ഗിരിയേട്ടന്റെ മാത്രമല്ല, ഡോണിന്റെ സെറ്റപ്പും റിച്ചായി; BMW ആഡംബര സെഡാൻ സ്വന്തമാക്കി സാഗർ സൂര്യ

#Auto Desk
നടന്‍ സാഗര്‍ സൂര്യ തന്റെ ബിഎംഡബ്ല്യുവിനൊപ്പം | Photo: Instagram/Sagar Surya
നടന്‍ സാഗര്‍ സൂര്യ തന്റെ ബിഎംഡബ്ല്യുവിനൊപ്പം | Photo: Instagram/Sagar Surya

ലയാള സിനിമയിലെ യുവതാര നിരയിലേക്ക് ചുവടുവയ്ക്കുന്ന നടനാണ് സാഗർ സൂര്യ. ‘പണി’യിലെ ക്രൂരനായ വില്ലനായും ‘പ്രകമ്പന’ത്തിലെ പുണ്യാളനായുമെല്ലാം വേഷപ്പകർച്ച നടത്തിയ താരം തന്റെ യാത്രകൾക്കായി ഒരു ആഡംബര വാഹനത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഫൈവ് സീരീസ് സെഡാനാണ് സാഗർ സൂര്യ സ്വന്തമാക്കിയിരിക്കുന്നത്.

ഈ വിഷു കൂടുതൽ പ്രകാശപൂരിതമാകുമെന്ന കുറിപ്പോടെ സാഗർ തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. പ്രീ ഓൺഡ് വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് വിവരം. എന്നാൽ, ഏത് വർഷം നിർമിച്ച വാഹനമാണെന്നോ വില സംബന്ധിച്ച വിവരങ്ങളോ ലഭ്യമായിട്ടില്ല. മുമ്പ് പെട്രോൾ-ഡീസൽ എൻജിനുകളിൽ ഫൈവ് സീരീസ് എത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ പെട്രോൾ എൻജിനിൽ മാത്രമാണ് ഈ വാഹനം എത്തുന്നത്.

രണ്ട് ഡീസൽ എൻജിനുകളിലും ഒരു പെട്രോൾ എൻജിനിലുമാണ് ബിഎംഡബ്ല്യു ഫൈവ് സീരീസ് മുൻ കാലങ്ങളിൽ നിരത്തുകളിൽ എത്തിയിരുന്നത്. 520ഡി, 530ഡി എന്നീ ഡീസൽ വകഭേദങ്ങളും 530ഐ എന്ന പെട്രോൾ പതിപ്പുമായിരുന്നു ബിഎംഡബ്ല്യു എത്തിച്ചിരുന്നത്.

2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എൻജിൻ മോഡൽ 190 ബിഎച്ച്പി പവറും 400 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇസഡ് എഫ് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ ആഡംബര സെഡാനിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 261 ബിഎച്ച്പി പവറും 620 എൻഎം ടോർക്കുമേകുന്ന 3.0 ലിറ്റർ ഡീസൽ എൻജിനിലും 248 ബിഎച്ച്പി പവറും 350 എൻഎം ടോർക്കുമേകുന്ന പെട്രോൾ എൻജിനിലും ഈ വാഹനം എത്തിയിരുന്നു.

നിലവിൽ ഫൈവ് സീരീസിന്റെ ലോങ് വീൽബേസ് പതിപ്പ് മാത്രമാണ് വിപണിയിൽ എത്തുന്നത്. ബിഎംഡബ്ല്യു ഫൈവ് സീരീസിന്റെ എട്ടാം തലമുറ മോഡലാണ് ലോങ് വീൽ ബേസ് പതിപ്പായി എത്തിയിരിക്കുന്നത്. ഒറ്റ വേരിയന്റിൽ മാത്രം വിപണിയിൽ എത്തിയിട്ടുള്ള ഈ മോഡലിന് 72.35 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

2.0 ലിറ്റർ നാല് സിലിണ്ടർ ട്വിൻ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇതിനൊപ്പം 48 വോൾട്ട് ഹൈബ്രിഡ് സംവിധാനവും ഈ എൻജിനൊപ്പം ചേർത്തിട്ടുണ്ട്. 258 ബി.എച്ച്.പി. പവറും 400 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. കേവലം 6.5 സെക്കന്റിൽ പൂജ്യത്തിൽനിന്ന് 100 കിലോ മീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. 15.7 കിലോ മീറ്റർ ഇന്ധനക്ഷമതയാണ്  വാഹനത്തിന് നിർമാതാക്കൾ ഉറപ്പു നൽകുന്നത്.

Content Highlights: Sagar Surya purchases a pre-owned BMW 5 Series sedan in 2026., The 2026 BMW 5 Series lineup features a 2.0L twin-turbo petrol engine with 48V hybrid technology., The latest eighth-generation model offers 258 bhp and 400 Nm of torque., Performance highlights include 0-100 km/h acceleration in 6.5 seconds., Current India showroom pricing for the 5 Series LWB model stands at ₹72.35 lakh.