ബെന്‍സ് എസ് ക്ലാസിലെ ഏറ്റവും കരുത്തന്‍; എ.എം.ജി.എസ്63 ഇ പെര്‍ഫോമെന്‍സ് പുറത്തിറക്കി മെഴ്‌സിഡീസ്

ഇന്ത്യയിലെ വാഹനപ്രേമികള്‍ എന്നും കൊതിയോടെ നോക്കിനില്‍ക്കുന്ന മോഡലുകളാണ് മെഴ്‌സിഡീസില്‍ നിന്ന് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഇതില്‍ തന്നെ വല്ലപ്പോഴും മാത്രം കാണുന്നവയാണ് മെയ്ബ മോഡലുകള്‍. ഇന്ത്യന്‍ നിരത്തുകളില്‍ സെലിബ്രിറ്റി സ്റ്റാസ്റ്റസ് സ്വന്തമാക്കിയിട്ടുള്ള മെയ്ബ ജി.എല്‍.എസ്.600-ന്റെ പുതിയ പതിപ്പ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിനൊപ്പം തന്നെ വിപണിയില്‍ എത്തിയ മറ്റൊരു കരുത്തന്‍ മോഡലാണ് എ.എം.ജി.എസ്63 ഇ എന്ന പെര്‍ഫോമെന്‍സ് വാഹനം.
മെഴ്‌സിഡീസിന്റെ എസ് ക്ലാസ് ശ്രേണിയിലെ ഏറ്റവും കരുത്തന്‍ മോഡലാണെന്നാണ് എ.എം.ജി. എസ് 63 ഇ പെര്‍ഫോമെന്‍സ് മോഡലിനെ വിശേഷിപ്പിക്കുന്നത്. സ്റ്റാന്റേഡ് എസ് ക്ലാസിന് ഡിസൈന്‍ ഏതാനും മാറ്റങ്ങള്‍ വരുത്തിയാണ് എ.എം.ജി. ഭാവം നല്‍കിയിരിക്കുന്നത്. മെഴ്‌സിഡീസിന്റെ പനമേരിക്കാന ഗ്രില്ലും സിഗ്നേച്ചര്‍ ലോഗോയുമാണ് വാഹനത്തിന് ലുക്കില്‍ ആഡംബര ഭാവം നല്‍കുന്നത്. വലിയ എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയിട്ടുള്ള സ്‌പോര്‍ട്ടി ബമ്പറും കാഴ്ചയില്‍ പെര്‍ഫോമെന്‍സ് വാഹനങ്ങളുടെ ഭാവം നല്‍കുന്നുണ്ട്.
എ.എം.ജി. മോഡലുകള്‍ക്കായി മാത്രം ഒരുങ്ങിയിട്ടുള്ള റിയര്‍ ഡിഫ്യൂസര്‍, എ.എം.ജി. ക്വാഡ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍, സ്റ്റാന്റേഡ് ഫീച്ചറായി നല്‍കുന്ന 20 ഇഞ്ച് വലിപ്പമുള്ള 10 സ്‌പോക്ക് അലോയി വീലും ഓപ്ഷണലായ നല്‍കുന്ന 21 ഇഞ്ച് അലോയി വീലും വാഹനത്തിന്റെ സ്‌പോര്‍ട്ടി ഭാവം വര്‍ധിപ്പിക്കുന്നുണ്ട്. നൈറ്റ് എക്സ്റ്റീരിയര്‍, കാര്‍ബണ്‍ ഫൈബര്‍ പാക്കേജുകളും ഈ വാഹനത്തില്‍ ഓപ്ഷണലായി നല്‍കാനുള്ള ഓപ്ഷനും നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്.
അപ്‌ഡേറ്റ് ചെയ്ത MBUX സോഫ്റ്റ്‌വെയറാണ് ഈ വാഹനത്തില്‍ സാങ്കേതികമായി വരുത്തിയിട്ടുള്ള ഏറ്റവും വലിയ മാറ്റം. എ.എം.ജി, ഹൈബ്രിഡ് ഡിസ്‌പ്ലേ, സൂപ്പര്‍ സ്‌പോട്ട് തീം എന്നിവയും ഇന്റീരിയറിലെ ഹൈലൈറ്റാണ്. എ.എം.ജി. സ്റ്റിയറിങ്ങ് വീല്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങ്, 12.8 ഇഞ്ച് വലിപ്പമുള്ള OLED ടച്ച് സ്‌ക്രീന്‍, പിന്‍നിരയിലെ ലോഞ്ച് ടൈപ്പ് സീറ്റ്, എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ തുടങ്ങിയവയും ഇന്റീരിയറിന് ആഡംബരമേകുന്നുണ്ട്.
4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനൊപ്പം പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനവും നല്‍കിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 13 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും, റിയര്‍ ആക്‌സിലില്‍ ഘടിപ്പിച്ചിട്ടുള്ള 190 എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമാണ് ഹൈബ്രിഡ് സംവിധാനത്തില്‍ നല്‍കിയിട്ടുള്ളത്. എന്‍ജിനൊപ്പം ഈ പവറും കൂടി ചേരുന്നതോടെ 802 ബി.എച്ച്.പിയാണ് ഈ വാഹനത്തിന്റെ കരുത്ത്. 1430 എന്‍.എം. ടോര്‍ക്കും എന്‍ജിന്‍ നല്‍കും.
ഫോര്‍മാറ്റിക് സംവിധാനത്തിനൊപ്പം ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. റേസ് സ്റ്റാര്‍ട്ട് ഫങ്ഷനും ഈ വാഹനത്തിലുണ്ട്. കേവലം 3.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷി ഈ എ.എം.ജിക്കുണ്ട്. ഇലക്ട്രിക് മോഡില്‍ 33 കിലോമീറ്റര്‍ റേഞ്ചിനൊപ്പം പരമാവധി 125 കിലോമീറ്റര്‍ വേഗവുമെടുക്കാനാകും. എട്ട് ഡ്രൈവ് മോഡുകളും നല്‍കിയാണ് എ.എം.ജി.എസ്63 ഇ പെര്‍ഫോമെന്‍സ് എത്തിയിട്ടുള്ളത്.
Content Highlights: Mercedes Launch Benz AMG S 63 E Performance In India