ജാപ്ഫു പർവ്വതം കീഴടക്കിയ കരുത്ത്; ഇന്ത്യയിലെ ആദ്യ D+ എസ്‌യുവിയായി എംജി മജസ്റ്റർ നിരത്തിലേക്ക്

ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിന്റെ വാഹനനിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് മജസ്റ്റർ എന്ന എസ്‌യുവി. ഇന്ത്യയിലെ ആദ്യ ഡി പ്ലസ് സെഗ്മെന്റ് എസ്‌യുവി എന്ന വിശേഷണവുമായി എത്തുന്ന ഈ വാഹനം കരുത്തരിൽ കരുത്തനാണെന്ന് തെളിയിച്ചിരിക്കുകയാണ്. നാഗാലാൻഡിലെ ഏറ്റവും ഉയരും കൂടിയ രണ്ടാമത്തെ കൊടുമുടിയായ ജാപ്ഫു പർവ്വതം നിഷ്പ്രയാസം കീഴടക്കിയാണ് മജസ്റ്റർ എസ്‌യുവി തന്റെ ഓഫ് റോഡ് ശേഷിയും കരുത്തും വെളിപ്പെടുത്തിയിരിക്കുന്നത്.
കോഹിമയ്ക്ക് സമീപം ബാരയിൽ റേഞ്ചിൽ സ്ഥിതി ചെയ്യുന്ന ജാപ്ഫു പർവ്വതം വൈവിധ്യങ്ങൾ നിറഞ്ഞ ഭൂപ്രകൃയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എക്‌സ്ട്രീം ഓഫ് റോഡ്, പനോരമിക് വ്യൂ, ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള റോഡോഡെൻഡ്രോൺ മരത്തിന്റെ ആവാസകേന്ദ്രം തുടങ്ങിയ നിലകളിൽ പ്രസിദ്ധമാണ് ജാപ്ഫു പർവതം. അഡ്വാൻസ്ഡ് ടെസ്റ്റിങ് ട്രയലുകളുടെ ഭാഗമായാണ് എംജി മജസ്റ്റർ എസ്‌യുവി ഈ പർവത മേഖലയിലൂടെ പരീക്ഷണയോട്ടത്തിന് ഇറങ്ങിയത്.
ഇന്ത്യയിലെ വാഹന വിപണിയിൽ ട്രെന്റ് സെറ്ററാണ് എംജി മോട്ടോഴ്‌സ്. എംജി ഓരോ സെഗ്മെന്റിലേക്കും എത്തിക്കുന്ന വാഹനങ്ങളിൽ അതാത് സെഗ്മെന്റിൽ മറ്റ് വാഹനങ്ങൾക്ക് അവകാശപ്പെടാനില്ലാത്ത സംവിധാനങ്ങൾ ഒരുക്കിയിരിക്കും. അതുപോലെ തന്നെയാണ് മജസ്റ്ററും, ഡി പ്ലസ് സെഗ്മെന്റിലേക്ക് എത്തുന്ന ഈ വാഹനത്തിന് റിയർ വേൾഡ് ഡ്രൈവിങ് സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ഉയർന്ന ശേഷിയാണ് നൽകിയിരിക്കുന്നതെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് ഇന്ത്യ സിസിഒ വിനയ് റെയ്‌ന പറഞ്ഞു.
കോഹിമ അഡ്വഞ്ചർ മോട്ടോർ സ്‌പോർട്‌സ് ക്ലബിന്റെ (കെഎഎംസി) പിന്തുണയോടെയായിരുന്നു എംജി മജസ്റ്ററിന്റെ ഈ ഉദ്യമം. എംജി എൻജിനീയറിങ് ടീമിനൊപ്പം ഓഫ് റോഡ് ഡ്രൈവുകളിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള കെഎഎംസി അംഗങ്ങൾ കൂടി എത്തിയതോടെ മജസ്റ്ററിന് അനായാസം പർവതം കീഴടക്കാനായെന്നാണ് എംജി മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഓഫ് റോഡ് ഡൈനാമിക്‌സ്, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ സംവിധാനം എന്നിവ വിലയിരുത്തുന്നതിനായിരുന്നു ഈ ഡ്രൈവ്.
ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്സിന്റെ വാഹന നിരയിലെ ഫ്ളാഗ്ഷിപ്പ് മോഡലായ മജസ്റ്റർ എസ്യുവി ഫെബ്രുവരി 12-ന് ഇന്ത്യയിൽ അവതരിപ്പിക്കും. എംജി മോട്ടോഴ്‌സ് മുമ്പ് പ്രദർശനത്തിന് എത്തിച്ചിട്ടുള്ള ഫുൾ സൈസ് എസ്യുവി മോഡലായ മാക്‌സസ് ഡി90 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങുന്ന ഈ വാഹനത്തിന് ഇന്ത്യയിലെ എംജിയുടെ വാഹന നിരയിൽ ഗ്ലോസ്റ്ററിനും മുകളിലായിരിക്കും സ്ഥാനമെന്നാണ് റിപ്പോർട്ടുകൾ.
2.0 ലിറ്റർ ഫോർ സിലിണ്ടർ ട്വിൻ ടർബോ ഡീസൽ എൻജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇത് 216 എച്ച്പി പവറും 479 എൻഎം ടോർക്കുമായിരിക്കും ഉത്പാദിപ്പിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് മജസ്റ്ററിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഫോർ വീൽ ഡ്രൈവ് സംവിധാനം ഉൾപ്പെടെയുള്ളവയും മജസ്റ്ററിന്റെ കരുത്ത് വർധിപ്പിക്കും. ടൊയോട്ട ഫോർച്യൂണർ ഉൾപ്പെടെയുള്ള വാഹനങ്ങളോട് മത്സരിക്കാനാണ് മജസ്റ്റർ ഒരുങ്ങുന്നത്.
Content Highlights: MG Majestor, India`s first D+ SUV, showcases incredible off-road prowess by conquering Japfu Peak. Discover its power & features.