ഇന്ത്യയിലെ വിവിധ മോഡലുകൾ തിരിച്ചുവിളിച്ച് മെഴ്‌സിഡീസ്

GLC/PHOTO:mercedes-benz
GLC/PHOTO:mercedes-benz

ആഡംബര വാഹനങ്ങളിലെ അതികായരായ മെഴ്‌സിഡീസ് ബെൻസ് ഇന്ത്യൻ നിരത്തിലുള്ള വിവിധ മോഡലുകൾ തിരിച്ചുവിളിച്ചെന്ന് റിപ്പോർട്ട്. EQS സെഡാൻ, GLC, AMG SL 55, S-ക്ലാസ് മോഡലുകളാണ് തീപ്പിടുത്ത സാധ്യതയെത്തുടർന്ന് തിരിച്ചുവിളിക്കാൻ കമ്പനി തയ്യാറായത് എന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ടു ചെയ്തു. 

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) പ്രകാരം ആകെ 30 യൂണിറ്റുകളെയാണ് തകരാർ ബാധിച്ചത്. ഈ വർഷം ഇത് ആറാം തവണയാണ് മെഴ്‌സിഡീസ് തങ്ങളുടെ വാഹനങ്ങൾ തിരികെവിളിക്കുന്നത്. ഈ ആഴ്ച മാത്രം ഏകദേശം 93,000 മെഴ്‌സിഡീസ് മോഡലുകൾ യുഎസിൽ തിരിച്ചുവിളിച്ചെന്നാണ് റിപ്പോർട്ട്. 

SIAM-ന്റെ വെബ്സൈറ്റിൽ പറയുന്നതിങ്ങനെ: 

വാഹനത്തിൽ ഫ്യൂസ് ബോക്സുകൾ ശരിയായി പുനഃക്രമീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി, ഫ്യൂസുമായി ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനങ്ങൾ തകരാറിലായേക്കാം. യാതൊരു മുന്നറിയിപ്പും കൂടാതെ വാഹനം നിന്നുപോകാം. 

കൂടാതെ എയർബാ​ഗ് ഉൾപ്പടെയുള്ള റെസ്‌ട്രെയിന്റ് ഫങ്ഷനുകളോ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററോ തകരാറിലായേക്കാം. ഇത് കൂട്ടിയിടിയുടേയും പരിക്കുകളുടെയും സാധ്യത വർധിപ്പിക്കുന്നു. അത്തരം പ്രത്യേക സാഹചര്യങ്ങളിൽ വാഹനത്തിൽ താപ സംബന്ധമായ അപകടമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

ഈ പ്രശ്നം ആകെ 16 EQS സെഡാനുകളെയാണ് ബാധിച്ചത്. ഒൻപത് S-ക്ലാസ് (മേബാക്ക് ഉൾപ്പെടെ), മൂന്ന് GLC-കൾ, രണ്ട് AMG SL-കൾ എന്നിവയിലും തകരാർ കണ്ടെത്തി. പതിവുപോലെ, തകരാർ സംഭവിച്ച വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് നിശ്ചയിച്ചശേഷം പ്രശ്നം സൗജന്യമായി മെഴ്‌സിഡീസ് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.സമാനമായ തീപിടുത്ത സാധ്യതയെ തുടർന്ന് ഈ വർഷം മാർച്ച് 12, 29 തീയതികളിലും വാഹനങ്ങൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു.  

Content Highlights: Mercedes recalls different modes India over fire risk