീമിയം
കാഴ്ചയ്ക്ക് ഒരു മാറ്റവുമില്ല. പെട്രോള്‍ വണ്ടിയുടെ അതേരൂപം, പിന്നില്‍ ഐ.സി.എന്‍.ജി. എന്ന ഒരു ബാഡ്ജിങ് വന്നതൊഴിച്ചാല്‍. പ്രീമിയംഹാച്ച്ബാക്കിന്റെ സൗന്ദര്യം അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. കുറച്ചുകൂടി പ്രീമിയം ആക്കാനായി പറഞ്ഞാല്‍ തുറക്കുന്ന സണ്‍റൂഫും വന്നിട്ടുണ്ട്. സെന്‍ട്രല്‍ കണ്‍സോളില്‍ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഒരു ബട്ടനുമുണ്ട്.
ഉയര്‍ന്ന മോഡലില്‍ ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകളും റെയിന്‍ സെന്‍സിങ് വൈപ്പറുകളും ടാറ്റയുടെ ഐ.ആര്‍.എ. സ്മാര്‍ട്ട് കാര്‍ ഉള്‍ക്കൊണ്ടുള്ള ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വന്നിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയും താങ്ങും. ഫീച്ചര്‍ റിച്ചാണ് ഈ ഉയര്‍ന്ന മോഡല്‍. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, നിലവാരമുള്ള തുകല്‍ പൊതിഞ്ഞ സീറ്റുകള്‍, ഡ്യുവല്‍ടോണ്‍ അലോയ് വീലുകള്‍ എന്നിവയും വരുന്നുണ്ട്.
ബൂട്ടിലാണ് കാര്യം
ടെയില്‍ഗേറ്റ് തുറന്ന് ബൂട്ടിലേക്ക് നോക്കുമ്പോഴാണ് മാന്ത്രികത കാണാന്‍ കഴിയുക. വലിയ ഒരു സി.എന്‍.ജി. ടാങ്കിന് പകരം രണ്ടെണ്ണം ബൂട്ടിന് താഴെ സുരക്ഷിതമാക്കി വെച്ചിട്ടുണ്ട്. 30 ലിറ്റര്‍ വീതം ശേഷിയുള്ള രണ്ട് സിലിന്‍ഡറുകളാണിവ. സമാന്തരമായി ക്രമീകരിച്ചിരിക്കുന്നതിനാല്‍ ലഗേജുകള്‍ സുഖായി വെയ്ക്കാനുള്ള സ്ഥലം ലഭിക്കുന്നു. 210 ലിറ്ററാണ് ഇവിടെ കിട്ടുന്നത്. പെട്രോള്‍, ഡീസല്‍ പതിപ്പുകളിലേതു പോലെ 345 ലിറ്റര്‍ ശേഷി പ്രതീക്ഷിക്കരുത്. ടാങ്കുകള്‍ ഒതുക്കിവെച്ചിരിക്കുന്നത് ബൂട്ടിന് താഴത്തെ സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.
സുരക്ഷിതം
സി.എന്‍.ജി.യിലേക്ക് മാറുമ്പോഴുള്ള ഭയം മാറ്റാനായി സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ടാങ്കുകള്‍ നിറയ്ക്കുന്നതിനായി പ്രത്യേക നോസിലുണ്ട്. ഇന്ധന ടാങ്കിന്റെ അടപ്പു തുറന്നാല്‍ എന്‍ജിനിലേക്ക് ഇന്ധനം നിര്‍ത്തുന്ന ഒരു ചെറിയ മൈക്രോ സ്വിച്ചും കാണാം. ചൂടാവുന്ന പ്രശ്നമുണ്ടെങ്കില്‍ ഗ്യാസിനെ അന്തരീക്ഷത്തിലേക്ക് വിടുന്ന ക്രമീകരണവുമുണ്ട്. എയര്‍ബാഗുകള്‍, ഇ.ബി.ഡി. ഉള്ള ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ബ്രേക്ക് സ്വേ കണ്‍ട്രോള്‍ (ബി.എസ്.സി.), കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും ഇതോടൊപ്പം സുരക്ഷ കൂട്ടാനായുണ്ട്.
1.2 ലിറ്റര്‍ പെട്രോള്‍ 3 സിലിന്‍ഡര്‍ റിവോട്രോണ്‍ എന്‍ജിനാണ് പ്രധാന കരുത്ത്. പെട്രോളിലോടുമ്പോള്‍ എന്‍ജിന്‍ 87 ബി.എച്ച്.പി. കരുത്തില്‍ പരമാവധി 115 എന്‍.എം. ടോര്‍ക്കായിരിക്കും നല്‍കുക. സി.എന്‍.ജി.യിലാകട്ടെ നേരിയ കുറവുണ്ടാവും. 72.4 പവറില്‍ 103 എന്‍.എം. ടോര്‍ക്കാണ് നല്‍കുക. 5സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണിതിലുള്ളത്. സി.എന്‍.ജി. മോഡില്‍ തന്നെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാം. ഓടുന്നതിനിടയ്ക്ക് സി.എന്‍.ജി.യുടെ അളവ് കുറഞ്ഞാല്‍ ഓട്ടോമാറ്റിക്കായി പെട്രോളിലേക്ക് മാറും. വേണമെങ്കില്‍ നമുക്ക് തന്നെ ഇങ്ങനെ മാറ്റാനുള്ള സ്വിച്ചും ഡാഷ് ബോര്‍ഡിലുണ്ട്.
നഗരയാത്രകള്‍ക്ക് ഈ പ്രീമിയം ഹാച്ച്ബാക്ക് നല്ല പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് സസ്പെന്‍ഷന്‍ കുറച്ചുകൂടി കടുപ്പമാണ്. രണ്ട് സിലിന്‍ഡറുകളുടെ ഭാരം കൈകാര്യം ചെയ്യുന്ന പിന്‍ഭാഗത്താണ് ഇത് കൂടുതല്‍ അനുഭവപ്പെടുക. സ്റ്റിയറിങ് മികച്ച റെസ്പോണ്‍സാണ് നല്‍കുന്നത്.
വില
ആറു മോഡലുകളിലാണ് അള്‍ട്രോസ് സി.എന്‍.ജി. വിപണിയിലേക്കെത്തുക. അടിസ്ഥാന മോഡലായ എക്സ്.ഇ.യ്ക്ക് 7.55 ലക്ഷവും ടോപ്പ് വേരിയന്റിന് 10.55 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില.
Content Highlights: Tata Altroz i-CNG test drive review, Tata Altroz CNG, Tata Motors CNG Car first drive