ലക്ഷ്വറി കാർ മാത്രമല്ല, ആസ്റ്റൺ മാർട്ടിന് ഇതും വശമുണ്ട്; സൈനിക വാഹനം ഡ്രെഡ്‌നോട്ട് പ്രദർശിപ്പിച്ചു

#Auto Desk
ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡ്രെഡ്‌നോട്ട് | Photo: Aston Martin
ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡ്രെഡ്‌നോട്ട് | Photo: Aston Martin

ഡംബര വാഹനങ്ങൾ മാത്രം നിർമിച്ച നിരത്തുകളിൽ എത്തിക്കുന്ന വാഹന നിർമാതാക്കൾ എന്ന ഇമേജ് ആയിരുന്നു ബ്രിട്ടീഷ് ആഡംബര സ്‌പോർട്‌സ് കാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടിന് ഉണ്ടായിരുന്നത്. എന്നാൽ, ഒരൊറ്റ വാഹനത്തിലൂടെ ഈ ഇമേജ് പൂർണമായും പൊളിച്ചിരിക്കുകയാണ് ഇവർ. മിലിട്ടറി വാഹനങ്ങളുടെ ഡിസൈനിലുള്ള ഒരു എസ്‌യുവിയുടെ നിർമാണത്തിലൂടെയാണ് ഇപ്പോൾ ആസ്റ്റൺ മാർട്ടിൻ ശ്രദ്ധ നേടിയിരിക്കുന്നത്.

ഡ്രെഡ്‌നോട്ട് എന്ന പേരിലാണ് മിലിറ്ററി വാഹനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന ഈ വാഹനത്തിന് പേര് നൽകിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ന്യൂയോർക്കിൽ അവസാനിച്ച ഫനാറ്റിക്‌സ് ഫെസ്റ്റിലാണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. കോൾ ഓഫ് ഡ്യൂട്ടി: മോഡേൺ വാർവെയർ 4-നായാണ് സൈനിക വാഹനത്തിന്റെ മാതൃകയിലുള്ള ഈ വാഹനം ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

സൈനിക വാഹനങ്ങളുടെ മാതൃകയിൽ ചിൽറ്റേൺ ഗ്രീൻ ഹ്യൂഡ് എന്ന നിറം നൽകി, സൈനിക വാഹനങ്ങൾക്ക് സമാനമായ കരുത്തുറ്റ ഘടകങ്ങളും ഉപയോഗിച്ചാണ് ഡ്രെഡ്‌നോട്ട് നിർമിച്ചിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് ലുക്കാണ് ഈ വാഹനത്തിന്. ഗ്രില്ലിൽ നൽകിയിട്ടുള്ള പിക്‌സൽ ഷേപ്പിലുള്ള എൽഇഡി ഫോഗ് ലാമ്പ്, രണ്ട് വശങ്ങളിലുമായി ലൈനുകൾ പോലെ നൽകിയിട്ടുള്ള ഹെഡ്‌ലാമ്പ്. കരുത്തുറ്റ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുൻവശത്തുള്ളത്.

ഓഫ് റോഡ് ടയറുകൾ നൽകിയിട്ടുള്ള അലോയി വീലുകളാണിതിൽ. സ്‌ക്വയർ ഷേപ്പ് വീൽ ആർച്ചും കാണാം. ടൂ ഡോർ എസ്‌യുവിയാണ്. ഫ്‌ളെഷ് ഡോർ ഹാൻഡിലുകളാണിതിൽ. ക്യാമറ ബെയ്‌സ്ഡ് റിയർവ്യൂ മിററും വശങ്ങളിലായി കരുത്തുറ്റ ഫുട്ട്‌സ്റ്റെപ്പുകളും നൽകിയാണ് വശങ്ങളുടെ ബാക്കി ഡിസൈൻ. പിന്നിൽ എയറോ ഡൈനാമിക് ഫിന്നുകളും എൽഇഡി ടെയ്ൽലൈറ്റുകളുമാണുള്ളത്. ക്വാഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും സിൽവർ ഹുക്കുകളും പിന്നിൽ നൽകുന്നുണ്ട്.

കറുപ്പും പച്ചയും ചേർന്ന് ഇരട്ട നിറങ്ങളിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. അലങ്കാരത്തിനായി ഗോൾഡൻ എലമെന്റുകളും ഉപയോഗിച്ചിട്ടുണ്ട്. ടൂ സ്‌പോക്ക് സ്റ്റിയറിങ് വീൽ, വൃത്താകൃതിയിലുള്ള രണ്ട് സ്‌ക്രീനുകളാണ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററായി പ്രവർത്തിക്കുന്നത്. പാസഞ്ചർ സൈഡ് മുതൽ സ്റ്റിയറിങ്ങിന് സമീപം വരെ നീണ്ടുനിൽക്കുന്ന വലിയ ടച്ച് സ്‌ക്രീനാണ് ഡാഷ്‌ബോർഡിന് ഫ്യൂച്ചറിസ്റ്റിക് സ്വഭാവം നൽകുന്നത്. പച്ച നിറത്തിലുള്ള ലെതർ ഉപയോഗിച്ചാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്.

വാഹനത്തിന്റെ മസ്‌കുലർ ഭാവം താങ്ങാൻ ശേഷിയുള്ള എൻജിനാണ് ഡ്രെഡ്‌നോട്ടിൽ നൽകിയിട്ടുള്ളത്. ആസ്റ്റൺ മാർട്ടിന്റെ വാൻക്വിഷ് ജിടിയിൽ കരുത്തേകുന്ന 5.2 ലിറ്റർ ട്വിൻ ടർബോ വി12 എൻജിനാണ് ഇതിൽ നൽകുന്നത്. 835 എച്ച്പി പവറും 1000 എൻഎം ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. 3.3 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ വാഹനത്തിന് പരമാവധി 345 കിലോമീറ്റർ വേഗമെടുക്കാൻ സാധിക്കും.

Content Highlights: Aston Martin moves beyond luxury sports cars with the military-themed Dreadnought SUV., Unveiled at the Fanatics Fest in New York for Call of Duty: Modern Warfare 4., Features a 5.2L twin-turbo V12 engine producing 835HP and 1000Nm of torque., Achieves 0-100 km/h in 3.3 seconds with a top speed of 345 km/h., High-tech interior with dual circular screens and a dashboard-spanning touchscreen.