കാഴ്ചയിൽ പട്രോളിനെ പോലെ; അവതരണത്തിന് മുന്നോടിയായി നിസാൻ ടെക്റ്റണിന്റെ ചിത്രം പുറത്ത്

ഇന്ത്യൻ വാഹന വിപണിയിൽ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. മാഗ്‌നൈറ്റ് എന്ന കോംപാക്ട് എസ്‌യുവിയിലൂടെ ആരംഭിച്ച രണ്ടാം ഇന്നിങ്‌സിലേക്ക് കൂടുതൽ മോഡലുകൾ എത്തിച്ചാണ് നിസാൻ ഇന്ത്യൻ നിരത്തുകളിൽ ചുവടുറപ്പിക്കുന്നത്. മാഗ്‌നൈറ്റ്, എക്‌സ്-ട്രെയിൽ, ഗ്രാവൈറ്റ് തുടങ്ങിയ വാഹനങ്ങളിലേക്ക് ടെക്റ്റൺ എന്ന മിഡ് സൈസ് എസ്‌യുവിയാണ് വരവിനൊരുങ്ങിയിരിക്കുന്നത്.
ജൂലായ് ഒമ്പതിന് ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് അറിയിച്ചിരിക്കുന്ന ടെക്റ്റണിന്റെ പുതിയ ടീസർ ചിത്രം നിസാൻ പുറത്തുവിട്ടു. മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന ടെക്റ്റണിന്റെ ഡിസൈൻ സവിശേഷതകൾ വെളിപ്പെടുത്തുന്നതാണ് പുതിയ ടീസർ ചിത്രം. നിസാന്റെ എക്കാലത്തേയും സൂപ്പർ ഹിറ്റ് മോഡലായ പട്രോൾ എസ്‌യുവിയുമായി ഡിസൈൻ സവിശേഷതകൾ പങ്കിട്ടാണ് ടെക്റ്റൺ ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്.
കണക്ടഡ് എൽഇഡി ഹെഡ്‌ലാമ്പും ബോണറ്റിൽ നൽകിയിട്ടുള്ള വലിയ ടെക്റ്റൺ ബാഡ്ജിങ്ങും ഗ്രില്ലിൽ നിന്നും രണ്ട് വശങ്ങളിലേക്ക് നീളുന്ന ചുവപ്പ് നിറത്തിലുള്ള സ്ട്രിപ്പും സ്‌കിഡ് പ്ലേറ്റ് പതിപ്പിച്ചിരിക്കുന്ന ബമ്പറുമെല്ലാമാണ് പ്രധാനമായും ടീസറിൽ നൽകിയിരിക്കുന്നത്. അലോയി വീൽ, റിയർ ഡിസൈൻ, സി പില്ലറിലെ ഡോർ ഹാൻഡിൽ തുടങ്ങിയ ഫീച്ചറുകളെല്ലാം നിസാൻ മുമ്പുതന്നെ വെളിപ്പെടുത്തിയിരുന്നു.
ഒരു പൂർണ എസ്‌യുവിയുടെ ഭാവമാണ് ടെക്റ്റണിന്റെ വശങ്ങൾക്കുള്ളത്. പിൻഭാഗത്ത്, ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽ-ലൈറ്റ് ബാർ ഉണ്ട്. കൂടാതെ, റിയർ സ്പോയിലർ, ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ബ്രേക്ക് ലാമ്പ്, വലിയ അലോയ് വീലുകൾ എന്നിവ ഇതിന്റെ പ്രീമിയം എസ്യുവി ഭംഗി വർധിപ്പിക്കുന്നു. ഇന്റീരിയർ ഡിസൈൻ. ഫീച്ചറുകൾ സംബന്ധിച്ചുള്ള വിവരങ്ങളിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ് നിസാൻ.
റെനോ അടുത്തിടെ തിരിച്ചെത്തിച്ച ഡസ്റ്ററിനെ അടിസ്ഥാനമാക്കിയായിരിക്കും ടെക്റ്റൺ ഒരുങ്ങുകയെന്നാണ് റിപ്പോർട്ട്. മെക്കാനിക്കൽ സംവിധാനങ്ങൾ പങ്കിടുന്നുണ്ടെങ്കിലും ഡിസൈനിൽ തികച്ചും വ്യത്യസ്തത പുലർത്തിയായിരിക്കും ടെക്റ്റൺ എസ്യുവി നിർമിക്കുന്നത്. ഗ്രീക്ക് ഭാഷയിൽനിന്ന് ഉത്ഭവിച്ച 'ടെക്റ്റൺ' എന്ന പേരിന് 'ശില്പി' അല്ലെങ്കിൽ 'വാസ്തുശില്പി' എന്നാണ് അർഥം. പട്രോൾ എസ്യുവിയാണ് ടെക്റ്റന്റെ രൂപകൽപനയുടെ പ്രചോദനമെന്ന് മുമ്പും നിർമാതാക്കൾ അറിയിച്ചിരുന്നു.
റെനോ ഡസ്റ്ററുമായി പങ്കിടുന്ന CMF-B പ്ലാറ്റ്‌ഫോമിലാണ് ടെക്റ്റൺ നിർമിച്ചിരിക്കുന്നത്. ഡസ്റ്ററിൽ പ്രവർത്തിക്കുന്ന 100 ബിഎച്ച്പി പവറും 160 എൻഎം ടോർക്കും നൽകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും 163 ബിഎച്ച്പി പവറും 280 എൻഎം ടോർക്കുമേകുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനും ടെക്റ്റോണിലും നൽകിയേക്കും. ഈ വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പ് രണ്ടാം ഘട്ടത്തിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Nissan Tekton SUV officially teased with design elements inspired by the Nissan Patrol., Official Indian market launch scheduled for July 9th., Built on the CMF-B platform shared with the Renault Duster., Features include connected LED headlights, full-width LED tail-light bar, and bold badging., Expected to offer 1.0L and 1.3L turbo petrol engine options.