ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോദി ചൈനയില്‍; BYD മേധാവിക്ക് ഇന്ത്യയിലേക്ക് വഴിതുറക്കുന്നു

Representational Image | Photo: BYD India
Representational Image | Photo: BYD India

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ മണ്ണില്‍ കാല്‍കുത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള സൗഹൃദ സംഭാഷണവും ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ തന്നെ സ്ഥിരതയുറപ്പാക്കുമെന്നുമുള്ള മോദിയുടെ പ്രഖ്യാപനവും വ്യവസായ മേഖല വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും പ്രതീക്ഷ കൈവന്നിട്ടുള്ള കമ്പനികളില്‍ ഒന്ന് ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡിക്കായിരിക്കും. 

2020 ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയിലെ അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. സ്വാഭാവികമായും 2021-ല്‍ ഇന്ത്യയില്‍ എത്തിയ ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡിയെ ഇത് പിന്നീട്‌ സാരമായി തന്നെ ബാധിക്കുകയും ചെയ്തു. ചൈനീസ് കമ്പനികളെ ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനോ കമ്പനി മേധാവികള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനോ അനുമതി ലഭിച്ചിരുന്നില്ല. 

എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പുതിയ മുന്നേറ്റത്തിന് ബിവൈഡി തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി ബിവൈഡി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ കെറ്റ്‌സു ഷാങ് വരും മാസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന് ഇന്ത്യ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നത്. 

ഇന്ത്യയിലെ ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടികള്‍ നടത്തുന്നതിനും യന്ത്രസാമഗ്രികളും മറ്റും പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ അസംബ്ലി പ്ലാന്റ് വിലയിരുത്തുന്നതിനുമായി കമ്പനിയുടെ മുതിര്‍ന്ന മാനേജര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള വിസ നടപടികള്‍ ബിവൈഡി ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ വാഹന നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ബിവൈഡി ആറ്റോ-2 ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങളും കാര്യക്ഷമമായി മുന്നേറുന്നുണ്ടെന്നാണ് സൂചന. 

ബിവൈഡിയുടെ മേധാവികള്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാത്തതിനാല്‍ ബിവൈഡി ഇന്ത്യയുടെ ഉന്നതതല ചര്‍ച്ചകളും ബോര്‍ഡ് മിറ്റിങ്ങുകളും ശ്രീലങ്ക, നേപ്പാള്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ വെച്ചാണ് നടത്താറുള്ളതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 100 കോടി ഡോളര്‍ ചെലവിട്ട് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ BYD സമര്‍പ്പിച്ച അപേക്ഷ ഇന്ത്യ നേരത്തെ തള്ളിയിരുന്നു.  ഇന്ത്യയില്‍ എത്തിയ ബിവൈഡിയുടെ സിലിയോണ്‍ 7, ഇമാക്‌സ് 7, ആറ്റോ 3, സീല്‍ എന്നീ നാല് മോഡലുകള്‍ക്കും ഉയര്‍ന്ന സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ചൈനയില്‍ നിന്നുള്ള കമ്പനിയുടെ മേധാവികള്‍ക്ക് ഇന്ത്യയിലേക്ക് എത്തുന്നതിന് പോലും തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്.

ബിവൈഡി ഇന്ത്യയുടെ മേധാവിയായ കെറ്റ്‌സു 2021 മുതല്‍ ചൈനയില്‍ നിന്നാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ വര്‍ഷം അദ്ദേഹം ജപ്പാനിലേക്ക് മാറുകയായിരുന്നു. ബിവൈഡിയുടെ ഇന്ത്യയിലെ ബിസിനസ് ശക്തമാക്കുന്നതിന് സ്വന്തം ടീമിന്റെ സാന്നിധ്യം അനിവാര്യമാണെന്നും കമ്പനി മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ചൈനീസ് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിക്കില്ലെന്നായിരുന്നു ഇന്ത്യ ഗവണ്‍മെന്റ് സ്വീകരിച്ചിരുന്ന നിലപാട്.

Source

Content Highlights: After 7 years Modi China visit signals improved relations, potentially easing BYD`s entry into india