കോഡിയാക്കിന്റെ വലിപ്പത്തിൽ സ്കോഡയുടെ ഇലക്ട്രിക് SUV; 7സീറ്റർ വാഹനത്തിന്റെ ടീസർ പുറത്ത്

.
.

ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുറപ്പിക്കാനുള്ള പദ്ധതികളിലാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. ഇതിന്റെ ഭാ​ഗമായി അണിയറയിൽ ഒരുങ്ങുന്ന സെവൻ സീറ്റർ ഇലക്ട്രിക് എസ്.യു.വിയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് സ്കോഡ ഇപ്പോൾ. വിഷന്‍ 7എസ് എന്ന കണ്‍സെപ്റ്റിൽ കമ്പനി നിർമിക്കുന്ന ഇവിയുടെ പ്രൊഡക്ഷൻ പതിപ്പാണ് ടീസറിലുള്ളത്. നേരത്തേ കൺസെപ്റ്റ് മോഡൽ കമ്പനി അവതരിപ്പിച്ചിരുന്നു. 

അത്യാധുനിക ഡിസൈനാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ടീസറിൽ, വാഹനത്തിന്റെ മുൻവശത്തിന്റെയും പിൻവശത്തിന്റെയും ഡിസൈൻ സവിശേഷതകളാണ് വെളിപ്പെടുത്തുന്നത്. ഹെഡ് ലാമ്പിന് പ്രത്യേക രൂപകൽപന ആയിരിക്കുമെന്നാണ് ടീസറിൽനിന്ന് മനസ്സിലാകുന്നത്. 

സ്കോഡയുടെ തനതായ ​ഗ്രില്ലിന് മുകളിയായാണ് ഡിആർഎൽ ഇടംപിടിച്ചിരിക്കുന്നത്. അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.ഫോക്സ് വാ​ഗൺ വാഹനങ്ങൾക്ക് അടിസ്ഥാനമായ MEB EV പ്ലാറ്റ് ഫോമിലാകും നിർമാണം. ഒറ്റചാർജിൽ 600 കിലോമീറ്റർ റേഞ്ച് ലഭിക്കാനാണ് സാധ്യത. 2026-ഓടെ വാഹനം നിരത്തുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, വിപണിയിലെത്തിയാൽ സ്കോഡയുടെ ഏറ്റവും വില കൂടിയ മോഡലായി ഇത് മാറും. കമ്പനി പിൻവലിച്ച കോഡിയാക് എന്ന മോഡലിന് സമാനമായ വലിപ്പം ഇതിനുണ്ടാകും. ഇതോടെ സ്കോഡയുടെ ഏറ്റവും വലിപ്പമേറിയ വാഹനമെന്ന വിശേഷണവും ഈ സെവൻ സീറ്റർ ഇവി സ്വന്തമാക്കും.
കിയ ഇവി 9, ഹ്യുണ്ടായ് അയോണിക് 9 എന്നീ മോഡലുകളാവും എതിരാളികൾ. 

Content Highlights: Skoda Teases New Seven Seat Electric SUV