ലോഞ്ച് വരെ കാത്തിരിക്കേണ്ട, ഉറപ്പിക്കാം പുതിയ സെല്‍റ്റോസ് വേറെ ലെവല്‍; ടീസര്‍ ചിത്രങ്ങളുമായി കിയ

കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മിഡ് സൈസ് എസ്‌യുവി മോഡലായ സെല്‍റ്റോസ് തലമുറ മാറ്റത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ഡിസംബര്‍ പത്തിനായിരിക്കും പുതുതലമുറ സെല്‍റ്റോസിന്റെ ആഗോള അവതരണം നടക്കുന്നത്. തലമുറമാറ്റവും പുതിയ പതിപ്പിന്റെ വരവും അറിയിച്ചുള്ള ആദ്യ ടീസര്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുകയാണ് കിയ ഇന്ത്യ. വാഹനത്തിന്റെ ഡിസൈന്‍ മാറ്റം കൃത്യമായി അടയാളപ്പെടുത്തുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.
നിലവിലെ മോഡലില്‍ നിന്നും തികച്ചും വേറിട്ട ഡിസൈന്‍ ലാങ്‌ഗ്വേജിലാണ് പുതുതലമുറ മോഡല്‍ ഒരുങ്ങിയിരിക്കുന്നത്. മുഖഭാവം തന്നെയാണ് മറ്റത്തിന്റെ ഏറ്റവും പ്രധാന തെളിവ്. ബ്ലാക്ക് സ്റ്റഡുകള്‍ അടുക്കി വെച്ചിട്ടുള്ള വലിയ ഗ്രില്ലാണ് മുന്‍ഭാഗത്ത് പ്രധാന മാറ്റം. എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ഷാര്‍പ്പ് ഹെഡ്‌ലാമ്പിലും മാറ്റം കാണാം. ഹെഡ്‌ലാമ്പില്‍ നിന്ന് കൃത്യമായി അകലം പാലിച്ചാണ് ഡിആര്‍എല്‍ നല്‍കിയിരിക്കുന്നത്. കിയ ടെല്യുറൈഡുമായി ഡിസൈന്‍ പങ്കിട്ടിട്ടുണ്ടെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
എല്‍ഇഡി വെല്‍ക്കം ആനിമേഷനാണ് വശങ്ങളിലെ കൂട്ടിച്ചേര്‍ക്കലില്‍ പ്രധാനം. പനോരമിക് സണ്‍റൂഫും ടീസര്‍ വീഡിയോയില്‍ കാണാം. കറുപ്പ് നിറത്തില്‍ നല്‍കിയിട്ടുള്ള പില്ലറുകള്‍, റെക്ട്രാറ്റബിള്‍ ഡോര്‍ ഹാന്‍ഡില്‍, പ്ലാസ്റ്റിക് ക്ലാഡിങ്, കറുപ്പ് നിറത്തിലെ റൂഫ് റെയില്‍സ്, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീല്‍, മാറ്റങ്ങളോടെ ഒരുങ്ങുന്ന റിയര്‍ വ്യൂ മിറര്‍, കിയയുടെ പുതുതലമുറ വാഹനങ്ങളിലേത് പോലെയുള്ള ടെയ്ല്‍ലൈറ്റ്, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിങ്ങനെ നീളും എക്സ്റ്റീരിയറിലെ പുതുമകള്‍.
നിലവിലെ മോഡലിനെക്കാള്‍ വലിപ്പക്കാരനായാണ് പുതുതലമുറയുടെ വരവ് എന്നാണ് വിവരം. വലിപ്പം കൂടുന്നതിന്റെ ഗുണം കൂടുതല്‍ ലഭിക്കുന്നത് അകത്തളത്തിലാണ്. ഉയര്‍ന്ന ക്യാബിന്‍ സ്പേസ് പുതിയ സെല്‍റ്റോസില്‍ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുമയുള്ള ഡാഷ്ബോര്‍ഡ്, അഡ്വാന്‍സ്ഡ് സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മികച്ച ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പുതുമയുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, മികച്ച സീറ്റുകള്‍, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തിലും ഒരുങ്ങും.
മെക്കാനിക്കല്‍ സംവിധാനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കിയ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല. 115 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 160 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 116 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് നിലവില്‍ സെല്‍റ്റോസില്‍ നല്‍കിയിട്ടുള്ള എന്‍ജിന്‍ ഓപ്ഷനുകള്‍. എന്നാല്‍, പുതുതലമുറ മോഡലില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്തിയേക്കും.
Content Highlights: Kia India reveals teaser images of the all-new Seltos. Get ready for a redesigned mid-size SUV with striking new looks and advanced features. Global debut on Dec 10th!