ഡിസയർ മാത്രമല്ല ഇനി ഫ്രോങ്‌സും സുരക്ഷയില്‍ സൂപ്പറാണ്; സേഫ്റ്റി ക്ലാസിലേക്ക് മാരുതിയുടെ ഗിയര്‍മാറ്റം

മൈലേജ് മുഖ്യം എന്നതായിരുന്നു മാരുതിയുടെ പൊതുനയം. എതിരാളികള്‍ മൈലേജില്‍ ഒപ്പംപിടിക്കാനാവില്ലെന്ന് കണ്ട് മികച്ച സുരക്ഷയിലേക്ക് ഗിയര്‍ മാറ്റി വില്‍പന കൂട്ടാന്‍ നോക്കുന്നു. അതോടെ മൈലേജ് മാത്രമല്ല സുരക്ഷയിലും വിട്ടുവീഴ്ചയ്ക്കില്ല എന്ന ട്രെന്‍ഡിലേക്ക് മാരുതിയും ചുവടുമാറ്റി. ഡിസയര്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങുമായി കരുത്ത് തെളിയിച്ചത് ഒരു തുടക്കമായിരുന്നു. ഇപ്പോഴിതാ മാരുതി സുസുക്കിയുടെ ഹോട്ട് സെല്ലിങ് ക്രോസ് ഓവര്‍ മോഡലായ ഫ്രോങ്‌സും ഇടിപരീക്ഷയില്‍ മുന്നിലെത്തി. ഫുള്‍ മാര്‍ക്ക് നേടാനായില്ലെങ്കിലും അഞ്ചില്‍ നാല് സ്റ്റാറിന്റെ പിന്‍ബലത്തോടെയാണ് പരീക്ഷയെ അതിജീവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച് ജപ്പാനില്‍ എത്തിക്കുന്ന ഫ്രോങ്‌സിലായിരുന്നു സുരക്ഷ പരീക്ഷ. ജപ്പാന്‍ എന്‍ക്യാപ് ആണ് ഈ വാഹനം ക്രാഷ് ടെസ്റ്റിന് ഇറക്കിയത്. കാര്യക്ഷമമായ സുരക്ഷയാണ് ഈ വാഹനം ഉറപ്പാക്കുന്നതെന്നാണ് ഇവര്‍ സാക്ഷപ്പെടുത്തിയത്.
വാഹനത്തിന്റെ ആകെ സുരക്ഷയില്‍ 193.8 പോയിന്റില്‍ 163.75 പോയിന്റാണ് ഫ്രോങ്‌സിന് ലഭിച്ചിരിക്കുന്നത്. അതായത് 84 ശതമാനം മാര്‍ക്കോടെയാണ് സുരക്ഷ പരീക്ഷയില്‍ വിജയിച്ചിരിക്കുന്നത്. വാഹനത്തിന്റെ പ്രതിരോധ സുരക്ഷ, സേഫ്റ്റി പെര്‍ഫോമെന്‍സ് എന്നിവയില്‍ യഥാക്രമം 85-ല്‍ 79.42 പോയിന്റും 100-ല്‍ 76.33 പോയിന്റും നേടി. ഓട്ടോമാറ്റിക് എമര്‍ജന്‍സി കോള്‍ സിസ്റ്റം എട്ടില്‍ എട്ട് പോയിന്റും നേടിയിട്ടുണ്ട്. അതായത് 100 ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചിരിക്കുന്നത്.
ജപ്പാനില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന ഫ്രോങ്‌സ് ഇന്ത്യയില്‍ ആണ് നിര്‍മിക്കുന്നതെങ്കിലും ഇതില്‍ അഡാസ് ലെവല്‍ 2 സംവിധാനവും ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും നല്‍കുന്നുണ്ട്. മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള ഇംപാക്ടുകളിലെല്ലാം വാഹനത്തിനുള്ളിലെ യാത്രക്കാര്‍ക്ക് കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നാണ് വിവരം. വശങ്ങളില്‍ നിന്നുള്ള ഇംപാക്ട് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്. കാല്‍നട യാത്രക്കാര്‍ക്കുള്ള സുരക്ഷയിലാണ് താരതമ്യേന കുറവുള്ളത്.
ഇന്ത്യയില്‍ 1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളിലാണ് ഫ്രോങ്സ് എത്തുന്നതെങ്കില്‍ വിദേശത്തേക്ക് പറക്കുന്ന ഫ്രോങ്സില്‍ 1.5 ലിറ്റര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇന്ത്യയില്‍ മാരുതിയുടെ ബ്രെസ, എര്‍ട്ടിഗ, ജിമ്നി തുടങ്ങിയ മോഡലുകളിലാണ് ഈ എന്‍ജിന്‍ നല്‍കുന്നത്. ഇതിനൊപ്പം മാരുതി സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ജപ്പാന്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് എത്തിക്കുന്ന ഫ്രോങ്സില്‍ നല്‍കുന്നുണ്ട്.
ഇന്ത്യയില്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലായാണ് ഫ്രോങ്സ് എത്തുന്നതെങ്കില്‍ ജപ്പാനില്‍ എത്തുന്ന ഈ വാഹനം ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലാണെന്നതാണ് അടുത്ത പ്രത്യേകത. ജപ്പാനിലേക്കുള്ള ഫ്രോങ്സ് മോഡലുകള്‍ ഗുജറാത്തിലെ സുസുക്കി മോട്ടോര്‍ ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍, അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഓട്ടോമാറ്റിക് വേരിയന്റില്‍ പാഡില്‍ ഷിഫ്റ്റ് സംവിധാനവും നല്‍കുന്നുണ്ട്.
ജപ്പാനില്‍ എത്തിക്കുന്നതിനായി ഒരുങ്ങുന്ന ഫ്രോങ്സ് ഇന്ത്യന്‍ പതിപ്പിനെക്കാള്‍ സുരക്ഷിതമാണെന്നതും ശ്രദ്ധേയമാണ്. അഡാസ് ഫീച്ചര്‍ നല്‍കിയാണ് കയറ്റുമതി ചെയ്യുന്നതിനുള്ള ഫ്രോങ്സ് ഒരുങ്ങുന്നത്. ലെയ്ല്‍ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ഫ്രണ്ട് പാര്‍ക്കിങ്ങ് സെന്‍സറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഹില്‍ ഹോള്‍ഡ്, ഓട്ടോമാറ്റിക് ക്രൂയിസ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റ് തുടങ്ങിയ നീളുന്നതാണ് ജാപ്പനീസ് മോഡല്‍ ഫ്രോങ്സില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍.
Content Highlights: Maruti Suzuki Fronx Achieves 4-Star Safety Rating in Japan-Demanding Crash Tests