വെല്‍ഫയറിന് ഒത്ത എതിരാളി, MPV ശ്രേണിയില്‍ കണ്ണുവെച്ച് എംജി മോട്ടോഴ്‌സ്, നിരത്തിലെത്താനൊരുങ്ങി M9 EV

എംജി എം9 ഇലക്ട്രിക് എംപിവി | Photo: MG Motors
എംജി എം9 ഇലക്ട്രിക് എംപിവി | Photo: MG Motors

എതിരാളികളുടെ ഭീഷണിയില്ലാതെ ടൊയോട്ടയുടെ വെല്‍ഫയര്‍ എന്ന മോഡല്‍ സ്വൈരവിഹാരം നടത്തുന്ന പ്രീമിയം എം.പി.വി. ശ്രേണിയിലാണ് എം.ജി. മോട്ടോഴ്‌സ് ഇത്തവണ കണ്ണുവെച്ചിരിക്കുന്നത്. ടൊയോട്ട എത്തിക്കുന്നത് ഹൈബ്രിഡ് കരുത്തിലുള്ള വാഹനമാണെങ്കില്‍ വിപണിയില്‍ ഇലക്ട്രിക് മോഡല്‍ ഇറക്കി ചെക്കുവെക്കാനാണ് എം.ജി. മോട്ടോഴ്‌സ് തയാറെടുക്കുന്നത്. ഇതിനായി ചൈനീസ് നിരത്തുകളില്‍ മിഫ9 എന്ന പേരില്‍ എത്തിച്ചിരുന്ന വാഹനം എം9 എന്ന പേരില്‍ ഇന്ത്യയില്‍ എത്തുകയാണ്. 

അവതരണം സംബന്ധിച്ച തീയതി നിശ്ചിയിച്ചിട്ടില്ലെങ്കിലും ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് എംജി ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. 50,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് എം9-ന് ബുക്കിങ്ങ് സ്വീകരിക്കുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. പ്രീമിയം വാഹനങ്ങളുടെ വിതരണത്തിനായി എം.ജി. മോട്ടോഴ്‌സ് ഒരുക്കുന്ന സെലക്ട് ഡീലര്‍ഷിപ്പിലൂടെയായിരിക്കും എം9 എംപിവി വില്‍പ്പനയ്ക്ക് എത്തുകയെന്നാണ് വിവരം. 

വിദേശ വിപണികളില്‍ മിഫ 9 എന്ന പേരില്‍ എം.ജി. മോട്ടോഴ്സ് എത്തിച്ചിട്ടുള്ള എം.പി.വിയെ അടിസ്ഥാനമാക്കിയാണ് എം9 ഒരുങ്ങിയിരിക്കുന്നത്. മുന്നിലെ ആക്സിലില്‍ മോട്ടോര്‍ ഘടിപ്പിച്ച് ഫ്രെണ്ട് വീല്‍ ഡ്രൈവ് മോഡലായാണ് എം9 ഒരുങ്ങിയിരിക്കുന്നത്. 90 കിലോവീട്ട് ശേഷിയുള്ള ബാറ്ററി പാക്ക് നല്‍കിയെത്തുന്ന എം9-ന് 430 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പ് നല്‍കുന്നത്. 245 എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമായിരിക്കും ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. 

ആഡംബര എം.പി.വി. ശ്രേണിയില്‍ എത്തുന്ന ഈ വാഹനം വലിപ്പത്തിലും അല്‍പ്പം മുന്നിലാണ്. 5.2 മീറ്ററാണ് എം9 മോഡലിന്റെ നീളം. രണ്ട് മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ഉയരവും ഈ വാഹനത്തിനുണ്ട്. ഏഴ് സീറ്റ്, എട്ട് സീറ്റ് ലേഔട്ടില്‍ ഈ ആഡംബര എം.പി.വി. നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വെന്റിലേറ്റഡ്, ഹീറ്റഡ്, മസാജ്, ഓട്ടോമാന്‍ സംവിധാനങ്ങളുള്ള പവേര്‍ഡ് സീറ്റ്, പിന്‍നിര യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, സ്ലൈഡിങ് ഡോര്‍ തുടങ്ങിയ നിരവധി ഫീച്ചറുകളും എം9-ല്‍ ഒരുങ്ങും. 

ഡിസൈനിലെ ലാളിത്യമാണ് എം9 എം.പി.വിയുടെ പ്രത്യേകത. ബോണറ്റിനോട് ചേര്‍ന്ന് നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും പൊസിഷന്‍ ലൈറ്റും വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് എന്നിവയ്ക്കൊപ്പം വലിയ എയര്‍ഡാമും നല്‍കിയാണ് മുന്‍ഭാഗം ഒരുക്കിയിട്ടുള്ളത്. അഞ്ച് സ്പോക്ക് അലോയി വീല്‍, സ്ലൈഡ് ചെയ്ത് തുറക്കുന്ന ഡോറുകള്‍, വിശാലമായ വിന്‍ഡോ ഗ്ലാസുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ അലങ്കരിക്കുന്ന ഘടകങ്ങള്‍. 

എം.ജിയുടെ ജി90 എന്ന മോഡലിലെ അടിസ്ഥാനമാക്കി 2021-ലാണ് മിഫ-9 പുറത്തിറങ്ങുന്നത്. സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലായാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. മിഫ 9 എന്ന പേരില്‍ ഈ എം.പി.വി. മോഡല്‍ 2023 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് എം.ജി. മോട്ടോഴ്സ് ആദ്യമായി പ്രദര്‍ശനത്തിന് എത്തിക്കുന്നത്. 65 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

Content Highlights: MG Motors` all-electric M9 MPV, rivaling Toyota Vellfire, is now open for bookings in India.