യുദ്ധവിമാനത്തിൽ നിന്ന് പ്രചോദനം, ഞെട്ടിച്ച് ടീസർ; എംജിയുടെ പുതിയ എസ്‌യുവി നിരത്തിലേക്ക്

എംജി മോട്ടോഴ്‌സിന്റെ വാഹന നിരയിലേക്ക് എത്തുന്ന ഏറ്റവും പുതിയ എസ്‌യുവി ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ അവതരിപ്പിക്കും. പ്ലഗ് ഇൻ ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകളിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന് എംജി ഹെക്ടർ ഹോക്ക് എന്ന് പേര് നൽകുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ച വിവരം ഉൾപ്പെടെയുള്ള ടീസർ എംജി മോട്ടോഴ്‌സ് പുറത്തിറക്കി.
21,000 രൂപ അഡ്വാൻസ് തുക ഈടാക്കിയാണ് ഈ വാഹനത്തിന്റെ ബുക്കിങ് സ്വീകരിക്കുന്നത്. എംജി മോട്ടോഴ്‌സ് ഡീലർഷിപ്പുകളിലും എംജിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും ഹെക്ടർ ഹോക്കിന്റെ ബുക്കിങ് സ്വീകരിക്കുന്നുണ്ടെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. പ്ലഗ് ഇൻ ഹൈബ്രിഡ് വാഹന ശ്രേണിയിലേക്കും മൂന്ന് നിര സീറ്റുകളുള്ള ഇലക്ട്രിക് എസ്‌യുവിയിലേക്കുമുള്ള എംജിയുടെ ചുവടുവയ്പ്പായാണ് വാഹനം ലോകം ഹെക്ടർ ഹോക്കിന്റെ വരവിനെ വിശേഷിപ്പിക്കുന്നത്.
എംജി അടുത്തിടെ പുറത്തിറക്കിയ അഡാപ്റ്റ് പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ആദ്യ വാഹനമായിരിക്കും ഹെക്ടർ ഹോക്ക്. രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന അലൈഡ് ഫൈറ്റർ എയർക്രാഫ്റ്റുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ പുതിയ എസ്‌യുവിയുടെ ഡിസൈൻ നിർവഹിച്ചിരിക്കുന്നതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഡിസൈൻ ഘടകങ്ങൾ മാത്രം വെളിപ്പെടുത്തിയുള്ള ടീസർ വീഡിയോയാണ് എംജി പങ്കുവെച്ചിരിക്കുന്നത്.
ടീസർ നൽകുന്ന സൂചനകൾ അനുസരിച്ച് ലോങ് വീൽബേസും അപ്പ്‌റൈറ്റ് സ്റ്റാൻസുമുള്ള എസ്‌യുവിയാണ് ഹെക്ടർ ഹോക്ക്. പൂർണമായും കെട്ടിയടച്ച ഗ്രില്ല്, തിളങ്ങുന്ന ലോഗോ, ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, നേർത്ത എൽഇഡി ഡിആർഎൽ, കണക്ടഡ് ടെയ്ൽലാമ്പുകൾ, വലിയ അലോയി വീലുകൾ, വീതിയുള്ള ഫൈബർ ബോഡി ക്ലാഡിങ്ങുകൾ തുടങ്ങിയവയാണ് എക്സ്റ്റീരിയറിന്റെ അലങ്കാരത്തിനായി നൽകിയിട്ടുള്ളവ.
ഏഴ് സീറ്റർ എസ്‌യുവി ശ്രേണിയിലേക്കാണ് ഹെക്ടർ ഹോക്ക് എത്തുന്നത്. രണ്ടും മൂന്ന് നിരകളിൽ ബെഞ്ച് ടൈപ്പ് സീറ്റുകളാണ് നൽകിയിരിക്കുന്നത്. വലിയ വലിപ്പത്തിൽ നൽകിയിട്ടുള്ള ഇൻഫോടെയ്ൻമെന്റ് സിറ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ബേജ് നിറത്തിൽ ഒരുങ്ങിയിട്ടുള്ള സീറ്റുകൾ, വലിയ ഗ്ലാസ് റൂഫ് എന്നിവയുടെ ദൃശ്യങ്ങളാണ് ഈ വീഡിയോ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ, നിരവധി ഫീച്ചറുകളാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.
മിഡ് സൈസ് എസ്‌യുവി ശ്രേണിയിൽ ഒരുങ്ങുന്ന ഈ വാഹനത്തിന് 4745 എംഎം നീളവും 1850 എംഎം വീതിയും 1755 എംഎം ഉയരത്തിനുമൊപ്പം 2810 എംഎമ്മിന്റെ വീൽബേസും നൽകുന്നുണ്ട്. ആദ്യം ഇലക്ട്രിക് പതിപ്പും പിന്നാലെ ഹൈബ്രിഡ് മോഡലും എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് പതിപ്പിൽ 69.2 കിലോവാട്ട് ബാറ്ററിയും 201 എച്ച്പി പവറും 310 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമായിരിക്കും നൽകുകയെന്നാണ് വിലയിരുത്തൽ.
പ്ലഗ് ഇൻ ഹൈബ്രിഡ് പവർട്രെയിനിൽ എത്തുന്ന ഹെക്ടർ ഹോക്കിൽ 1.5 ലിറ്റർ പെട്രോൾ എൻജിനും 20.5 കിലോവാട്ട് ബാറ്ററി പാക്കുമായിരിക്കും നൽകുക. 195 എച്ച്പി പവറും 230 എൻഎം ടോർക്കുമാണ് കമ്പയിൻഡ് പവർ. ഹൈബ്രിഡ് പതിപ്പ് 125 കിലോമീറ്റർ ഇലക്ട്രിക് റേഞ്ചാണ് നൽകുന്നത്. 1000 കിലോമീറ്ററാണ് മൊത്തം റേഞ്ച് ലഭിക്കുന്നത്. ഇലക്ട്രിക് കരുത്തിലെത്തുന്ന ഹെക്ടർ ഹോക്ക് ഒറ്റത്തവണ ചാർജിൽ 530 കിലോമീറ്റർ സഞ്ചരിക്കും.