ഇഷ്ടവാഹനം വീണ്ടും, മെഴ്‌സിഡീസ് ബെന്‍സ് ഇ-ക്ലാസ് സ്വന്തമാക്കി ഗായകന്‍ എം.ജി.ശ്രീകുമാര്‍

എംജി ശ്രീകുമാറും ഭാര്യയും പുതിയ വാഹനത്തിനൊപ്പം | Photo: Facebook/Lekha MG sreekumar
എംജി ശ്രീകുമാറും ഭാര്യയും പുതിയ വാഹനത്തിനൊപ്പം | Photo: Facebook/Lekha MG sreekumar

മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ശബ്ദമാണ് ഗായകന്‍ എം.ജി.ശ്രീകുമാറിന്റേത്. സ്വരമാധുര്യം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച എം.ജി. ശ്രീകുമാറിന്റെ യാത്രകള്‍ക്ക് വേഗമേകാന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ ഏറ്റവും മികച്ച സെഡാന്‍ മോഡലായ സി-ക്ലാസ് സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. കേരളത്തിലെ മുന്‍നിര മെഴ്‌സിഡീസ് വിതരണക്കാരായ ബ്രിഡ്ജ്‌വേ മോട്ടോഴ്‌സില്‍ നിന്നാണ് അദ്ദേഹം പുതിയ ഇ-ക്ലാസ് സ്വന്തമാക്കിയത്.

വാഹന വിതരണക്കാരായ ബ്രിഡ്ജ്‌വേയാണ് എം.ജി.ശ്രീകുമാറിന്റെ പുതിയ വാഹനം സംബന്ധിച്ച വിവരം പങ്കുവെച്ചത്. എം.ജി.ശ്രീകുമാര്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ഇ-ക്ലാസാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഗ്യാരേജിലെത്തിയിരിക്കുന്നത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി മൂന്ന് വേരിയന്റുകളിലാണ് ഇ-ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 78.50 ലക്ഷം രൂപ മുതല്‍ 91.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍, ഇതില്‍ ഏത് പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

ഇ-ക്ലാസ് ഇ200 ആണ് അടിസ്ഥാന മോഡല്‍ 2.0 ലിറ്റര്‍ പെട്രോല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 204 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. ഇ220ഡി ആണ് ഇ-ക്ലാസ് നിരയിലെ ഡീസല്‍ പതിപ്പ്. ഇതിലെ 2.0 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ 197 ബിഎച്ച്പി പവറും 440 എന്‍എംടോര്‍ക്കുമേകും. ഈ എന്‍ജിനുകള്‍ക്കൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഒരുക്കുന്നുണ്ട്. ഒമ്പത് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് എല്ലാ മോഡലുകളിലേയും ട്രാന്‍സ്മിഷന്‍.

ഇ 450 പതിപ്പാണ് ഇ-ക്ലാസ് മോഡലുകളിലെ ഉയര്‍ന്ന വകഭേദം. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 381 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. കേവലം 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്. ഇ-ക്ലാസില്‍ മെഴ്സിഡീസിന്റെ ഫോര്‍മാറ്റിക് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഈ വാഹനത്തില്‍ മാത്രമാണ് നല്‍കുന്നത്.

മെഴ്സിഡീസിന്റെ ഇലക്ട്രിക് വാഹനവിഭാഗമായ ഇ.ക്യു മോഡലുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് റേഡിയേറ്റര്‍ ഗ്രില്ലിന്റെ ഡിസൈന്‍. ഗ്രില്ലിലെ ബോഡറില്‍ മാത്രമാണ് ക്രോമിയം സാന്നിധ്യമുള്ളത്. താരതമ്യേന ഉയര്‍ന്ന വലിപ്പത്തിലാണ് ലോഗോ ഒരുങ്ങിയിരിക്കുന്നത്. എല്‍.ഇ.ഡിയിലാണ് ഹെഡ്​ലൈറ്റും ഡി.ആര്‍.എല്ലും അടങ്ങുന്ന ഹെഡ്​ലാമ്പ് ക്ലെസ്റ്റര്‍ തീര്‍ത്തിരിക്കുന്നത്. 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍. മെഴ്സിഡീസിന്റെ ട്രൈ ആരോ പാറ്റേണ്‍ ഡിസൈനില്‍ കണക്ടഡ് എന്‍.ഇ.ഡി. ടെയല്‍ലാമ്പ് ഇങ്ങനെ നീളുന്ന എക്സ്റ്റീരിയറിന് അഴകേകുന്ന ഘടകങ്ങള്‍.

പിന്‍സീറ്റിലെ കംഫര്‍ട്ടിന് പേരുകേട്ട വാഹനമാണ് ഇ-ക്ലാസ്. ഈ മോഡലിലും പ്രധാന്യം നല്‍കിയിട്ടുള്ളത് ഇതിനാണ്. 36 ഡിഗ്രി ചായ്ക്കാന്‍ സാധിക്കുന്ന പിന്‍നിര സീറ്റുകള്‍, ഉയര്‍ത്താന്‍ സാധിക്കുന്ന തൈ സപ്പോര്‍ട്ട്, നെക് പില്ലോ, ഇലക്ട്രിക്കലി നിയന്ത്രിക്കാവുന്ന സണ്‍ ബ്ലൈന്‍ഡുകള്‍ തുടങ്ങിയവയാണ് പിന്‍നിര യാത്രക്കാര്‍ക്ക് പ്രധാനമായി ഒരുക്കുന്നത്. 14.4 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 12.3 ഇഞ്ച് പാസഞ്ചര്‍ സ്‌ക്രീന്‍ എന്നിങ്ങനെ ഡാഷ്ബോര്‍ഡ് നിറയെ സ്‌ക്രീനുകള്‍ ഇ-ക്ലാസിലും നല്‍കുന്നുണ്ട്.

Content Highlights: Renowned singer M.G. Sreekumar adds the luxurious Mercedes-Benz E-Class sedan to his collection. Explore its advanced features, engine options, and comfort for passengers.