മാരുതി പോലും ഞെട്ടുന്ന ഐഡിയ, എസ്-പ്രെസോ വാങ്ങി ബഗ്ഗിയാക്കി, 5 ലക്ഷത്തിന്റെ കാര്‍ ഇപ്പോള്‍ വി.ഐ.പി.

ഇന്ത്യയിലെ മൈക്രോ എസ്.യു.വി. ശ്രേണിയില്‍ മാരുതി സുസുക്കിയുടെ സംഭാവനയാണ് എസ്-പ്രെസോ. കുടുംബ ഉപയോക്താക്കളുടെ പ്രധാന ചോയിസായ ഈ വാഹനം വില്‍പ്പനയിലും മാരുതിക്ക് വലിയ നേട്ടം സമ്മാനിച്ചിട്ടുണ്ട്. താരതമ്യേന മോഡിഫിക്കേഷനുള്ള സാധ്യത കുറവുള്ള ഈ വാഹനത്തെ ഇന്ത്യക്കാര്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത രൂപത്തില്‍ മാറ്റിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ബാലിയിലെ ഒരു ഹോട്ടല്‍ ഗ്രൂപ്പ്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഹോട്ടലില്‍ എത്തുന്ന ടൂറിസ്റ്റുകളുടെയും മറ്റ് അഥിതികളുടെയും യാത്രകള്‍ക്കായി മാരുതി സുസുക്കി എസ്-പ്രെസോയെ ഒരു ബഗ്ഗി കാറിന്റെ രൂപത്തിലേക്ക് മാറ്റിയിരിക്കുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഡിസൈന്‍ മികവ് വരുത്തുന്നതിനെക്കാള്‍ ഉപരിയായി വാഹനം കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിനായാണ് ഈ മോടിപിടിപ്പിക്കല്‍ എന്നതാണ് ശ്രദ്ധേയം. വാഹനത്തില്‍ വരുത്തിയ ചെറിയ അഴിച്ചുപണികളോടെ യഥാര്‍ഥ ബഗ്ഗിയുടെ രൂപത്തിലേക്ക് എസ്-പ്രെസോയെ മാറ്റാന്‍ കഴിഞ്ഞെന്നതാണ് ശ്രദ്ധേയം.
എസ്-പ്രസോയെ ബഗ്ഗിയാക്കി രൂപമാറ്റം വരുത്തിയതിന് പിന്നില്‍ വലിയ അധ്വനമാണ് വേണ്ടിവന്നിട്ടുള്ളത്. പില്ലറുകള്‍ ഒഴിവാക്കിയതിനൊപ്പം റൂഫും നീക്കുകയാണ് ആദ്യഘട്ടമായി ചെയ്തത്. വിന്‍ഡ് ഫീല്‍ഡും ഫ്രെയിമും മാറ്റി കൂടുതല്‍ വലിപ്പമുള്ളത് ഫീറ്റ് ചെയ്തിട്ടുണ്ട്. മുന്നിലേക്കും പിന്നിലേക്കും നീണ്ടുനില്‍ക്കുന്ന എക്‌സ്റ്റെന്‍ഡഡ് റൂഫാണ് ബഗ്ഗിയാക്കാനായി നല്‍കിയിരിക്കുന്നത്. ബൂട്ടിലെ ഉള്‍പ്പെയുള്ള ഡോറുകളെല്ലാം നീക്കി സപ്പോര്‍ട്ട് ബാറുകളാണ് നല്‍കിയിരിക്കുന്നത്.
ഡോറുകള്‍ക്കും വിന്‍ഡോ ഗ്ലാസുകളുടെയും സ്ഥാനത്ത് സോഫ്റ്റ് ടോപ്പ് വാഹനങ്ങളില്‍ നല്‍കുന്നതിന് സമാനമായ പടുതയാണ് ഫീറ്റ് ചെയ്തിരിക്കുന്നത്. സീറ്റുകള്‍ കാറിലേത് തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. മുന്നിലെ ബോണറ്റ്, ഹെഡ്‌ലാമ്പ്, ഗ്രില്ല്, ബമ്പര്‍ തുടങ്ങിയവയില്‍ മാറ്റം വരുത്തിയിട്ടില്ല. എസ്-പ്രെസോയുടെ അലോയി വീല്‍ തന്നെയാണ് ബഗ്ഗിയിലും ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിന് റെഗുലര്‍ ബഗ്ഗിയേക്കാള്‍ ഉയരമുള്ളതിനാല്‍ തന്നെ ഫുട്ട് സ്റ്റെപ്പുകളും നല്‍കിയിരിക്കുന്നത് ചിത്രത്തില്‍ കാണാം.
മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ വാഹനങ്ങളില്‍ ഒന്നായി കണക്കാക്കുന്ന മോഡലാണ് എസ്-പ്രെസോ. 1.0 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ വി.വി.ടി. എന്‍ജിനാണ് ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 66 ബി.എച്ച്.പി. പവറും 89 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ ഓട്ടോമാറ്റിക് പതിപ്പ് 25.30 കിലോമീറ്ററും മാനുവല്‍ മോഡലിന് 24.76 കിലോമീറ്ററും മൈലേജാണ് മാരുതി ഉറപ്പുനല്‍കുന്നത്.
മാരുതിയുടെ വാഗണ്‍ആര്‍, സെലേറിയോ തുടങ്ങിയ മോഡലുകള്‍ക്ക് അടിസ്ഥാനമൊരിക്കുന്ന ഹാര്‍ട്ട്ടെക്ട് പ്ലാറ്റ്ഫോമിലാണ് എസ്-പ്രെസോയും ഒരുങ്ങിയിട്ടുള്ളത്. മൈക്രോ എസ്.യു.വി. ശ്രേണയില്‍ എത്തിയിരിക്കുന്നതിനാല്‍ തന്നെ മികച്ച ലെഗ് സ്പേസ് ഉള്‍പ്പെടെ ഉറപ്പാക്കിയാണ് മാരുതി സുസുക്കി ഈ വാഹനം എത്തിച്ചിരിക്കുന്നത്. 3565 എം.എം. നീളവും 1567 എം.എം. ഉയരവും 1520 എം.എം. വീതിയുമാണ് ഈ വാഹനത്തിനുള്ളത്. 11-ഓളെ സുരക്ഷ ഫീച്ചറുകളും എസ്-പ്രെസോയുടെ ഹൈലൈറ്റായിരുന്നു.
Content Highlights: Maruti Suzuki S-Presso Transformed Into a Buggy car