സ്കോഡ ഒക്ടാവിയയ്ക്ക് 30 തികഞ്ഞു; ലോകമെങ്ങും ഓടുന്നത് 79 ലക്ഷം വണ്ടികൾ

സ്കോഡ എന്ന വാഹന നിർമാതാക്കൾക്ക് ലോകത്തുടനീളം മേൽവിലാസം ഉണ്ടാക്കികൊടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള മോഡലാണ് ഒക്ടാവിയ എന്ന സെഡാൻ മോഡൽ. ലോകത്താകമാനമുള്ള നിരത്തുകളിലൂടെയുള്ള ഒക്ടാവിയ സെഡാന്റെ യാത്രകൾ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്. സ്കോഡയുടെ ചരിത്രത്തിന്റെ ഭാഗമായ ഈ വാഹനത്തിന്റെ 30-ാം പിറന്നാൾ ആഘോഷിക്കുകയാണ് ചെക്ക് വാഹന നിർമാതാക്കൾ.
1996-ലാണ് സ്കോഡ ഒക്ടാവിയയുടെ മോഡേൺ സെഡാൻ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 1996 സെപ്റ്റംബർ മൂന്നാം തിയതിയാണ് ചെക്ക് റിപ്പബ്ലിക്കിലുള്ള സ്കോഡയുടെ മ്ലാഡ ബോലെസ്ലാവ് പ്ലാന്റിൽനിന്ന് മോഡേൺ സ്കോഡ ഒക്ടാവിയ പുറത്തിറങ്ങുന്നത്. അന്ന് മുതൽ കഴിഞ്ഞ 30 വർഷത്തിനുള്ളിൽ നാല് തലമുറകളിലായി 79 ലക്ഷത്തോളം ഒക്ടാവിയ നിർമിക്കപ്പെട്ടിട്ടുണ്ടെന്നാണ് സ്കോഡ അറിയിച്ചിരിക്കുന്നത്.
മോഡേൺ ഒക്ടാവിയ എന്ന വിശേഷിപ്പിക്കുന്നതിന് പിന്നിലും ഒരു കാരണമുണ്ട്. 1959-നും 71-നും ഇടയിൽ നിർമിച്ചിട്ടുള്ള ഒരു വാഹനത്തിനാണ് ആദ്യമായി ഒക്ടാവിയ എന്ന പേര് നൽകിയിരുന്നത്. പിന്നീട് ഉത്പാദനം അവസാനിപ്പിച്ച ഈ വാഹനത്തിന്റെ പേരാണ് 1996-ൽ സ്കോഡയുടെ സെഡാൻ മോഡലിനായി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ മോഡേൺ ഒക്ടാവിയ എന്നാണ് ഈ വാഹനത്തെ വിശേഷിപ്പിച്ചിരുന്നത്. 1991-ൽ ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ഭാഗമായതിന് ശേഷമാണ് ഈ സ്കോഡ വാഹനത്തിന്റെ ജനനം.
1992-ലാണ് ഒക്ടാവിയയുടെ ഡിസൈനിങ് ആരംഭിക്കുന്നത്. ആ കാലഘട്ടത്തിലെ സ്കോഡയുടെ ഡിസൈൻ മേധാവിയായിരുന്ന ഡിർക്ക് വാൻ ബ്രേക്കലിന്റെ നേതൃത്വത്തിലാണ് ഒക്ടാവിയ എന്ന മോഡേൺ കാറിന്റെ രൂപകൽപ്പന നടക്കുന്നത്. നാല് വർഷങ്ങൾക്ക് ശേഷം 1996 ഏപ്രിൽ മാസത്തിലാണ് ആദ്യ ഒക്ടാവിയയുടെ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, ഒരു ലിഫ്റ്റ്ബാക്ക് ഷേപ്പിലായിരുന്നു ആദ്യ ഒക്ടാവിയ എത്തിയത്.
