ഫാഷൻ ഡിസൈനറുടെ കരവിരുതിൽ അണിഞ്ഞൊരുങ്ങിയ വാഹനങ്ങൾ; എം9, Cyberster Couture എഡിഷനുമായി എംജി

എംജി മോട്ടോഴ്‌സിന്റെ വാഹന നിരയിൽ പ്രീമിയം വിഭാഗത്തിൽ വരുന്ന വാഹനങ്ങളാണ് എം9 എംപിവിയും സൈബർസ്റ്റർ റോഡ്‌സ്റ്ററും. ഇലക്ട്രിക് കരുത്തിൽ നിരത്തുകളിൽ എത്തിയിട്ടുള്ള ഈ വാഹനങ്ങളുടെ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കളായ എംജി മോട്ടോഴ്‌സ്. Couture എഡിഷൻ എന്ന പേരിൽ പ്രത്യേക അലങ്കാരങ്ങൾ നൽകിയാണ് എംജി മോട്ടോഴ്‌സ് ഈ രണ്ട് വാഹനങ്ങളെയും സ്‌പെഷ്യൽ ആക്കിയിരിക്കുന്നത്.
പ്രശസ്ത ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്തയുമായി സഹകരിച്ചാണ് എം9, സൈബർസ്റ്റർ എന്നീ മോഡലുകളുടെ Couture എഡിഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ അലങ്കാരങ്ങൾ നൽകിയിട്ടുള്ള ഈ വാഹനം കഴിഞ്ഞ ദിവസമാണ് പ്രദർശിപ്പിച്ചത്. രണ്ട് മോഡലുകളുടെയും 50 യൂണിറ്റുകൾ വീതുമായിരിക്കും നിരത്തുകളിൽ എത്തുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് ഈ വാഹനങ്ങളുടെ വില പ്രഖ്യാപിക്കുന്നത്.
ഗുപ്തയുടെ പ്രശസ്തമായ സർപ്പന്റ് ഇൻഫിനിറ്റി ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് Couture എഡിഷൻ എം9, സൈബർസ്റ്റർ എന്നീ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. കസ്റ്റമൈസ്ഡ് ഫിനീഷിങ്ങുകളും ഹാൻഡ് ക്രാഫ്റ്റഡ് ഡിസൈനുകളുമാണ് Couture എഡിഷനിൽ പ്രയോഗിച്ചിരിക്കുന്നത്. വാഹനത്തിന്റെ രൂപത്തിലും ഫിറ്റ് ആൻഡ് ഫിനീഷിങ്ങുകളിലും യാതൊരുവിധ മാറ്റവും വരുത്താതെയാണ് ഈ കോസ്‌മെറ്റിക് പുതുമകൾ നൽകിയിട്ടുള്ളത്.
എംജി മോട്ടോഴ്‌സിന്റെ പ്രീമിയം വിതരണ ശൃംഖലയായ എംജി സെലക്ടുകളിലൂടെ തന്നെയായിരിക്കും Couture എഡിഷൻ വാഹനങ്ങളുടെയും വിതരണം. ഓഗസ്റ്റ് മുന്നിന് വില പ്രഖ്യാപിക്കുന്ന ഈ വാഹനത്തിന്റെ പ്രീ-റിസർവേഷൻ (ബുക്കിങ്) ആരംഭിച്ചിട്ടുണ്ടെന്നും എംജി മോട്ടോഴ്‌സ് അറിയിച്ചു. രണ്ട് വാഹനങ്ങളുടെയും 50 യൂണിറ്റുകൾ വീതമാണ് Couture എഡിഷനായി വിപണിയിൽ എത്തുന്നുള്ളൂവെന്നും എംജി പറഞ്ഞു.
മെക്കാനിക്കലായി മാറ്റങ്ങളൊന്നും രണ്ട് മോഡലിലും വരുത്തിയിട്ടില്ല. 245 എച്ച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിലുള്ളത്. ഇതിലെ 90 കിലോവാട്ട് ബാറ്ററിപാക്ക് 548 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് എ.ആർ.എ.ഐ. സാക്ഷ്യപ്പെടുത്തുന്നത്. 510 എച്ച്പി പവറും 725 എൻഎം ടോർക്കുമേകുന്ന ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് സംവിധാനമാണ് സൈബർസ്റ്ററിലുള്ളത്. ഇതിലെ 77 കിലോവാട്ട് ബാറ്ററിപാക്ക് 580 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
Content Highlights: Collaboration between MG Motor and fashion designer Gaurav Gupta., Limited production of 50 units each for M9 and Cyberster., Features Serpent Infinity design inspiration and handcrafted finishes., Mechanical specifications remain unchanged from standard models., Official price announcement scheduled for August 3., Available exclusively through MG Select retail network.