ഇന്ത്യൻ നിരത്തുകളിലേക്കുള്ള എംജിയുടെ പടവാൾ; ഫോർച്യൂണറിന്റെ എതിരാളി മജസ്റ്റർ ഒരുങ്ങി തുടങ്ങി

ഇന്ത്യയിലെ വാഹന വിപണിയിലേക്ക് എംജിയിൽ നിന്ന് എത്തുന്ന കരുത്തൻ മോഡലാണ് മജസ്റ്റർ എസ്‌യുവി. ഗ്ലോസ്റ്റർ എന്ന വാഹനമുണ്ടാക്കിയ പരാജയത്തിന്റെ ക്ഷീണം മറികടക്കാൻ ഇത്രയും പെർഫെക്ട് ആയിട്ടുള്ള മറ്റൊരു വാഹനമില്ലെന്നതും യാഥാർഥ്യമാണ്. മാസങ്ങൾക്ക് മുമ്പ് വിപണിയിൽ പ്രദർശിപ്പിക്കുകയും ടെസ്റ്റ് ഡ്രൈവ് ഉൾപ്പെടെ ആരംഭിക്കുകയും ചെയ്ത, ഈ വാഹനത്തിന്റെ നിർമാണം ആരംഭിച്ചിരിക്കുകയാണ് നിർമാതാക്കളായ എംജി മോട്ടോഴ്‌സ്.
എംജി മോട്ടോഴ്‌സിന്റെ ഗുജറാത്തിലെ ഹാലോൽ പ്ലാന്റിലാണ് മജസ്റ്റർ എസ്‌യുവികൾ ഒരുങ്ങുന്നത്. വാഹനം നിരത്തുകളിൽ എത്തുന്നതിന് മുന്നോടിയായി ഇവയ്ക്കുള്ള ബുക്കിങ്ങ് ഡീലർഷിപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്. 41,000 രൂപ അഡ്വാൻസ് തുക ഈടാക്കിയാണ് മജസ്റ്ററിനുള്ള ബുക്കിങ് സ്വീകരിക്കുന്നത്. മെയ് മാസത്തോടെ തന്നെ ഈ വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്നാണ് നിർമാതാക്കൾ മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഏത് പുതുതലമുറ വാഹനങ്ങളെയും വെല്ലുവിളിക്കാൻ പോകുന്ന ഡിസൈനിലാണ് മജസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബോൾഡ് എസ്‌യുവി ഭാവമാണ് മജസ്റ്ററിനുള്ളത്. മാട്രിക്‌സ് സ്റ്റൈൽ ഗ്രില്ല്, വെർട്ടിക്കിളായും ഹൊറിസോണ്ടലായും നൽകിയിരിക്കുന്ന എൽഇഡി ഡിആർഎൽ ഹെഡ്‌ലാമ്പ്, സ്‌കിഡ് പ്ലേറ്റ്, മസ്‌കുലർ ബമ്പർ, എസ്‌യുവി ഭാവത്തിന് പൂർണതയേകുന്ന ബോണറ്റ് എന്നിങ്ങനെ നീളുന്നതാണ് ഈ വാഹനത്തിന്റെ മുഖഭാവത്തിന് അഴകേകുന്ന ഘടകങ്ങൾ.
ഡയമണ്ട് കട്ട് ഫൈവ് സ്പോക് 19 ഇഞ്ച് അലോയ് വീലുകൾ, രണ്ട് എൽഇഡി ടെയ്ൽ ലൈറ്റുകൾ, ഗ്ലോസിബ്ലാക് പ്ലാസ്റ്റിക് റിമ്മിലെ മോറിസ് ഗാരേജ് ബാഡ്ജിങ്, സിൽവർ സ്‌കിഡ് പ്ലേറ്റ് നൽകിയ റിയർ ബമ്പർ, ഇരട്ട എക്സഹോസ്റ്റ് ഔട്ട്ലറ്റുകൾ എന്നിവാണ് പുറംമോടി കൂട്ടുന്നത്. എംജി മോട്ടോഴ്‌സ് മുമ്പ് പ്രദർശനത്തിന് എത്തിച്ചിട്ടുള്ള ഫുൾ സൈസ് എസ്യുവി മോഡലായ മാക്‌സസ് ഡി90 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.
വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, വയർലസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, ഹീറ്റഡ്- കൂൾഡ് സൗകര്യങ്ങളും മസാജ് ഫീച്ചറുകളുമുള്ള ഡ്രൈവർ സീറ്റ്, ത്രീസോൺ ക്ലൈമറ്റ് കൺട്രോൾ, 12 സ്പീക്കർ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്. 360 ഡിഗ്രി ക്യാമറ, പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ 2 അഡാസ് ഫീച്ചറുകൾ എന്നിവയാണ് ഇതിൽ സുരക്ഷയൊരുക്കുന്നത്.
2.0 ലിറ്റർ ഫോർ സിലിണ്ടർ ട്വിൻ ടർബോ ഡീസൽ എൻജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 216 എച്ച്പി പവറും 479 എൻഎം ടോർക്കുമായിരിക്കും ഉത്പാദിപ്പിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് മജസ്റ്ററിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഫോർ വീൽ ഡ്രൈവ് സംവിധാനം ഉൾപ്പെടെയുള്ളവയും മജസ്റ്ററിന്റെ കരുത്ത് വർധിപ്പിക്കും.
Content Highlights: Production commenced at MG's Halol plant in Gujarat., Official bookings open with a token amount of ₹41,000., Powered by a 2.0L twin-turbo diesel engine producing 216hp and 479Nm torque., Equipped with Level 2 ADAS, 360-degree camera, and premium interior features., Deliveries scheduled to begin by May.