ഇന്ത്യൻ വാഹനവിപണി ലക്ഷ്യമിട്ട് മറ്റൊരു ചൈനക്കാരൻ കൂടി; ഹൈബ്രിഡ് കരുത്തിൽ റോക്സ് മോട്ടോഴ്സ്

#Auto Desk
റോക്‌സ് അഡമാസ് | Photo: Rox Motors
റോക്‌സ് അഡമാസ് | Photo: Rox Motors

ചൈനീസ് വാഹന നിർമാതാക്കളുടെ ഇഷ്ടവിപണികളിൽ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. ഒന്നിന് പുറകെ മറ്റൊന്നായി ഇന്ത്യയിലേക്ക് എത്തുന്ന ചൈനീസ് വാഹന കമ്പനികൾ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. ജെഎസ്ഡബ്ലു മോട്ടോഴ്‌സുമായി സഹകരിച്ച് ചൈനീസ് വാഹന നിർമാതാക്കളായ ചെറിയുടെ ഏതാനും മോഡലുകൾ ഇന്ത്യയിൽ എത്തുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ മറ്റൊരു ചൈനീസ് വാഹന നിർമാതാക്കൾ കൂടി ഇന്ത്യയിലേക്കുള്ള പ്രവേശനത്തിനുള്ള അവസരം തേടിയിരിക്കുകയാണ്.

ചൈനയിലെ മുൻനിര ഹൈബ്രിഡ് വാഹന നിർമാതാക്കളായ റോക്‌സ് മോട്ടോഴ്‌സ് എന്ന കമ്പനിയാണ് ഇന്ത്യൻ നിരത്തുകളിൽ തങ്ങളുടെ മോഡലുകൾ എത്തിക്കുന്നതിനുള്ള പേറ്റന്റ് നേടിയിരിക്കുന്നത്. ചൈനീസ് വാഹന വിപണിയിലെ ഇളമുറക്കാർ എന്ന വിശേഷിപ്പിക്കാവുന്ന ഈ കമ്പനി 2023-ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ തന്നെ രണ്ട് മോഡലുകൾ, വാഹന നിരയിലേക്ക് എത്തിക്കാനും റോക്‌സ് മോട്ടോഴ്‌സിന് സാധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

റോക്‌സ് 01, റോക്‌സ് അഡമാസ് എന്നീ രണ്ട് മോഡലുകളാണ് അവർ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ അഡമാസ് എന്ന മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിനാണ് പേറ്റന്റ്  ലഭിച്ചിരിക്കുന്നത്. അഞ്ച് മീറ്ററിലധികം നീളമുള്ള ഫുൾ സൈസ് എസ്‌യുവിയാണ് അഡമാസ്. ബോക്‌സി രൂപത്തിൽ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് ലാൻഡ് റോവർ ഡിഫൻഡർ എസ്‌യുവിയുമായി രൂപസാദൃശ്യവുമുണ്ട്. ആറ്, സീറ്റ് സീറ്റിങ് ലേഔട്ടുകളിൽ ഒരുങ്ങുന്ന അഡമാസിന് മൂന്ന് മീറ്റർ വീൽബേസാണുള്ളത്.

ആകർഷകമായ രൂപമാണ് അഡമാസിൽ നൽകിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പ്, ടി ഷേപ്പിൽ നൽകിയിട്ടുള്ള എൽഇഡി ഡിആർഎൽ, മസ്‌കുലർ ബമ്പർ, വലിപ്പമുള്ള എയർഡാം തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ മുൻ ഭാഗത്ത് എടുത്ത് പറയേണ്ട അലങ്കാരങ്ങൾ. 21 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് അതിൽ നൽകിയിരിക്കുന്നത്. ടെയ്ൽലാമ്പും ടി-ഷേപ്പിൽ തന്നെയാണ് നൽകിയിരിക്കുന്നത്. സ്‌പെയർ വീൽ പിന്നിലെ ഡോറിൽ നൽകിയിരിക്കുന്നത് ഡിസൈൻ മികവിന് ഉദാഹരണമാണ്.

ഫീച്ചർ സമ്പന്നമായ അകത്തളമാണ് അഡമാസിൽ നൽകിയിരിക്കുന്നത്. ഡാഷ് ബോർഡിൽ തലയുയർത്തി നിൽക്കുന്ന ഫ്‌ളോട്ടിങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ടൂ സ്‌പോക്ക് മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ, ത്രീ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്‌റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള സെന്റർ കൺസോൾ, ഹീറ്റിങ്-വെന്റിലേറ്റഡ് മസാജിങ് സംവിധാനങ്ങളുള്ള മുൻനിര സീറ്റുകൾ എന്നിങ്ങനെ ഇന്റീരിയറിൽ നൽകിയിട്ടുള്ള ഫീച്ചറുകൾ.

ഹൈബ്രിഡ് വാഹന നിർമാതാക്കൾ എന്ന മേൽവിലാസമാണ് റോക്‌സ് മോട്ടോഴ്‌സിനുള്ളത്. 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായാണ് അഡമാസ് ഒരുങ്ങിയിരിക്കുന്നത്. എൻജിനും മോട്ടോറുകളും ചേർന്ന് 469 ബിഎച്ച്പി പവറും 740 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോർ വീൽ ഡ്രൈവ് സംവിധാനത്തിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് ഇവി മോഡിൽ 235 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്.

Content Highlights: Rox Motor, a Chinese hybrid vehicle manufacturer, has patented the Adamas SUV for the Indian market., The Adamas is a full-size SUV with a design reminiscent of the Land Rover Defender., Features a 1.5L petrol engine paired with dual electric motors, producing 469 bhp and 740 Nm of torque., Offers a 235 km range in pure EV mode and includes premium interior features like ventilated massaging seats.