ഒരുമിച്ചെത്താനൊരുങ്ങി നിസാന്‍ മാഗ്നൈറ്റും കിക്‌സ് ടര്‍ബോയും; വൈകാതെ നിരത്തില്‍

ഇന്ത്യന്‍ നിരത്തുകള്‍ക്കായി സബ് ഫോര്‍ മീറ്റര്‍ എസ്‌യുവിയുടെ പണിപ്പുരയിലാണ് ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്‍. നിസാന്‍ ഇഎം2 എന്ന് കോഡ്‌നെയിം നല്‍കി നിര്‍മിക്കുന്ന ഈ വാഹനത്തിന്റെ പേര് മാഗ്നൈറ്റ് എന്നായിരിക്കുമെന്നാണ് സൂചന. ഈ വാഹനവും എസ്‌യുവി മോഡലായ കിക്‌സിന്റെ ടോര്‍ബോ പതിപ്പും ഒരേസമയം നിരത്തിലെത്താനൊരുങ്ങുകയാണ്. 

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലാണ് നിസാന്‍ കിക്‌സിന്റെ സാന്നിധ്യമറിയിച്ചിരിക്കുന്നത്. ശക്തമായ മത്സരം നടക്കുന്ന ഈ ശ്രേണിയില്‍ പിടിച്ചുനില്‍ക്കുന്നതിനുള്ള മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയാണ് കിക്‌സ് എത്തുന്നത്. കിക്‌സിന് കരുത്തേകാന്‍ ടര്‍ബോ എന്‍ജിന്‍ നല്‍കുമെന്നാണ് നിസാന്‍ അറിയിച്ചിരിക്കുന്നത്. കാഴ്ചയില്‍ ആകര്‍ഷകമായ വാഹനമാണ് കിക്‌സ്.

1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ടോര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കിക്‌സില്‍ സ്ഥാനം പിടിക്കുന്നത്. ഇത് 156 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ റെനോ പ്രദര്‍ശിപ്പിച്ച ഡസ്റ്ററില്‍ ഈ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം പകുതിയോടെ എത്തുന്ന ക്യാപ്ച്വര്‍ എസ്‌യുവിയിലും ഈ എന്‍ജിനാണ്. 

അതേസമയം, ഇന്ത്യയില്‍ കരുത്താര്‍ജിക്കുന്ന മറ്റൊരു വാഹനശ്രേണിയാണ് സബ്-ഫോര്‍ മീറ്റര്‍ എസ്‌യുവി. ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, മാരുതി വിത്താര ബ്രെസ തുടങ്ങിയ കരുത്തരായി മോഡലുകള്‍ അരങ്ങുവാഴുന്ന ശ്രേണിയിലേക്കാണ് നിസാന്റെ കോംപാക്ട് എസ്‌യുവിയായ മാഗ്നൈറ്റ് എത്തുന്നത്. 

അതേസമയം, റെനോ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് നിസാന്‍ മാഗ്നൈറ്റ് ഒരുങ്ങുന്നത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടോര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ഈ എസ്‌യുവിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 99 ബിഎച്ച്പി പവറും 160 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുകളും മാഗ്നൈറ്റില്‍ ഒരുങ്ങും.

Source: India Car News

Content Highlights: Nissan Magnite and Kicks Turbo Launching Soon in India

Content Highlights: