മുഖം മിനുക്കലല്ല, ഇത് രൂപമാറ്റം; അടിമുടി മാറി ആള്‍ട്ടോ, ചിത്രങ്ങള്‍ പുറത്ത്

മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ വാഹനമായ ആള്‍ട്ടോയുടെ മുഖം മിനുക്കല്‍ പൂര്‍ത്തിയായെന്നും ഓഗസ്റ്റ് 18-ാം തീയതി ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നതും രഹസ്യമല്ല. എന്നാല്‍, കേവലം മുഖം മിനുക്കല്‍ മാത്രമല്ല രൂപമാറ്റം എന്ന വിശേഷണമായിരിക്കും ആള്‍ട്ടോയുടെ പുതിയ രൂപമായ ആള്‍ട്ടോ കെ10-ന് ചേരുകയെന്നാണ് ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഉയരുന്ന അഭിപ്രായങ്ങള്‍. വാഹനത്തില്‍ വരുത്തിയിട്ടുള്ള എല്ലാ മാറ്റങ്ങളും തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സങ്കല്‍പ്പങ്ങള്‍ക്ക് അതിതമായ മാറ്റമാണ് ഡിസൈനില്‍ വരുത്തിയിരിക്കുന്നത്. രണ്ട് വശങ്ങളിലും പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ്, സെലേറിയോയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഹെഡ്‌ലാമ്പ്, ഗാര്‍ണിഷ് നല്‍കി അലങ്കരിച്ചിട്ടുള്ള വലിയ ഗ്രില്ല്, ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള റെഡ് ആക്‌സെന്റ്, ആക്‌സെന്റുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള നീളത്തില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്‌ലാമ്പ് തുടങ്ങിയവയാണ് പുതിയ ആള്‍ട്ടോ കെ10-ന്റെ മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള പുതുമകള്‍.
ഡോറിലൂടെ പിന്നിലേക്ക് നീളുന്ന ഷോര്‍ഡര്‍ ലൈന്‍, താഴെ ഭാഗത്തായി സ്ഥാനമുറപ്പിച്ചിട്ടുള്ള ക്ലാഡിങ്ങ്, റിയര്‍ വ്യൂ മിററിലുള്ള കവര്‍ എന്നിവയാണ് വശങ്ങളുടെ സൗന്ദര്യം. പൂര്‍ണമായും ഡിസൈന്‍ മാറിയാണ് ടെയ്ല്‍ ലൈറ്റ് ഒരുങ്ങിയിരിക്കുന്നത്. ഫോഗ്‌ലാമ്പിന് സമാനമായി ഡിസൈനില്‍ റിഫ്‌ളക്ഷന്‍ സ്ട്രിപ്പ് ബമ്പറില്‍ നല്‍കിയിട്ടുണ്ട്. ബമ്പറിന്റെ താഴെയായി ക്ലാഡിങ്ങും റെഡ് സ്ട്രിപ്പും നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്ടി ഭാവത്തിനായി റൂഫ് സ്‌പോയിലറും പിന്‍ഭാഗത്ത് ഒരുക്കിയാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍.
പുതുമയോടെയാണ് അകത്തളവും ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റലായി മാറിയിട്ടുള്ള ബേസിക് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മാരുതിയുടെ മറ്റ് ഹാച്ച്ബാക്കുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണമായും മാറിയിട്ടുള്ള എയര്‍ കണ്ടീഷന്‍ മൊഡ്യൂള്‍ എന്നിവയാണ് അകത്തളത്തില്‍ പുതുമ പകരുന്നത്. ഡോര്‍ പാഡുകളിലും ഇന്നര്‍ ഹാന്‍ഡിലിലുമുണ്ട് മാറ്റങ്ങള്‍. രണ്ടാം നിര സീറ്റുകളുടെ ലേഔട്ട് മുന്‍ മോഡലിലേത് തുടരും.
കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ പ്രചരിച്ച അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് 1.0 ലിറ്റര്‍ എന്‍ജിന്‍ ഓപ്ഷനിലാണ് ആള്‍ട്ടോ നിരത്തുകളില്‍ എത്തുകയെന്നാണ് വിവരം. നാളിത്രയും മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമെത്തിയിരുന്ന ആള്‍ട്ടോയില്‍ ഇനി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സ്ഥാനം പിടിക്കുന്നതും ഈ വരവിലെ സവിശേഷതയാകും. ആള്‍ട്ടോ കെ10 എന്ന പേരിലായിരിക്കും മുഖം മിനുക്കിയ ആള്‍ട്ടോ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
1.0 ലിറ്റര്‍ കെ10 സി പെട്രോള്‍ എന്‍ജിനിലും അഞ്ച് സ്പീഡ് മാനുവല്‍-ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എ.ജി.എസ്) ട്രാന്‍സ്മിഷനിലുമായി 11 വേരിയന്റുകളിലായിരിക്കും പുതിയ ആള്‍ട്ടോ വിപണിയില്‍ എത്തുന്നത്. പുതിയ എന്‍ജിന്‍ ഓപ്ഷന്‍ എത്തുന്നതോടെ മുന്‍ മോഡലുകളില്‍ നല്‍കിയിരുന്ന 796 സി.സി. എന്‍ജിനില്‍ ആള്‍ട്ടോ എത്തുന്നുണ്ടോയെന്ന കാര്യത്തില്‍ വ്യക്തയില്ല. പുതിയ ആള്‍ട്ടോയില്‍ സ്ഥാനം പിടിക്കുന്ന കെ10സി പെട്രോള്‍ എന്‍ജിന്‍ 998 സി.സിയില്‍ 66 ബി.എച്ച്.പി. പവറും 89 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Image Source: RushLane
Content Highlights: New Maruti Suzuki Alto K10 Image Leaked Before Launch, Maruti Alto K10, New Alto