ഇന്ത്യന്‍ നിരത്തിലേക്ക് രണ്ടാം ഇലക്ട്രിക് മോഡലുമായി മിനി; കൂടെ കൂപ്പര്‍ എസിന്റെ മുഖംമിനുക്കലും

മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക് | Photo: Mini UK
മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക് | Photo: Mini UK

ബി.എം.ഡബ്ല്യുവിന്റെയും അനുബന്ധകമ്പനികളുടേതുമായി മൂന്നോളം വാഹനങ്ങളാണ് ജൂലായ് മാസത്തില്‍ വരവിനൊരുങ്ങുന്നത്. ബി.എം.ഡബ്ല്യു ഫൈവ് സീരീസ് ലോങ്ങ് വീല്‍ ബേസ്, ബി.എം.ഡബ്ല്യുവിന്റെ തന്നെ ഇലക്ട്രിക് സ്‌കൂട്ടര്‍ സി.ഇ.04 എന്നിവയാണ് പ്രധാനം. ഇതിനൊപ്പം തന്നെ ജൂലായ് 24-ന് രണ്ട് വാഹനങ്ങളാണ് മിനി വിപണിയില്‍ എത്തിക്കുന്നത്. കൂപ്പര്‍ എസിന്റെ മുഖംമിനുക്കിയ പതിപ്പും കണ്‍ട്രിമാന്‍ ഇ ഇലക്ട്രിക് എസ്.യു.വിയുമാണ് മിനി പുറത്തിറക്കുന്നത്. 

മിനിയുടെ ഈ രണ്ട് മോഡലുകളും കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ ഗ്ലോബല്‍ മാര്‍ക്കറ്റുകളില്‍ വരവറിയിച്ചതാണ്. കൂപ്പര്‍ എസ് ഇന്ത്യന്‍ നിരത്തുകളില്‍ സജീവസാന്നിധ്യമാണെങ്കിലും, ഇതാദ്യമായാണ് കണ്‍ട്രിമാന്‍ ഇ എന്ന ഇലക്ട്രിക് വാഹനം ഇന്ത്യയില്‍ എത്തുന്നത്. മുഖംമിനുക്കിയ മിനി കൂപ്പര്‍ എസ്, ഇലക്ട്രിക് വാഹനമായ കണ്‍ട്രിമാന്‍ ഇ എന്നീ മോഡലുകളുടെ ബുക്കിങ്ങ് നിര്‍മാതാക്കള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

മിനി ഇലക്ട്രിക് കണ്‍ട്രിമാന്‍

മിനി ഇന്ത്യയിലേക്ക് എത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡലാണ് കണ്‍ട്രിമാന്‍ ഇ. ബി.എം.ഡബ്ല്യുവിന്റെ ഐ.എക്‌സ്1 മോഡലുമായി പ്ലാറ്റ്‌ഫോം പങ്കിട്ടാണ് കണ്‍ട്രിമാന്‍ ഇ ഒരുക്കിയിരിക്കുന്നത്. ഒക്ടോഗണല്‍ ഷേപ്പിലുള്ള ഗ്രില്ല്, മിനിയുടെ സിഗ്നേച്ചര്‍ ഡി.ആര്‍.എല്ലുകള്‍ക്കൊപ്പം പുതുമയുള്ള ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, രൂപമാറ്റം വരുത്തിയിട്ടുള്ള ടെയ്ല്‍ലൈറ്റും ടെയ്ല്‍ഗേറ്റുമാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിന് അഴകേകുന്നത്. 

മിനി വാഹനങ്ങളുടെ പൊതുസ്വഭാവം പോലെ ആഡംബര ഫീച്ചറുകളുമായാണ് ഇലക്ട്രിക് കണ്‍ട്രിമാന്റെ അകത്തളം തീര്‍ത്തിരിക്കുന്നത്. ഡിസൈനില്‍ മിതത്വം പാലിക്കുമ്പോള്‍ തന്നെ ഫീച്ചറുകളില്‍ കുറവ് വരുത്തിയിട്ടില്ല. 9.5 ഇഞ്ച് വലിപ്പത്തില്‍ വൃത്താകൃതിയില്‍ തീര്‍ത്തിരിക്കുന്ന ഒ.എല്‍.ഇ.ഡി. ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഇതിലുള്ളത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിന് പകരമായി ഹെഡ്അപ്പ് ഡിസ്‌പ്ലേയാണ് കണ്‍ട്രിമാന്‍ ഇ-യില്‍ നല്‍കിയിട്ടുള്ളത്. ഇന്റീരിയര്‍ കളറും വേറിട്ടതാണ്. 

201 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടര്‍ വേരിയന്റും, 309 ബി.എച്ച്.പി. പവറും 494 എന്‍.എം. ടോര്‍ക്കുമേകുന്ന ഡബിള്‍ മോട്ടോര്‍ കണ്‍ട്രിമാന്‍ ഓള്‍4 മോഡലുമാണ് ആഗോള വിപണിയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ സിംഗിള്‍ മോട്ടോര്‍ പതിപ്പായിരിക്കും ഇന്ത്യയില്‍ എത്തുന്നത്. 8.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തില്‍ 462 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന 66.45 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. 

മിനി കൂപ്പര്‍ എസ്

ഇന്റീരിയറിലും എക്സ്റ്റീരിയറിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയാണ് കൂപ്പര്‍ എസിന്റെ പുതിയ പതിപ്പ് എത്തുന്നത്. ഡി.ആര്‍.എല്‍. ആവരണം ഒരുക്കുന്ന വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പാണ് മുന്‍ഭാഗത്തിന്റെ പ്രധാന ആകര്‍ഷണം. താരതമ്യേന ചെറിയ ഗ്രില്ലും എയര്‍ഡാമുമാണ് ഇതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. പുതുമയുള്ള അലോയി, ഡ്യുവല്‍ ടോണ്‍ ബോഡികളര്‍, യൂണിയന്‍ ജാക്ക് ഇന്‍സ്പയേഡ് ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിന് ഭംഗി നല്‍കുന്നത്. 

കാറിനുള്ളിലെ ഭൂരിഭാഗം കണ്‍ട്രോളിങ്ങ് സാധ്യമാകുന്ന വിലയ ഡിസ്‌പ്ലേയാണ് ഇന്റീരിയറിന് പ്രധാനമായി ആഡംബര ഭാവം നല്‍കുന്നത്. ഇത് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററായും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും പ്രവര്‍ത്തിക്കും. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റിലും ചെറിയ മാറ്റങ്ങള്‍ കാണാം. നിലവിലെ മോഡലിന് കരുത്തേകുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിലും നല്‍കുക. എന്നാല്‍, പവറില്‍ 26 ബി.എച്ച്.പിയുടെയും ടോര്‍ക്കില്‍ 20 എന്‍.എമ്മിന്റെയും വര്‍ധനവ് വരുത്തുന്നുണ്ടെന്നാണ് സൂചന.

Content Highlights: Mini Launches updated cooper s and Countryman E Electric In India