ഇലക്ട്രിക്കിലേക്ക് മാറാന്‍ സഹായിച്ചതിന് നന്ദി; പോര്‍ഷെയുടെ ഇ-കാര്‍ സ്വന്തമാക്കി സ്‌പൈഡര്‍മാന്‍

ടോം ഹോളണ്ട് പോര്‍ഷെ ടെയ്കാന്‍ ടര്‍ബോ എസിന് സമീപം | Photo: Social Media
ടോം ഹോളണ്ട് പോര്‍ഷെ ടെയ്കാന്‍ ടര്‍ബോ എസിന് സമീപം | Photo: Social Media

സ്പൈഡര്‍മാന്‍ നോ വേ ഹോം എന്ന ഒരൊറ്റ സിനിമ മതി ടോം ഹോളണ്ട് എന്ന താരത്തെ പരിചയപ്പെടുത്താന്‍. സിനിമ പോലെ തന്നെ വാഹനങ്ങളെയും ഇഷ്ടപ്പെടുന്ന ഈ ബ്രിട്ടീഷ് താരം തന്റെ യാത്രകള്‍ പ്രകൃതി സൗഹാര്‍ദമാക്കുകയാണ്. ഇതിനായി ജര്‍മന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ അടുത്തിടെ വിപണിയില്‍ എത്തിച്ച ഇലക്ട്രിക് മോഡലായ ടെയ്കാന്‍ ടര്‍ബോ എസ് എന്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ടോം ഹോളണ്ട്.

പുതിയ ഇലക്ട്രിക് വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ എന്നെ സഹായിച്ച പോര്‍ഷെയോട് നന്ദി എന്ന കുറിപ്പോടെയാണ് അദ്ദേഹം പുതിയ വാഹനമെത്തിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയില്‍ 2.13 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള പോര്‍ഷെ ടെയ്കാന്റെ ഉയര്‍ന്ന പതിപ്പാണ് താരത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. 

പോര്‍ഷെ പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും കരുത്തനായ സ്‌പോര്‍ട്‌സ് കാറാണ് ടെയ്കാന്‍ ടര്‍ബോ എസ്. രണ്ട് പെര്‍മനന്റ് മാഗ്നെറ്റ് സിംക്രൈണസ് മോട്ടോറുകള്‍ കരുത്തേകുന്ന ഈ ഇലക്ട്രിക് വാഹനം 750 ബി.എച്ച്.പി. പവറും 1050 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 2.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 260 കിലോമീറ്ററാണ്. 93.4kWh ബാറ്ററി നല്‍കിയിട്ടുള്ള ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 390 മുതല്‍ 416 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

ടോം ഹോളണ്ടിന്റെ ഗ്യാരേജില്‍ എത്തുന്ന ആദ്യ ഇലക്ട്രിക് കാര്‍ ടെയ്കാന്‍ ആണെങ്കിലും സൂപ്പര്‍ കാറുകളുടെയും ആഡംബര വാഹനങ്ങളുടെയും വലിയ നിരയാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. റോള്‍സ് റോയിസ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ്, ഔഡി ക്യൂ7, ഔഡി ആര്‍.എസ്.7 സ്‌പോര്‍ട്‌സ്ബാക്ക് തുടങ്ങിയ വാഹനങ്ങളാണ് ഇതില്‍ പ്രധാനം.

Content Highlights: Spider man No Way Home Actor Tom Holland Buys Porsche Taycan Turbo S