ഡീസലിന്റെ തിരിച്ചുവരവ് കൂടുതല്‍ കരുത്തോടെ; ജി-വാഗണ്‍ നിരയില്‍ G450d-ക്ക് റോയല്‍ എന്‍ട്രി

മെഴ്‌സിഡീസ് ബെന്‍സ് ജി-വാഗണ്‍ നിരയിലേക്ക് ഡീസല്‍ എന്‍ജിന്‍ മോഡല്‍ തിരിച്ചെത്തിച്ച് നിര്‍മാതാക്കള്‍. മെഴ്‌സിഡീസ് G450d എന്ന മോഡലാണ് ജി-ക്ലാസ് നിരയിലേക്ക് ഡീസല്‍ എന്‍ജിനുമായി എത്തിയിരിക്കുന്നത്. ഈ മോഡലിന്റെ വരവോടെ ജി-വാഗണ്‍ ശ്രേണിയില്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് കരുത്തുകളിലെ വാഹനങ്ങളാണ് നിരന്നിരിക്കുന്നത്. G450d മോഡലിന്റെ 50 യൂണിറ്റുകള്‍ മാത്രമായിരിക്കും ഈ വര്‍ഷം ഇന്ത്യയില്‍ എത്തുകയെന്നാണ് മെഴ്‌സിഡീസ് അറിയിച്ചിരിക്കുന്നത്.
ജി-ക്ലാസിലെ ഡീസല്‍ എന്‍ജിന്‍ മോഡലായ G 450d മോഡലിന് 2.9 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അതായത് ഈ വാഹനത്തിന്റെ ഇലക്ട്രിക് മോഡലായ G 580 വിത്ത് EQ ടെക്‌നോളജിയേക്കാള്‍ 20 ലക്ഷം രൂപ കുറവാണ് ഡീസല്‍ പതിപ്പിനെന്ന് സാരം. ഈ വാഹനത്തിനൊപ്പം തന്നെ ഇന്ത്യയില്‍ എത്തിയിരിക്കുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 ട്രോഫി എഡിഷന്‍ തന്നെയാണ് G 450d മോഡലിന്റെ സുപ്രധാന എതിരാളി. 1.30 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില.
G 300d, G 400d എന്നീ മുന്‍ഗാമികളെക്കാള്‍ കരുത്തനായാണ് G 450d മോഡല്‍ എത്തിയിരിക്കുന്നത്. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ടര്‍ബോര്‍ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. 367 എച്ച്പി പവറും 750 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തിന്റെ വകയായും 20 എച്ച്പി പവര്‍ ഈ വാഹനത്തില്‍ ലഭിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
ഓഫ് റോഡ് കാര്യശേഷിയിലും ഏറെ മുന്നിലാണ് G 450d എസ്‌യുവി. 241 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 700 എംഎം വാട്ടര്‍ വേഡിങ് കപ്പാസിറ്റി, 31 ഡിഗ്രി അപ്രോച്ച് ആംഗിള്‍, 26 ഡിഗ്രി ബ്രേക്ക് ഓവര്‍ ആംഗിള്‍, 30 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ എന്നിങ്ങനെയും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. 35 ഡിഗ്രി വരെ ചരിവിലും ഈ വാഹനം ഓടിക്കാന്‍ സാധിക്കും. 210 കിലോമീറ്റര്‍ വരെ വേഗതയെടുക്കാന്‍ സാധിക്കുന്ന ഈ വാഹനം 5.8 സെക്കൻഡിൽ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യന്‍ നിരത്തുകളില്‍ സജീവ സാന്നിധ്യമായിരുന്ന G 400d-ക്ക് സമാനമായ രൂപത്തിലാണ് G450d-യും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗ്രില്ലില്‍ ക്രോം ആവരണത്തോടെ നല്‍കിയിട്ടുള്ള ഹൊറിസോണ്ടല്‍ സ്ലാറ്റുകള്‍, 20 ഇഞ്ച് എഎംജി അലോയി വീലുകള്‍, ചെറിയ രൂപമാറ്റം നല്‍കിയിട്ടുള്ള മുന്നിലേയും പിന്നിലേയും ബമ്പറുകള്‍ എന്നിവയാണ് എക്സ്റ്റീരിയറില്‍ വരുത്തിയിട്ടുള്ള പ്രധാന മാറ്റങ്ങള്‍. ബാക്കി ഡിസൈനുകള്‍ മറ്റ് ജി-വാഗണുകളുമായി പങ്കിടുന്നവയാണ്.
മെഴ്‌സിഡീസിന്റെ പുതിയ MBUX NTG7 സോഫ്റ്റ്‌വെയര്‍ പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമാണ് ഇന്റീരിയറിലുള്ളത്. ഓഫ് റോഡിന് സഹായിക്കുന്ന ട്രാന്‍സ്പരന്റ് ബോണറ്റ് ഫങ്ഷനോട് കൂടിയ ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷന്‍ ഫങ്ഷന്‍ തുടങ്ങിയവ ഈ വാഹനത്തിലെ സാങ്കേതിക മികവിനെ സാക്ഷ്യപ്പെടുത്തുന്നു. നാപ്പ ലെതര്‍ അപ്‌ഹോള്‍സ്ട്രി, ആംബിയന്റ് ലൈറ്റിങ്, ഡോള്‍ബി അറ്റ്‌മോസ് ബെര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളും സുരക്ഷ ഉറപ്പാക്കാന്‍ അഡാസ് സ്യൂട്ടും ഇതിലുണ്ട്.
Content Highlights: Mercedes-Benz reintroduces the G-Wagon with the new G450d diesel model. Featuring a powerful 3.0L engine and advanced tech, it rivals the Land Rover Defender 110. Limited units available.