എക്സ്ട്രാ ബ്യൂട്ടി... പുത്തൻ എക്‌സ്.സി 90 എത്തി, വോൾവോയുടെ സുരക്ഷയ്ക്കൊപ്പം ആഡംബരവും

photo: volvo
photo: volvo

സ്വീഡിഷ് ആഡംബര വാഹന നിർമാതാക്കളായ വോൾവോയുടെ പ്രീമിയം എസ്.യു.വി എക്‌സ് സി 90യുടെ പുത്തൻ പതിപ്പ് ഇന്ത്യയിലെത്തി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എസ്.യു.വികളിലൊന്ന് എന്ന വിശേഷണമുള്ള ഈ വാഹനത്തിന്റെ ഫെയ്സ് ലിഫ്റ്റ് മോഡലാണ് കമ്പനി അവതരിപ്പിച്ചത്. 

അതേസമയം, മെക്കാനിക്കലിയുള്ള മാറ്റങ്ങൾക്ക് കമ്പനി മുതിർന്നിട്ടില്ല. 250 എച്ച്.പി. പവറും 360 എൻ.എം.ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ മൈൽഡ് ഹൈബ്രിഡ് എൻജിൻ നിലനിർത്തി. 8സ്പീഡ് ​ഗിയർബോക്സിനും മാറ്റമില്ല. ഓൾ വീൽ ഡ്രൈവ് സംവിധാനം സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേ​ഗത കൈവരിക്കാൻ വേണ്ടത് 7.7 സെക്കൻഡ് മാത്രമാണ്. 

മാറ്റങ്ങൾ

അടിസ്ഥാന ഡിസൈനിൽ കാര്യമായ മാറ്റം വരുത്താൻ വോൾവോ തയ്യാറായിട്ടില്ല. എന്നാൽ എക്സ്റ്റീരിയറിലെ ചില മാറ്റങ്ങൾ വാഹനത്തിന്റെ ലുക്ക് വർധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ ക്രോം ​ഗ്രില്ല്, സ്ലീക്കർ മാട്രിക്സ് ഡിസൈൻ എൽ.ഇ.ഡി ഹെഡ് ലാമ്പ് എന്നിവ മുൻവശത്തെ കൂടുതൽ മനോഹരമാക്കി. ടെയിൽ ലാമ്പുകൾക്കും മാറ്റമുണ്ട്. പുതിയ ഡിസൈനിലാണ് മുന്നിലേയും പിന്നിലേയും ബമ്പറുകൾ ഒരുക്കിയിരിക്കുന്നത്. 

സവിശേഷതകൾ

ബ്ലാക്ക് ഡയമണ്ട് കട്ട് മൾട്ടി സ്പോക്ക് അലോയ് വീലുകൾ, അലൂമിനിയം റൂഫ് റെയിൽസ്, പനോരമിക് സൺറൂഫ്, എയർ സസ്പെൻഷൻ എന്നിവ പ്രധാന സവിശേഷതയാണ്. 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 11.2 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ബോവേഴ്സ് ആൻഡ് വിൽകിൻസിന്റെ 19 സ്പീക്കറുകൾ ഉള്ള സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലി കൺട്രോൾ, വെന്റിലേറ്റഡ്, മസാജ് സംവിധാനങ്ങളുള്ള സീറ്റുകൾ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹെഡ് അപ് ഡിസ്പ്ലേ എന്നീ ഫീച്ചറുകളും നൽകിയിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ എയർപ്യൂരിഫയർ സംവിധാനമാണ് എക്‌സ്.സി 90യിൽ ഉള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. 360 ഡി​ഗ്രി ക്യാമറ, പാർക്ക് അസിസ്റ്റ്, അഡാസ് തുടങ്ങീ സുരക്ഷയുടെ കാര്യത്തിലും കമ്പനി യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.  

1,02,89,900 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 1,00,89,900 കോടി രൂപയായിരുന്നു മുൻ മോഡലിന്റെ എക്സ്ഷോറൂം വില. എക്സ്.സി 40, എക്സ്.സി 60, എക്സ്.സി 90, എസ്90 സെഡാൻ, C40 റീചാർജ് ഇലക്ട്രിക് എസ്.യു.വി, ഇ.എക്സ്.40 ഇലക്ട്രിക് എസ്.യു.വി എന്നിവയാണ് ഇന്ത്യൻ നിരത്തിലുള്ള വോൾവോ മോഡലുകൾ.

Content Highlights: New Volvo XC90 launched India