ഭാരത് മൊബിലിറ്റി എക്‌സ്‌പോ കളറാക്കാനൊരുങ്ങി സ്‌കോഡ; ഒക്ടാവിയ RS, കോഡിയാക് മോഡലുകള്‍ പ്രദര്‍ശനത്തിന്

സെഡാന്‍ സൗന്ദര്യത്തിന്റെ മാതൃകയായി വിശേഷിപ്പിച്ചിരുന്ന വാഹനങ്ങളിലൊന്നായിരുന്നു ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ ഒക്ടാവിയ. കോംപാക്ട് എസ്.യു.വികള്‍ നിരത്ത് കൈയേറിയതിന് പിന്നാലെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്തിരിയേണ്ടി വന്ന ഒക്ടാവിയയെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായി 2025 ജനുവരി 17 മുതല്‍ 22 വരെ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ ഒക്ടാവിയയുടെ പെര്‍ഫോമെന്‍സ് മോഡലായ ഒക്ടാവിയ ആര്‍.എസ്. പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടാവിയയ്‌ക്കൊപ്പം സ്‌കോഡയുടെ പവലിയനില്‍ പുതിയ കോഡിയാക്കും പ്രദര്‍ശനത്തിനെത്തുമെന്നാണ് വിലയിരുത്തല്‍. ഈ വാഹനം 2025-ന്റെ രണ്ടാം പാദത്തില്‍ നിരത്തുകളില്‍ എത്തുമെങ്കിലും ഒക്ടാവിയ ആര്‍.എസ് വിപണിയില്‍ എത്തുന്നത് സംബന്ധിച്ച സൂചനകള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. മൊബിലിറ്റി എക്‌സ്‌പോയിലെത്തുന്ന ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെര്‍ഫോമെന്‍സ് കൊണ്ടും ഡിസൈന്‍ മികവുകൊണ്ടും ഇന്ത്യയില്‍ വലിയ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള വാഹനമാണ് സ്‌കോഡ ഒക്ടാവിയ ആര്‍.എസ്. നാലാം തലമുറ മോഡലാണ് ഇന്ത്യയില്‍ അവസാനമായി എത്തിച്ചത്. എന്നാല്‍, ബി.എസ്.6 രണ്ടാം ഘട്ടം അവതരിപ്പിക്കുകയും സെഡാന്‍ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടാകുകയും ചെയ്തതോടെ ഒക്ടാവിയയുടെ വിപണിയില്‍നിന്ന് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, പല വിദേശ രാജ്യങ്ങളിലും ഈ മോഡല്‍ ഇപ്പോഴും വില്‍പ്പന തുടരുന്നുണ്ട്.
ആഗോള വിപണിയിലെ ഒക്ടാവിയ ആര്‍.എസ്. മോഡലില്‍ കരുത്തേകുന്നത് 150 ബി.എച്ച്.പി. പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 265 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമാണ്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനുകളില്‍ എത്തുന്ന ഈ വാഹനത്തില്‍ 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും നല്‍കുന്നുണ്ട്. 150 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഒക്ടാവിയയില്‍ നല്‍കുന്നുണ്ട്.
സ്‌കോഡ കോഡിയാക്
സ്‌കോഡയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ കോഡിയാക്കിന്റെ പുതുതലമുറ മോഡലാണ് മൊബിലിറ്റി എക്‌സ്‌പോയില്‍ എത്തുന്ന മറ്റൊരു മോഡല്‍. നിലവിലെ മോഡലില്‍ നിന്ന് വലിയ ഡിസൈന്‍ മാറ്റങ്ങളോടെയും ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തുമാണ് പുതിയ കോഡിയാക് ഒരുങ്ങുന്നത്. പുതുമ വരുത്തിയിട്ടുള്ള ബട്ടര്‍ഫ്‌ളൈ ഗ്രില്ല്, എല്‍.ഇ.ഡി. മാട്രിക്സ് ഹെഡ്ലൈറ്റുകള്‍, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പുതുമയുള്ള ബോണറ്റ്, ഹണി കോമ്പ് ഡിസൈന്‍ എയര്‍ ഇന്‍ടേക്ക് എന്നിവയാണ് ഡിസൈന്‍ വരുത്തുന്ന പുതുമകള്‍.
തലമുറ മാറ്റത്തിന് ഇണങ്ങുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ അകത്തളത്തിലും വരുത്തുന്നുണ്ട്. ആഡംബര സംവിധാനങ്ങള്‍ക്കൊപ്പം 13 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10 ഇഞ്ച് വെര്‍ച്വല്‍ കോക്പിറ്റുമാണ് അകത്തളത്തിന് സാങ്കേതിക മികവേകുന്നത്. സെന്റര്‍ കണ്‍സോളിലെ സ്മാര്‍ട്ട് ഡയലുകള്‍, ഓപ്ഷണല്‍ ഹെഡ് അപ്പ് ഡിസ്പ്ലേ, മോഡുകള്‍ക്ക് അനുസരിച്ച് മാറുന്ന ഡിജിറ്റല്‍ ഡിസ്പ്ലേ എന്നിവയും ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കും.
അതേസമയം, മെക്കാനിക്കലായുള്ള മാറ്റങ്ങള്‍ ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ല. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ കോഡിയാക്കിനും കരുത്തേകുക. ഇത് 190 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മുന്‍ മോഡലിലേതിന് സമാനമായി 4x4 ഡ്രൈവ് ട്രെയിന്‍ സംവിധാനവും പുതുതലമുറ കോഡിയാക്കില്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Skoda Octavia RS performance model to be showcased at Bharat Mobility Expo