ഒറ്റച്ചാർജിൽ 310 കിലോമീറ്റർ ഓടും, ഇലക്ട്രിക് കീ കാറായി സുസുക്കി ഇ-സ്കൈ വരുന്നു, ഇന്ത്യയിൽ എത്തുമോ?

കീ കാർ എന്ന കുഞ്ഞൻ കാർ ആശയത്തെ മാറ്റി നിർത്തി ജപ്പാന്റെ വാഹന ചരിത്രം പറഞ്ഞുപോകാനാകില്ല. 1949-ൽ ജാപ്പനീസ് സർക്കാർ വിഭാവനം ചെയ്ത കീ കാർ വിഭാഗം ഇന്നും ഈ രാജ്യത്ത് ഏറെ കരുത്തോടെ മുന്നേറുകയാണ്. കുറഞ്ഞ വിലപ്പത്തിലും ചെറിയ എൻജിനിലും നിരത്തുകളിൽ എത്തിയിരുന്ന കീ കാർ ആശയത്തെ ഇലക്ട്രിക് കരുത്തുമായി ബന്ധിപ്പിക്കാനുള്ള സുസുക്കിയുടെ നീക്കം വിജയം കണ്ടിരിക്കുകയാണ്.
കീ കാർ മാനദണ്ഡങ്ങൾ പാലിക്കുന്ന സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ-സ്കൈ അതിന്റെ ആദ്യ പ്രദർശനം നടത്തിയിരിക്കുകയാണ്. ഈ സെപ്റ്റംബർ-നവംബർ മാസങ്ങൾക്കിടയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇ-സ്കൈ പ്രൊഡക്ഷൻ പതിപ്പ്, 2025-ലെ ജപ്പാൻ മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച വിഷൻ ഇ-സ്കൈ കൺസെപ്റ്റ് മോഡലിന്റെ ഡിസൈനിനോട് നീതി പുലർത്തി തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്.
വാഹനത്തിന്റെ ആകെ വലിപ്പം കുറവാണെങ്കിലും ക്യാബിനുള്ളിൽ പരമാവധി സ്ഥലം ലഭിക്കുന്ന തരത്തിലാണ് ഈ വാഹനത്തിന്റെ രൂപകൽപ്പന. യഥാർഥ ബോക്സി രൂപത്തിലാണ് ഇ-സ്കൈ ഒരുങ്ങിയിരിക്കുന്നത്. പ്രൊജക്ഷൻ ഹെഡ്ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകളും ചേർന്നാണ് ഹെഡ്ലൈറ്റ് ചേംമ്പർ ഡിസൈൻ ചെയ്തിരിക്കുന്നത്, ഇലക്ട്രിക് വാഹനമായതിനാൽ തന്നെ മുൻഭാഗം പൂർണമായും മൂടികെട്ടിയ നിലയിലാണ്. ബമ്പറിന്റെ താഴെയായാണ് എയർ ഇൻടേക്ക് നൽകിയിട്ടുള്ളത്.
സൈഡ് പ്രൊഫൈലും ബോക്സി സ്റ്റൈലിലാണ് തീർത്തിരിക്കുന്നത്. രണ്ട് വശങ്ങളിലും ഈരണ്ട് ഡോറുകൾ വീതമാണ് നൽകിയിരിക്കുന്നത്. അലോയി വീലുകളും വശങ്ങളിൽ കാണാം. റാപ്പ് എറൗണ്ട് എൽഇഡി ടെയ്ൽലാമ്പാണ് ഇതിലുള്ളത്. ഫ്ളാറ്റ് ഹാച്ച്ഡോറാണ് ഇതിലേത്. റിയർ വൈപ്പർ, സ്പോയിലർ, ആന്റിന, ബോഡി കളർ ബമ്പർ എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ പിൻഭാഗത്തെ അലങ്കരിക്കുന്ന ഘടകങ്ങൾ.
സ്പേസാണ് ഇന്റീരിയറിലെ ഹൈലൈറ്റ് എങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ യാതൊരു കുറവും വരുത്തിയിട്ടില്ല. വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ത്രീ സ്പോക്ക് സ്റ്റിയറിങ് വീൽ, ഡാഷ്ബോർഡിലാണ് ഗിയർ നോബ് നൽകിയിരിക്കുന്നത്. ടച്ച് സ്ക്രീൻ ക്ലൈമറ്റ് കൺട്രോൾ പാനലും ആവശ്യത്തിന് സ്റ്റോറേജുകളും ഇന്റീരിയറിന്റെ സവിശേഷതയാണ്. നാലുപേർക്ക് സുഖമായ യാത്ര ചെയ്യാനുള്ള സൗകര്യവും അകത്തളത്തിലുണ്ട്.
ഇ-സ്കൈ ഇലക്ട്രിക് കാറിന്റെ മെക്കാനിക്കൽ സവിശേഷത സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. 64 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന മുന്നിലെ ആക്സിലിൽ ഘടിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തെ ചലിപ്പിക്കുന്നത്. ഇ-സ്കൈ കൺസെപ്റ്റ് മോഡലിന് 270 കിലോമീറ്റർ റേഞ്ചാണ് നിർമാതാക്കൾ ഉറപ്പുനൽകിയിരുന്നത്. എന്നാൽ, പ്രൊഡക്ഷൻ പതിപ്പിൽ 310 കിലോമീറ്റർ റേഞ്ച് നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാപ്പനീസ് നിരത്തുകളിൽ എത്തുമെങ്കിൽ ഇത് ഇന്ത്യയിൽ എത്തുന്ന കാര്യം ഉറപ്പിച്ചിട്ടില്ല.
Content Highlights: Suzuki's first Kei electric car, the e-Sky, has been officially showcased., Offers an expected range of up to 310 km on a single charge., Compact boxy design maximizes interior cabin space for four passengers., Equipped with a front-axle electric motor generating 64 HP power., Production version expected between September and November.