ചൈനീസ് മേധാവിത്വം കുറയുന്നു; ജെ.എസ്.ഡബ്ല്യുവിന്റെ കരുത്തിൽ എം.ജിയിൽ പിടിമുറുക്കി ഇന്ത്യ

ചൈനക്കാരനായി ഇന്ത്യയില്‍ എത്തുകയും പിന്നീട് ഇന്ത്യന്‍ മേല്‍വിലാസം സ്വീകരിക്കുകയും ചെയ്ത വാഹന നിര്‍മാതാക്കളാണ് എംജി മോട്ടോഴ്‌സ്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കാലഘട്ടത്തില്‍ ചൈനീസ് വാഹന നിര്‍മാതാക്കളായ സായിക് മോട്ടോഴ്‌സ് ആയിരുന്നു എംജിയുടെ ഉടമസ്ഥര്‍. എന്നാല്‍, ആസ്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യുവില്‍ നിന്ന് എംജിയിലേക്ക് നിക്ഷേപം സ്വീകരിച്ചതോടെയാണ് പകുതി ഉടമസ്ഥവകാശം ഇന്ത്യന്‍ കമ്പനിക്ക് സ്വന്തമായത്.
എംജി മോട്ടോഴ്‌സിന്റെ 35 ശതമാനം ഓഹരികളാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ കൈവശമുള്ളത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇത് വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളിലാണ് ജെഎസ്ഡബ്ല്യു എന്നാണ് വിവരം. സായിക് മോട്ടോഴ്‌സിന് കൈവശമുള്ള ഓഹരികള്‍ ജെഎസ്ഡബ്ല്യുവിന് കൈമാറാന്‍ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, എത്ര ശതമാനം ഓഹരികളാണ് ജെഎസ്ഡബ്ല്യു ഏറ്റെടുക്കുകയെന്ന കാര്യത്തില്‍ ഇരുകമ്പനികളും വ്യക്തത വരുത്തിയിട്ടില്ല.
നിലവില്‍ 51ഃ49 അനുപാദത്തിലാണ് എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ ഇരുകമ്പനികളുടെയും ഓഹരികള്‍. ഇതില്‍ 49 ശതമാനം സായിക് മോട്ടോഴ്‌സിന്റെ കൈവശമാണ്. ശേഷിക്കുന്ന 51 ശതമാനത്തില്‍ 35 ശതമാനം ജെഎസ്ഡബ്ല്യുവിന്റെ കൈവശവും എട്ട് ശതമാനവും ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ നിയന്ത്രണത്തിലും അഞ്ച് ശതമാനം ജെഎസ്ഡബ്ല്യു ജീവനക്കാരുടെയും മൂന്ന് ശതമാനം ഡീലര്‍മാരുടെയും കൈവശമാണെന്നാണ് വിവരം.
എംജി മോട്ടോഴ്‌സ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്താന്‍ താത്പര്യമില്ലെന്നാണ് സായിക് മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ചൈന, യൂറോപ്പ് വിപണികളില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് ഈ കമ്പനിയുടെ പദ്ധതി. അതേസമയം, കൂടുതല്‍ നിക്ഷേപം നടത്തുന്നതിനുള്ള ഞങ്ങളുടെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സായികിന്റെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനുള്ള നീക്കങ്ങളിലാണ് കമ്പനിയെന്ന് ജെഎസ്ഡബ്ല്യു ഡയറക്ടര്‍ അറിയിച്ചു.
എംജി മോട്ടോഴ്‌സിലെ ഏറ്റവും വലിയ നിക്ഷേപകരാകുകയാണ് ജെഎസ്ഡബ്ല്യുവിന്റെ ലക്ഷ്യം. എന്നാല്‍, എത്ര ശതമാനം ഓഹരികളാണ് ഏറ്റെടുക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എംജി മോട്ടോഴ്‌സുമായി സഹകരിക്കുന്നതിന് പുറമെ, സ്വന്തം ബ്രാൻഡിന് കീഴില്‍ ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ്. 2026-ഓടെ ജെഎസ്ഡബ്ല്യുവിന്റെ ഇലക്ട്രിക് വാണിജ്യ വാഹനങ്ങളും ഇന്ത്യന്‍ നിരത്തുകളില്‍ പ്രതീക്ഷിക്കാം.
Content Highlights: JSW Group is increasing its stake in MG Motors India, potentially becoming the majority shareholder