റോഡിൽ മാത്രമല്ല, വിപണിയിലും പറക്കുകയാണ് എംജി സൈബര്‍സ്റ്റര്‍

ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്സ് ഇന്ത്യയില്‍ അവതരിപ്പിച്ച ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ മോഡലാണ് സൈബര്‍സ്റ്റര്‍. വേഗരാജാവ് എന്ന വിശേഷത്തില്‍ ഒരുങ്ങിയ ഈ വാഹനത്തിന് അമ്പരപ്പിക്കുന്ന സ്വീകാര്യതയാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നത്. പുറത്തിറങ്ങി രണ്ട് മാസം പിന്നിടുമ്പോള്‍ ഈ വാഹനത്തിന്റെ 256 യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിരിക്കുന്നത്. ജൂലായ് മാസത്തിലാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്സ് സൈബര്‍സ്റ്റര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് ഇലക്ട്രിക് സ്പോര്‍ട്സ് കാറായ സൈബര്‍സ്റ്ററിന് 74.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. എംജി മോട്ടോഴ്സിന്റെ പ്രീമിയം വാഹന ഡീലര്‍ഷിപ്പായ സെലക്ടിലൂടെയാണ് ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. നാല് മാസമാണ് ഈ വാഹനത്തിന്റെ ബുക്കിങ് കാത്തിരിപ്പ്. ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് സൈബര്‍സ്റ്റര്‍ പ്രദര്‍ശനത്തിനെത്തിയത്. ഓഗസ്റ്റ് 10-നാണ് വിതരണം ആരംഭിച്ചത്.
ഡ്യുവല്‍ മോട്ടോര്‍ സംവിധാനത്തിലാണ് സൈബര്‍സ്റ്റര്‍ ഒരുങ്ങിയിരിക്കുന്നത്. 510 എച്ച്പി പവറും 725 എന്‍എം ടോര്‍ക്കുമാണ് ഈ മോട്ടോറുകള്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. 3.2 സെക്കൻഡിലും പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും സൈബര്സ്റ്ററിനാകും. 77 കിലോവാട്ട് ബാറ്ററിപാക്ക് നല്‍കിയിട്ടുള്ള ഈ സൂപ്പര്‍കാര്‍ ഒറ്റത്തവണ ചാര്‍ജിലൂടെ 580 കിലോമീറ്റര്‍ സഞ്ചരിക്കും. 3.2 സെക്കൻഡിൽ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനാകും.
1960കളിലെ ഐതിഹാസിക എംജിബി റോഡ്സ്റ്ററിന്റെ ക്ലാസിക് യൂറോപ്യന്‍ കണ്‍വേര്‍ട്ടബിള്‍ ബോഡി സ്റ്റൈലിലാണ് എംജി മോട്ടോഴ്സ്, സൈബര്‍സ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ ഓവല്‍ ഷേപ്പില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ്, റോഡിനോട് പറ്റിയിരിക്കുന്ന മുന്‍വശം, കര്‍വുകള്‍ നല്‍കിയുള്ള ബമ്പര്‍, വലിയ എയര്‍ ഇന്‍ടേക്ക്, ഷാര്‍പ്പ് ആയിട്ടുള്ള ലോവര്‍ ലിപ്പ് എന്നിവ നല്‍കിയാണ് സൈബര്‍സ്റ്ററിന്റെ മുഖം അലങ്കരിച്ചിരിക്കുന്നത്.
സ്പോര്‍ട്സ് കാറുകള്‍ക്ക് സമാനമായാണ് വശങ്ങളുടെ രൂപകല്‍പ്പന. ബോള്‍ഡ് ലൈനുകളും കര്‍വുകളും നല്‍കിയാണ് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. വലിയ അലോയി വീലുകളും വശങ്ങളെ ആകര്‍ഷകമാക്കും. മുന്‍ഭാഗം പോലെ ആകര്‍ഷകമാണ് പിന്‍വശവും. സ്റ്റൈലിഷായി ഡിസൈന്‍ ചെയ്തിട്ടുള്ള ടെയ്ല്‍ലാമ്പ്, എല്‍.ഇ.ഡി. ലൈറ്റുകള്‍, ലൈറ്റ് സ്ട്രിപ്പ്, ഇല്ലുമിനേറ്റിങ്ങ് എം.ജി. ലോഗോ, സ്പോര്‍ട്ടി ഭാവം ഉയര്‍ത്തുന്ന ബമ്പര്‍ എന്നിവ പിന്‍ഭാഗത്തെയും സ്റ്റൈലിഷാക്കുന്നുണ്ട്.
സ്റ്റെബിലിറ്റിയും ഹാന്ഡലിങ്ങും ഉറപ്പാക്കാനായി മുന്നില്‍ ഇരട്ട വിഷ്ബോണ്‍ സസ്പെന്‍ഷനും പിന്നില്‍ ഫൈവ് ലിങ്ക് ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ഭാരം മുന്നിലും പിന്നിലും 50:50 എന്ന തുല്യ അനുപാതത്തില്‍ ക്രമീകരിച്ചതിനാല്‍ കൃത്യമായ ട്രാക്ഷനും ഉറപ്പാക്കും. 4533 എം.എം. നീളവും 1912 എം.എം. വീതിയും 1328 എം.എം. ഉയരവും 2689 എം.എം. വീല്‍ബേസിലുമാണ് സൈബര്‍സ്റ്റര്‍ ഒരുങ്ങിയിരിക്കുന്നത്.
യഥാര്‍ഥ പെര്‍ഫോമെന്‍സ് കാറുകള്‍ക്കൊപ്പം നില്ക്കുന്ന തരത്തിലാണ് അകത്തളത്തിന്റെ രൂപകല്‍പ്പന. കുത്തനെ ക്രമീകരിച്ചിരിക്കുന്ന ഇന്ഫൊടെയിന്മെന്റ് സിസ്റ്റം ഉള്‍പ്പടെ മൂന്ന് സ്ക്രീനുകളാണ് ഡാഷ് ബോര്‍ഡിലുള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, വയര്‍ലെസ് ചാര്‍ജിങ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, വെന്റിലേറ്റഡ് സീറ്റുകള്‍, ബോസിന്റെ പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവ ഉള്‍പ്പടെ നിരവധി ഫീച്ചറുകളാണ് സൈബര്‍സ്റ്ററില്‍ എംജി നല്‍കിയിരിക്കുന്നത്.
Content Highlights: The MG Cyberster electric sports car is a hit in the Indian market, praised for its performance and striking design. Discover its features, pricing, and sales success.