മന്ത്രി നിതിന്‍ ഗഡ്കരിയുടെ യാത്രകള്‍ ഹ്യുണ്ടായി അയോണിക് 5-ല്‍; പഴയ കാര്‍ തേജസ്വി യാദവിന് | Video

ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളില്‍ മികച്ച സുരക്ഷ ഉറപ്പാക്കുക, ഹരിത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഏറ്റവുമധികം പ്രയത്‌നിക്കുന്ന വ്യക്തികളില്‍ ഒരാളാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരി. പരിസ്ഥിതി സൗഹാര്‍ദമായി ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതിനൊപ്പം അത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ സ്വയം മാതൃകയാകാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.
ടൊയോട്ട ആദ്യമായി ഇന്ത്യയില്‍ എത്തിച്ച ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ കാറായ മിറായ് ആയിരുന്നു അദ്ദേഹം ദീര്‍ഘനാളായി ഉപയോഗിച്ച് പോന്നിരുന്ന വാഹനം. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഹ്യുണ്ടായി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച ഇലക്ട്രിക് എസ്.യു.വി. മോഡലായ അയോണിക്-5 ആണ് നിതിന്‍ ഗഡ്കരി സ്വന്തമാക്കിയിട്ടുള്ള പുതിയ വാഹനം. 2023 ജനുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഹ്യുണ്ടായി അയോണിക്-5 വിപണിയില്‍ അവതരിപ്പിച്ചത്.
നിതിന്‍ ഗഡ്കരിയുടെ യാത്രകള്‍ക്കായി പുതിയ വാഹനം എത്തിയതോടെ ഇതുവരെ ഉപയോഗിച്ച് കൊണ്ടിരുന്ന ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറായ ടൊയോട്ട മിറായ് ബീഹാര്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിന് നല്‍കിയെന്നാണ് സൂചന. തേജസ്വി ഈ ടൊയോട്ട മിറായിയില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പരീക്ഷണയോട്ടത്തിനായി ഈ വാഹനം നിതിന്‍ ഗഡ്കരി തനിക്ക് നല്‍കിയെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
ഹ്യുണ്ടായിയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡലാണ് അയോണിക് 5. ആദ്യ വാഹനമായ കോനയില്‍ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായിയുടെ ഗ്ലോബല്‍ പ്ലാറ്റ്ഫോമായ ഇ-ജി.എം.പിയെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 631 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 217 പി.എസ്. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 72.6 കിലോവാട്ട് അവര്‍ ശേഷാണ് ബാറ്ററി പാക്കിനുള്ളത്.
രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനമായി എത്തിയ മിറായിയാണ് നിതിന്‍ ഗഡ്കരി ഉപയോഗിച്ചിരുന്നത്. ഹൈഡ്രജന്‍ ഇന്ധനമായാണ് മിറായ് പ്രവര്‍ത്തിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് ഈ വാഹനത്തിന്റെ ഓട്ടം. ഹൈ പ്രഷര്‍ ഹൈഡ്രജന്‍ ഫ്യുവല്‍ ടാങ്കാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. സാധാരണ ഇലക്ട്രിക് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ 30 മടങ്ങ് വലിപ്പം കുറഞ്ഞ ബാറ്ററിയാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.
Content Highlights: Minister Nitin Gadkari gets hyundai ioniq-5, Toyota Mirai gives to Tejaswi Yadav