വാഹനത്തിനുള്ളില്‍ ഇനി ശുദ്ധവായു; എല്ലാ മോഡലുകളിലും എയര്‍ പ്യൂരിഫയര്‍ സംവിധാനം നല്‍കി എംജി മോട്ടോഴ്‌സ്

ഹെക്ടര്‍ എന്ന എസ്‌യുവിയുമായാണ് എംജി മോട്ടോഴ്‌സ് ഇന്ത്യന്‍ നിരത്തുകളില്‍ പ്രവേശിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഇന്റര്‍നെറ്റ് എസ്‌യുവി എന്ന ഖ്യാതിയോടെയാണ് ഈ വാഹനം എത്തിയത്. ഹെക്ടറിന് പിന്നാലെ ഒന്നിന് പിറകെ ഒന്നായി എത്തിയ എംജിയുടെ ഓരോ മോഡലുകള്‍ക്കും ഓരോ സവിശേഷതകള്‍ അവകാശപ്പെടാനുണ്ടായിരുന്നു. ഫീച്ചറുകളില്‍ ഇന്നും ഇന്ത്യക്കാരെ ഞെട്ടിക്കുന്ന എംജി മോട്ടോഴ്‌സ് വര്‍ധിച്ചുവരുന്ന വായു മലിനീകരണത്തെ പ്രതിരോധിക്കാനുള്ള ഫീച്ചറും വാഹനങ്ങളില്‍ നല്‍കിയിരിക്കുകയാണ്.
എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എല്ലാ മോഡലുകളിലും എയര്‍ പ്യൂരിഫയര്‍ നല്‍കിയതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. വാഹനത്തിന്റെ ക്യാബിന്‍ എയര്‍ ക്വാളിറ്റി വര്‍ധിപ്പിക്കുന്നതിനായി പിഎം 2.5 എയര്‍ ഫില്‍റ്ററുകളാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിന്റെ വാഹന നിരയിലെ എല്ലാ മോഡലുകളിലും നല്‍കിയിരിക്കുന്നത്. ഉത്സവ സീസണിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ ഉയര്‍ന്ന വായു മലിനീകരണ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഈ ഫീച്ചര്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആസ്റ്റര്‍, ഗ്ലോസ്റ്റര്‍ എന്നീ മോഡലുകള്‍ക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളായ കോമറ്റ്, ഇസഡ്എസ് ഇവി, വിന്‍ഡ്‌സര്‍ എന്നിവയിലും എയര്‍ പ്യൂരിഫയര്‍ സ്ഥാനം പിടിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഹെക്ടര്‍ എസ്‌യുവിയില്‍ എക്യുഐ ഡിസ്‌പ്ലേ സംവിധാനം ഉള്‍പ്പെടെയുള്ള എയര്‍ പ്യൂരിഫയര്‍ മുമ്പ് തന്നെ എംജി നല്‍കിയിരുന്നു. എംജി മോഡലുകളിലെ എല്ലാ വേരിയന്റുകളിലും അടിസ്ഥാന ഫീച്ചറായാണ് എയര്‍ പ്യൂരിഫയര്‍ നല്‍കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ഏറ്റവും മികച്ച എയര്‍ പ്യൂരിഫയര്‍ സംവിധാനമായിരുന്നു ഹെക്ടറില്‍ നല്‍കിയിരുന്നത്. മലിനമായ വായു, ദുര്‍ഗന്ധം എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്ന ആക്ടിവേറ്റഡ് കാര്‍ബണ്‍ ഫില്‍ട്ടര്‍ സംവിധാനമായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതിലുണ്ടായിരുന്ന എക്യുഐ ഡിസ്‌പ്ലേയിലൂടെ വാഹനത്തിനുള്ളിലെ എയര്‍ ക്വാളിറ്റിയും ഫില്‍ട്ടര്‍ പ്രോസ്സസും യാത്രക്കാര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നു.
2.5 മൈക്രോണില്‍ കുറവുള്ള സൂക്ഷ്മ കണങ്ങളെയാണ് പിഎം 2.5 എന്ന് പറയുന്നത്. ഇവ ശ്വസിക്കുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പൊടിപടലങ്ങള്‍, പുക, ബാക്ടീരിയ തുടങ്ങിയവയില്‍ നിന്ന് 95 ശതമാനം വരെ പ്രതിരോധം തീര്‍ക്കാന്‍ പിഎം 2.5 ഫില്‍ട്ടറുകള്‍ക്ക് സാധിക്കുമെന്നാണ് എംജി മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. ഇന്ത്യയിലെ മറ്റ് മുന്‍നിര വാഹന നിര്‍മാതാക്കളും ഏതാനും മോഡലുകളില്‍ എയര്‍ പ്യൂരിഫയര്‍ സംവിധാനം നല്‍കുന്നുണ്ട്.
Content Highlights: MG Motors now equips all its car models with advanced PM 2.5 air purifiers to combat rising air pollution. Experience cleaner cabin air quality in your MG.