രണ്ട് വർഷങ്ങൾക്കിപ്പുറം 1998-ൽ ഒക്ടാവിയ കോംബി എസ്റ്റേറ്റ് പതിപ്പായി മാറുകയായിരുന്നു. 1999-ൽ ഒരു ഓൾ വീൽ ഡ്രൈവ് സെഡാനായും ഒക്ടാവിയ രൂപാന്തരം പ്രാപിക്കുകയായിരുന്നു. ഒക്ടാവിയ എന്ന വാഹനത്തിന് സ്പോർട്ടി വാഹനം എന്ന ഇമേജ് സമ്മാനിച്ച് 2000-ത്തിൽ സ്കോഡയുടെ ഒക്ടാവിയ ആർ.എസ്. നിരത്തുകളിൽ എത്തുകയായിരുന്നു. ആദ്യ തലമുറയിൽ എത്തിയ ഈ വാഹനത്തിന്റെ 1.44 മില്ല്യൺ യൂണിറ്റാണ് സ്കോഡ പുറത്തിറക്കിയത്.
2004-ലാണ് ഒക്ടാവിയയിൽ ആദ്യ തലമുറ മാറ്റമുണ്ടാകുന്നത്. ഈ രണ്ടാം തലമുറ മോഡൽ 2013 വരെ നിരത്തുകളിൽ സജീവ സാന്നിധ്യമായി. ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (ഡിഎസ്ജി) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഒക്ടാവിയയിൽ എത്തിയത് ഈ കാലഘട്ടത്തിലാണ്. ഉയർന്ന ബൂട്ട് സ്പേസ് ഈ വാഹനത്തിന്റെ ഹൈലൈറ്റായിരുന്നു. 2.6 മില്ല്യൺ യൂണിറ്റുകൾ പുറത്തിറക്കി, ഒടുവിൽ 2013-ഒാടെ രണ്ടാം തലമുറ അവസാനിച്ചു.
2012-ൽ തന്നെ മൂന്നാം തലമുറയിലേക്ക് ഒക്ടാവിയ കടന്നിരുന്നു. കൂടുതൽ പരിഷ്കാരങ്ങൾ കണ്ട മോഡൽ ഒരുപക്ഷെ മൂന്നാം തലമുറ ആയിരിക്കും. ഭാരം കുറഞ്ഞ ബോഡി, ടിഎസ്ഐ, ടിഡിഐ എൻജിനുകൾ, പ്രീമിയം വാഹനങ്ങളിൽ മാത്രം നൽകിയിരുന്ന ഡ്രൈവർ അസിസ്റ്റൻസ് സാങ്കേതികവിദ്യകളും, ബ്രേക്ക് എനർജി റീ കൂപ്പറേഷൻ, ലോ-റോളിങ്-റെസിസ്റ്റൻസ് ടയറുകൾ തുടങ്ങിയവ നൽകി ഇന്ധനക്ഷമത വർധിപ്പിക്കുന്ന ഗ്രീൻ ലൈൻ പതിപ്പും ഈ കാലയളവിൽ നിരത്തുകളിലെത്തി.
നാലാം തലമുറ മോഡലാണ് നിലവിൽ നിരത്തുകളിൽ ഉള്ളത്. 2019 നവംബറിലാണ് ഈ മോഡലിന്റെ വരവ്. ലിഫ്റ്റ്ബാക്ക്, കോംബി ബോഡി സ്റ്റൈലുകളിലായിരുന്നു അരങ്ങേറ്റം. 2024-ൽ ഈ പതിപ്പിന് ഒരു മുഖംമിനുക്കൽ കൂടി ലഭിച്ചിരുന്നു. കണക്ടിവിറ്റി ഫീച്ചറുകൾ, സുരക്ഷ സംവിധാനങ്ങൾ എന്നിവയായിരുന്നു കൂട്ടിച്ചേർക്കലുകൾ. ബെസ്റ്റ് കാർ അവാർഡുകളും ഗോൾഡൻ സ്റ്റിയറിങ് വീൽ പുരസ്കാരവും തുടങ്ങിയ അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള വാഹനവുമാണ് സ്കോഡ ഒക്ടാവിയ.
Content Highlights: Skoda Octavia completes 30 years of global legacy since 1996., Over 7.9 million units produced across four generations., Evolution from liftback and estate models to advanced RS variants., Recipient of multiple international accolades including the Golden Steering Wheel.